പ്രണയിച്ചു വിവാഹിതരായവര്‍ മരണത്തില്‍ പോലും പ്രണയം മുറുകെ പിടിച്ചു; സാറിനൊപ്പം ടീച്ചര്‍ പോകുന്നതില്‍ ആശ്വസിക്കേണ്ട സമയമാകുന്നു; സൗമ്യതയുള്ള സ്നേഹമായിരുന്നു ഇന്ദു ടീച്ചര്‍ – ശനിയാഴ്ച മരിച്ച എരുമേലി സെന്റ് തോമസ് സ്‌കൂള്‍ അധ്യാപിക ഇന്ദു ടീച്ചറെക്കുറിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ്
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് സ്‌കൂളിലും എരുമേലി സെന്റ് തോമസ് സ്‌കൂളിലും അധ്യാപികയായിരുന്ന പൊടിമറ്റം ഇല്ലിക്കമുറിയില്‍ ഇന്ദു ജോര്‍ജ് (49) ശനിയാഴ്ച രാവിലെയായിരുന്നു മരണത്തിനു കീഴടങ്ങിയത്.
ഇന്ദു ജോര്‍ജിന്റെ ഭര്‍ത്താവും എരുമേലി സെന്റ് തോമസ് സ്‌കൂളിലെ പ്രിന്‍സിപ്പാളും ആയിരുന്ന ഭര്‍ത്താവ് തോമസ് സെബാസ്റ്റ്യന്‍ 2019 ലാണ് ക്യാന്‍സര്‍ ബാധിതനായി മരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിറ്റേ വര്‍ഷം പെട്ടെന്നാണ് ഭാര്യ ഇന്ദു ടീച്ചര്‍ വീട്ടില്‍ ബോധരഹിതയായി വീണതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാകുന്നത്. ‘Aneurysm’ എന്ന രോഗാവസ്ഥ മൂലം കോമയില്‍ ആയിരുന്നു മരണം വരെ അവര്‍. ഇരുവരെക്കുറിച്ചും ഇവരുടെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും നല്ലത് മാത്രമേ പറയാനുള്ളു.
ഇരുവരെയും അനുസ്മരിച്ചു ഇവരുടെ വിദ്യാര്‍ത്ഥി ആയിരുന്ന മെര്‍ലി ടോം എഴുതിയ കുറിപ്പ്:
നമ്മുടെ സാം Sam Sebastian ആണ് ഇന്നലെ രാത്രി ടീച്ചറുടെ മരണവാര്‍ത്ത അറിയിച്ചത്. കേട്ടപ്പോ സങ്കടം പോലും ഇല്ലാതെ തോന്നലുകള്‍ ഒക്കെ മരച്ചു പോയിരുന്നു. സ്കൂള്‍ ഗ്രൂപ്പില്‍,” ഇന്ദു മിസ്സും പോയി” എന്ന് എഴുതി കണ്ടു.
അതിനെ കുറിച്ച് ഒന്നുമേ വിചാരിക്കാത്ത രീതിയില്‍ പെരുമാറാന്‍ ആണ് ബോധപൂര്‍വം ശ്രമിച്ചത്. പക്ഷേ വിയോഗ സംബന്ധമായി കാണുന്ന വാര്‍ത്തകള്‍ സ്വയം ഓര്‍മ്മകളുണ്ടാക്കി സങ്കടം ആവുകയാണ്.
‘തോമാച്ചന്‍ സാര്‍’ എന്ന് വിളിക്കപ്പെട്ട കണക്ക് അധ്യാപകന്‍ തോമസ് സാറും ഇംഗ്ലീഷ് അധ്യാപിക ഇന്ദു ടീച്ചറും ഞങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി സെന്റ്. ഡോമിനിക്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപരായിരുന്നു. സാര്‍ എരുമേലി സെന്റ്. തോമസ് സ്കൂളിലെ പ്രിന്‍സിപ്പലും ടീച്ചര്‍ ഒപ്പം അവിടെ തന്നെ ജോലിയിലും ആയിരുന്നപ്പോഴാണ് എല്ലാവരെയും ദുഃഖത്തില്‍ ആക്കി
അസുഖ ബാധിതനായി കുറഞ്ഞ നാളിനുള്ളില്‍ സാര്‍ മരണപ്പെടുന്നത്.
