രാഹുലിന്‍റെ കാര്യത്തില്‍ സസ്പെന്‍സ്; ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

രാഹുലിന്‍റെ കാര്യത്തില്‍ സസ്പെന്‍സ്; ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

സ്വന്തം ലേഖകൻ

മുംബൈ: ഒക്ടോബറില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുട 15 അംഗ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് ഒന്നരക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കാറാവും ടീമിനെ പ്രഖ്യാപിക്കുക.ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അഗാര്‍ക്കര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് ശേഷമാണ് രോഹിത്തുമായി അഗാര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തിയത്.

ഏഷ്യാ കപ്പ് ടീമിലുള്ള മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പിനായി സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 15 അംഗ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിക്കുള്ള കെ എല്‍ രാഹുല്‍ കായികക്ഷമത വീണ്ടെടുത്തതിനാല്‍ 15 അംഗ ടീമിലുണ്ടെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍ രാഹുലിന്‍റെ ഫിറ്റ്നെസിന്‍റെ കാര്യത്തില്‍ ഉറപ്പു ലഭിക്കാനായാണ് ടീം പ്രഖ്യാപനം അവസാന ദിവസത്തിലേക്ക് സെലക്ടര്‍മാര്‍ നീട്ടിയത് എന്നതിനാല്‍ രാഹുലിന്‍റെ കാര്യത്തില്‍ ഇപ്പോഴും സസ്പെന്‍സ് നിലനില്‍ക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാറ്റിംഗിന്‍റെ കാര്യത്തില്‍ രാഹുലിന് പ്രശ്നങ്ങളില്ലെങ്കിലും 50 ഓവറും വിക്കറ്റ് കീപ്പറായി നില്‍ക്കാനാകുമോ എന്നാണ് പ്രധാന ആശങ്ക.ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘവുമായി ചര്‍ച്ച ചെയ്തശേഷമാകും രാഹുലിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തുക.ഏഷ്യാ കപ്പ് ടീമിലെ ട്രാവലിംഗ് സ്റ്റാന്‍ഡ് ബൈ ആയ സഞ്ജുവിന് പുറമെ ഏഷ്യാ കപ്പ് ടീമിലുള്ള യുവതാരം തിലക് വര്‍മ, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, പ്രസിദ്ധ് കൃഷ്ണയോ ,ശാര്‍ദ്ദുല്‍ താക്കൂറോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശ്യക്കുഴപ്പമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏകദിനങ്ങളില്‍ അത്ര നല്ല റെക്കോര്‍ഡല്ലെങ്കിലും സൂര്യകുമാര്‍ യാദവും ലോകകപ്പ് ടീമിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇഷാന്‍ കിഷനും കെ എല്‍ രാഹുലും വിക്കറ്റ് കീപ്പര്‍മാരാകുന്ന ടീമില്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ അക്സര്‍ പട്ടേല്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരുണ്ടാകുമെന്നാണ് സൂചന. ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കാന്‍ ഐസിസി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും.