play-sharp-fill
വിദേശ പഠനം, തൊഴില്‍ കുടിയേറ്റം; വിസാ തട്ടിപ്പ്, ലൈസൻസില്ലാത്ത റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ 10,000ത്തോളം;  ജില്ലയിൽ ഹോം നേഴ്സിംഗ് സ്ഥാപനങ്ങളുടെ മറവിലും വിദേശത്തേക്ക് മനുഷ്യക്കടത്ത്

വിദേശ പഠനം, തൊഴില്‍ കുടിയേറ്റം; വിസാ തട്ടിപ്പ്, ലൈസൻസില്ലാത്ത റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ 10,000ത്തോളം; ജില്ലയിൽ ഹോം നേഴ്സിംഗ് സ്ഥാപനങ്ങളുടെ മറവിലും വിദേശത്തേക്ക് മനുഷ്യക്കടത്ത്

തിരുവനന്തപുരം: വിദേശ പഠനം, തൊഴില്‍ കുടിയേറ്റം എന്നിവയില്‍ വ്യാപകമായ തട്ടിപ്പുകള്‍ തടയുന്നതിന് ദേശീയതലത്തില്‍ സമഗ്ര നിയമനിർമാണം അനിവാര്യമെന്ന് നോർക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ ഏജൻസികളുടെ കണ്‍സൾട്ടേഷൻ യോഗം വിലയിരുത്തി.

രാജ്യത്ത് അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട്മെന്റുകള്‍, വിസാ തട്ടിപ്പ്, സ്റ്റുഡന്റ് വിസാ തട്ടിപ്പ്, വിസിറ്റ് വിസയിലെത്തിയുള്ള റിക്രൂട്ട്മെന്റ് എന്നിവ നിയന്ത്രിക്കുന്നതിലും ലൈസൻസിങ് ഏർപ്പെടുത്തുന്നതിലും നിലവിലെ എമിഗ്രേഷൻ ആക്ടില്‍ പരിമിതികളുണ്ട്.

കോട്ടയം ജില്ലയിൽ അടക്കം സംസ്ഥാനത്ത് വ്യാപകമായി ഹോം നേഴ്സിംഗ് സ്ഥാപനങ്ങളുടെ മറവിലും വിദേശത്തേക്ക് അനധികൃതമായി ജോലിക്കാരെ കയറ്റിവിടുന്നുണ്ട്. പലരും വിദേശരാജ്യങ്ങളിൽ എത്തി ലൈംഗിക പീഡനം അടക്കം ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് മാത്രം ലൈസൻസില്ലാത്ത 10,000 ത്തോളം റിക്രൂട്ട്മെന്റ് കണ്‍സൾട്ടിങ് സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് സി. ശ്യാംചന്ദ് ചൂണ്ടിക്കാട്ടി. നിയമപരമായ പരിമിതികളാണ് എജ്യൂക്കേഷനല്‍ കണ്‍സള്‍ട്ടൻസികളുടെ മറവില്‍ നടത്തുന്ന വിദേശ റിക്രൂട്ട്മെന്റുകള്‍ക്കെതിരേ നടപടിയെടുക്കുന്നതിനും ലൈസൻസ് ഏർപ്പെടുത്തുന്നതിനും കഴിയാത്തത്.

അതേസമയം, മലപ്പുറം, കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ കംബോഡിയയില്‍ ജോലിതട്ടിപ്പിനിരയായ സംഭവത്തില്‍ റിക്രൂട്ടിങ് ഏജൻസിയെ കുറിച്ച്‌ അന്വേഷണം തുടങ്ങി. ഒരു ലക്ഷത്തോളം രൂപ ശമ്പളം വാഗ്ദാനം ചെയ്ത് യുവാക്കളെ കൊണ്ടുപോയ ഏജൻസിയെ കുറിച്ചാണ് അന്വേഷിക്കുന്നത്.

പേരാമ്പ്ര ഡി.വൈ.എസ്.പി ഹരിപ്രസാദാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി കംബോഡിയയില്‍ നിന്ന് നാട്ടിലെത്തിയ യുവാക്കളുടെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് തട്ടിപ്പിനിരയായ എഴുപേർ നാട്ടിലെത്തിയത്. പേരാമ്പ്ര സ്വദേശിയായ അബിൻബാബു ഇപ്പോഴും കംബോഡിയയിലാണുള്ളത്.

അബിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പേരാമ്പ്ര പോലീസ് കഴിഞ്ഞ ദിവസം നാലുയുവാക്കളെ പ്രതിചേർത്ത് കേസെടുത്തിട്ടുണ്ട്. അനുരാഗ്, സെമില്‍ എന്നിവരുടേയും കണ്ടാലറിയുന്ന രണ്ടാളുകളുടേയും പേരിലാണ് കേസ്. അതേസമയം യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

അതേസമയം തട്ടിപ്പു സംഘത്തിന്റെ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാക്കളില്‍ നിന്ന് കേന്ദ്രഏജൻസികളും വിവരങ്ങള്‍ ശേഖരിക്കും. വടകര മണിയൂർ പഞ്ചായത്തിലെ എടത്തുംകര ചാത്തോത്ത് അഭിനവ് സുരേഷ്, കുറുന്തോടിയിലെ പുളക്കൂല്‍ താഴെ അരുണ്‍, പിലാവുള്ളതില്‍ സെമില്‍ദേവ്, പതിയാരക്കരയിലെ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തല്‍ അശ്വന്ത്, മലപ്പുറം എടപ്പാള്‍ സ്വദേശി അജ്മല്‍, മംഗളുരുവിലെ റോഷൻ ആന്റണി എന്നിവരാണ് തട്ടിപ്പ് സംഘത്തിന്റെ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്.

ഒക്ടോബർ മൂന്നിനാണ് ഇവർ ബംഗളൂരുവില്‍ നിന്ന് തായ്ലാൻഡിലേക്ക് പുറപ്പെട്ടത്. തായ്ലാൻഡിലെത്തിയ ശേഷം കംബോഡിയിലാണ് ജോലിയെന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. സൈബർ തട്ടിപ്പുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന കമ്പനിയിലായിരുന്നു ജോലി. വിസമ്മതിച്ചതോടെ ക്രൂരമായ മർദ്ദനമാണ് ഏല്‍ക്കേണ്ടിവന്നതെന്നാണ് യുവാക്കള്‍ പറഞ്ഞത്.