മരണത്തിന്റെ ഒരു വര്‍ഷത്തിനകം വീട്ടിലായിരിക്കെ മുന്‍കൂര്‍ രോഗ സൂചനകളൊന്നുമേ ഇല്ലാതെ ബോധരഹിതയായി വീണതിനെ തുടര്‍ന്ന്, ടീച്ചര്‍ ആശുപത്രിയില്‍ ആണെന്നുള്ള വിവരം കേട്ടു. പിന്നീട് അന്വേഷിക്കുമ്ബോഴൊക്കെ ഒരുപാട് ചികിത്സകളിലും, അതേ സ്‌ഥിതി തുടരുന്നു എന്നായിരുന്നു അറിഞ്ഞിരുന്നത്.
ഒന്നും നല്ലത് കേള്‍ക്കാന്‍ ഇല്ലാത്തതിനാല്‍ പിന്നീട് അന്വേഷിക്കാതെ, ടീച്ചറെ ഓര്‍മ്മ വരുമ്ബോഴൊക്കെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കയറി ആ കുടുംബം സന്തോഷത്തോടെ ഇരുന്ന കാലത്തെ ഫോട്ടോകള്‍ കണ്ടു.
ടീച്ചറുടെ സഹോദരന്‍ ‘Aneurysm’ എന്ന രോഗാവസ്ഥ മൂലം തുടരുന്ന കോമയില്‍ ആണ് ടീച്ചറെന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത് വായിച്ചപ്പോഴും, പ്രതീക്ഷ ഉണ്ടോ എന്നൊരു ചോദ്യം നിലനിന്നു പോയി.
ഞങ്ങള്‍ Plus 1 ല്‍ അവിടെ ചൊല്ലുമ്ബോള്‍ ടീച്ചര്‍ അന്ന് മൂത്ത മോളെ ഗര്‍ഭിണി ആയിരുന്നു. വളര്‍ന്നുവരുന്ന വയറും ആയിട്ട് ഡെസ്കില്‍ ചാരി നിന്ന് പഠിപ്പിക്കുന്ന ടീച്ചര്‍ ആയിരുന്നു അന്നത്തെ ഭംഗി ഉള്ള കാഴ്ച . വലുപ്പമുള്ള ബുക്ക് വാങ്ങിച്ച് അസൈന്‍മെന്റുകള്‍ എഴുതിവയ്ക്കണമെന്ന് ടീച്ചര്‍ ഞങ്ങളോട് പറഞ്ഞു.
അങ്ങനെ ആദ്യമായി എഴുതിയ കവിതാ നിരൂപണം ‘നന്നായിരുന്നു’ എന്ന് സ്റ്റാഫ് റൂമിന് പുറത്തെ ഇടനാഴിയില്‍ വച്ച് ടീച്ചര്‍ പറഞ്ഞ അന്നത്തെ ആ സുന്ദരമായ മുഖത്തെ നിറഞ്ഞ ചിരിക്ക് ഒരു ജീവിതകാലം മുഴുവനും പ്രോത്സാഹനം ആകാന്‍ ഉള്ള ശേഷികള്‍ ഉണ്ടായിരുന്നു.
ഏകാന്തതയില്‍ ശേഖരിക്കപ്പെടുന്ന ശക്തമായ വികാരങ്ങളാണ് കവിതകള്‍ ആകുന്നത് (Poetry According to William Wordsworth is that spontaneous overflow of powerful emotions recollected in tranquility ) എന്ന് ടീച്ചര്‍ ക്ലാസ്സില്‍ പറഞ്ഞു പോയത് ഒക്കെ മനപ്പാഠമാക്കി പല ഇടങ്ങളില്‍ ഇന്നും പ്രയോഗിക്കാറുണ്ട്.
പിന്നീട് ഡെലിവറി ആവശ്യങ്ങള്‍ക്കായി ടീച്ചര്‍ സ്കൂള് വിട്ട് പോയിട്ട് ഞങ്ങള്‍ പ്ലസ് ടു ആയപ്പോഴാണ് തിരിച്ചുവരുന്നത്. പഠന ഭാഗമായി എല്ലാവരും പറയേണ്ട ഒരു ഇംഗ്ലീഷ് പ്രസംഗത്തിന് ലാസ്റ്റ് ബെഞ്ചില്‍ പോയിരുന്ന് മാര്‍ക്കിടുന്ന ടീച്ചറിന്റെ ഒരു രംഗം ഉണ്ട്.
