play-sharp-fill
മികച്ച ബൗളിംഗ് പ്രകടനം ; വനിതകളുടെ ടി 20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ ; 6 വിക്കറ്റ് ജയം

മികച്ച ബൗളിംഗ് പ്രകടനം ; വനിതകളുടെ ടി 20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ ; 6 വിക്കറ്റ് ജയം

സ്വന്തം ലേഖകൻ

ദുബായ്: വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 6 വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ പാകിസ്ഥാനെ 105 എന്ന ചെറിയ സ്‌കോറിന് ഒതുക്കിയ ഇന്ത്യ 18.5 ഓവറുകളില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഒരുമിച്ച് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടുവെന്ന പ്രത്യേകതയുമുണ്ട് ഇന്നത്തെ മത്സരത്തിന്. ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 58 റണ്‍സിന് ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വളരെ ശ്രദ്ധയോടെയാണ് ബാറ്റ് ചെയ്തത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സൂപ്പര്‍ താരം സ്മൃതി മന്ദാനയ്ക്ക് തിളങ്ങാനായില്ല. 16 പന്തുകളില്‍ നിന്ന് വെറും ഏഴ് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. രണ്ടാം വിക്കറ്റില്‍ ഷഫാലി വര്‍മ 32(35) – ജമീമ റോഡ്രിഗ്‌സ് 23(28) സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു.

റിച്ച ഗോഷ് 0(1) നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 29*(24) ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സ്റ്റംപിങ്ങില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഹര്‍മന്‍പ്രീത് പരിക്കേറ്റ് മടങ്ങിയപ്പോള്‍ പകരമെത്തിയ മലയാളി താരം സജന സജീവന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു.

ദീപ്തി ശര്‍മ്മയും പുറത്താകാതെ നിന്നു.നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റും, മലയാളി താരം ആശ ശോഭന, ദീപ്തി ശര്‍മ്മ, രേണുക സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 34പന്തില്‍ 28റണ്‍സ് എടുത്ത നിത ദാര്‍ മാത്രമാണ് പാക് നിരയില്‍ പൊരുതി നിന്നത്.