play-sharp-fill
രക്ഷകനായി ശ്രീജേഷ്; ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡലിൽ മുത്തമിട്ട് ടീം ഇന്ത്യ

രക്ഷകനായി ശ്രീജേഷ്; ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡലിൽ മുത്തമിട്ട് ടീം ഇന്ത്യ

സ്വന്തം ലേഖകൻ

ടോക്യോ: ആവേശ പൂർണമായ മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീം നാലു പതിറ്റാണ്ടിനുശേഷം ഒളിമ്പിക് വെങ്കല മെഡലിൽ മുത്തമിട്ടു. ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയത്.

അവസാന നിമിഷം മലയാളിതാരം പി.ശ്രീജേഷ് ഇന്ത്യയുടെ രക്ഷകനായി എന്ന് നിസംശയം പറയാം. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജര്‍മനിയ്ക്കായി ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു.

മത്സരം തുടങ്ങിയപ്പോള്‍ ജര്‍മനിയാണ് ആധിപത്യം പുലര്‍ത്തിയത്. ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവ് കണ്ടെത്തി ജര്‍മനി രണ്ടാം മിനിട്ടില്‍ തന്നെ മത്സരത്തില്‍ ലീഡെടുത്തു.

ടിമര്‍ ഓറസാണ് ജര്‍മനിയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ആദ്യം തന്നെ ലീഡ് വഴങ്ങിയതോടെ ഇന്ത്യന്‍ മുന്നേറ്റനിര ഉണര്‍ന്നുകളിച്ചു. പിന്നാലെ ഇന്ത്യയ്ക്ക് പെനാല്‍ട്ടി കോര്‍ണര്‍ ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാന്‍ രൂപീന്ദര്‍ പാല്‍ സിങ്ങിന് സാധിച്ചില്ല.

രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ സംഘം 17-ാം മിനിട്ടില്‍ സമനില ഗോള്‍ കണ്ടെത്തി. സിമ്രാന്‍ജീത്ത് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.

എന്നാൽ മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവ് കണ്ടെത്തി ജര്‍മനി തുടരെത്തുടരെ രണ്ട് ഗോളുകള്‍ നേടി ലീഡുയര്‍ത്തി.

24-ാം മിനിട്ടില്‍ നിക്ലാസ് വെല്ലെനിലൂടെ രണ്ടാം ഗോള്‍ നേടിയ ജര്‍മനി 25-ാം മിനിട്ടില്‍ ബെനെഡിക്റ്റ് ഫര്‍ക്കിലൂടെ മൂന്നാം ഗോളും കണ്ടെത്തി. പിന്നീട് പെനാൽറ്റി കോര്‍ണര്‍ സ്വീകരിച്ച രൂപീന്ദര്‍പാല്‍ പന്ത് പോസ്റ്റിലേക്കടിച്ചെങ്കിലും ജര്‍മന്‍ ഗോള്‍ കീപ്പര്‍ അത് തട്ടി.

പക്ഷേ പന്ത് നേരെയെത്തിയത് മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന ഹാര്‍ദിക് സിങ്ങിന്റെ അടുത്താണ്. അനായാസം ഹാര്‍ദിക് പന്ത് വലയിലെത്തിച്ച് 27-ാം മിനിട്ടില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി.

മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ മത്സരത്തിലെ നാലാം ഗോള്‍ കണ്ടെത്തി. പെനാല്‍ട്ടിയിലൂടെ രൂപീന്ദര്‍ പാല്‍ സിങ്ങാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്.

ബോക്‌സിനകത്ത് ഹര്‍മന്‍പ്രീതിനെ വീഴ്ത്തിയതിനാണ് 34-ാം മിനിട്ടില്‍ ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചത്. അനായാസം പന്ത് വലയിലെത്തിച്ച് രൂപീന്ദര്‍ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു.

തൊട്ടുപിന്നാലെ ഇന്ത്യ ലീഡുയര്‍ത്തി. ഇത്തവണ സിമ്രാന്‍ജീത് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ഗുര്‍ജന്ത് സിങ്ങിന്റെ തകര്‍പ്പന്‍ പാസ് സ്വീകരിച്ച സിമ്രാന്‍ജീത് പന്ത് അനായാസം വലയിലെത്തിച്ചു.

ഇതോടെ ജര്‍മനി തകര്‍ന്നു. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ആ ലീഡ് ഇന്ത്യ നിലനിര്‍ത്തി. നാലാം ക്വാര്‍ട്ടറില്‍ സര്‍വം മറന്ന് പോരാടിയ ജര്‍മന്‍ പട നാലാം ഗോള്‍ കണ്ടെത്തി.

48-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കോര്‍ണറിലൂടെ ലൂക്കാസ് വിന്‍ഡ്‌ഫെഡറാണ് സ്‌കോര്‍ ചെയ്തത്. ഇതോടെ സ്‌കോര്‍ 5-4 എന്ന നിലയിലായി.

അവസാന 12 മിനിട്ടുകളില്‍ ഇന്ത്യ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാനാണ് ശ്രമിച്ചത്. 54-ാം മിനിട്ടില്‍ ജര്‍മനിയുടോ ഗോളെന്നുറച്ച ഷോട്ട് ശ്രീജേഷ് തട്ടിയകറ്റി ഇന്ത്യയുടെ രക്ഷകനായതോടെ ഇന്ത്യ ഒളിമ്പിക്സ് മെഡൽ എന്ന സ്വപ്നം നേടി.