നന്നായവയെ അഭിനന്ദിച്ചു, നന്നാക്കേണ്ടവ നിര്‍ദ്ദേശിച്ചു, മോശം ആക്കിയവര്‍ ഉണ്ടെങ്കില്‍ വേദനിപ്പിക്കാതെ വേണ്ട രീതിയില്‍ പരിഹരിച്ചു – വര്‍ഷങ്ങള്‍ കഴിയുമ്ബഴും എല്ലാവരും പറയുന്നു, “ഇന്ദു മിസ്സോ , പാവമാരുന്നല്ലേ, നല്ലത് ആരുന്നല്ലേ “എന്നൊക്കെ.
ഓരോ അധ്യാപകരും ഓരോ തരത്തില്‍ അല്ലേ ഓര്‍മിക്കപ്പെടുക ? തോമാച്ചന്‍ സാര്‍ സ്നേഹത്തില്‍ കലര്‍ന്ന അധികാരം ആയിരുന്നെങ്കില്‍, ഇന്ദു ടീച്ചറിനെ അടയാളപ്പെടുത്തിയത് സൗമ്യത ഉള്ള സ്നേഹമാണ്. ആ ചിരിയിലെ നന്മ തന്നെയായിരുന്നു ടീച്ചര്‍ പഠിപ്പിച്ച വലിയ പാഠം.
നിറയെ മാര്‍ക്കുകള്‍ സ്കൂളുകളില്‍ പതിവില്ലാത്ത കാലത്ത്, അന്ന് പ്ലസ് ടു ഫൈനല്‍ പരീക്ഷയില്‍ കിട്ടിയ 100 ലെ 99 മാര്‍ക്ക്, സ്വന്തം നേട്ടം എന്നതിനേക്കാള്‍ എനിക്ക് കിട്ടിയ ഗുരുത്വം ആണെന്ന് ഞാന്‍ വിചാരിച്ചു. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും ആ ഗുരുത്വം തുടരുന്ന അനുഭവങ്ങള്‍ ഉണ്ടായപ്പോഴൊക്കെ വിജയത്തിന്റെ ക്രെഡിറ്റില്‍ ശബ്ദം ഇല്ലാതെ ശില്പി ആയി.
സ്കൂളില്‍ നിന്നിറങ്ങിയ ശേഷം ടീച്ചറെ വീണ്ടും കാണാന്‍ പോയ വിദ്യാര്‍ഥിയായിരുന്നില്ല ഞാന്‍.
അതിനാല്‍ തന്നെ മരണത്തില്‍ ഒരു ഓര്‍മ്മക്കുറിപ്പ് എഴുതാന്‍ ഉള്ള യോഗ്യത ഉണ്ട് എന്ന് വിചാരിക്കുന്നുമില്ല.. എങ്കിലും ടീച്ചര്‍ എപ്പോഴും ഓര്‍മ്മകളില്‍ സന്തോഷിപ്പിക്കുന്ന തെളിച്ചം ഉള്ള വിളക്ക് ആയിരുന്നു എനിക്കും എന്ന് ഇവിടെ പറഞ്ഞു വെച്ചോട്ടെ.
അവര്‍ ശേഷിപ്പിച്ച 2 പെണ്‍കുഞ്ഞുങ്ങള്‍ ഒറ്റയ്ക്കായി പോകുമെന്ന് തോന്നുന്നില്ല. ടീച്ചറും സാറും ലോകത്തില്‍ അവശേഷിപ്പിച്ച നന്മയും സ്നേഹവും എന്ന കാരണങ്ങള്‍ കൊണ്ട്, കരുതലുള്ള ബന്ധുജനം അവര്‍ക്ക് കാവല്‍മാലാഖമാരായി ഉണ്ടാകുമെന്ന് വിചാരിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.
ആയുസ്സുള്ള കാലംവരെ സുന്ദരമായ ചിരിയോടെ ഞങ്ങളുടെ ടീച്ചറും ‘ ഇന്ദു’ എന്ന അധികാരത്തോടെ വിളിച്ചിരുന്ന ടീച്ചറിന്റെ സ്വന്തം തോമാച്ചന്‍ സാറും സ്മരിക്കപ്പെടും. പ്രണയിച്ചു വിവാഹിതരായവര്‍ മരണത്തില്‍ പോലും പ്രണയത്തില്‍ തുടരുമെന്ന അമിത ആത്മവിശ്വാസത്തോടെ ടീച്ചര്‍ സാറിനൊപ്പം പോകുന്നതില്‍ ആശ്വസിക്കേണ്ട സമയം ആകുന്നു.
ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് എന്നപോലെ ജീവിതത്തില്‍ കുറേ സമയം എന്റെയും നല്ല അധ്യാപികആയിരുന്നതിന് നന്ദിപൂര്‍വം വിട