play-sharp-fill
ഇലന്തൂർ നരബലിക്കേസ്; മൃതദേഹങ്ങള്‍ പത്മത്തിന്റെയും റോസ്‌ലിന്റെയും തന്നെ; ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി; ഇരുവരുടേയും മൃതദേഹങ്ങൾ  നാളെ ബന്ധുക്കൾക്ക് കൈമാറും

ഇലന്തൂർ നരബലിക്കേസ്; മൃതദേഹങ്ങള്‍ പത്മത്തിന്റെയും റോസ്‌ലിന്റെയും തന്നെ; ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി; ഇരുവരുടേയും മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് കൈമാറും

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലി കേസില്‍ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ പത്മത്തിന്റെയും റോസ്‌ലിന്റെയും തന്നെയന്ന് സ്ഥിരീകരിച്ചു. ഇരുവരുടെയും മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇരുവരുടേയും ബന്ധുക്കളോട് നാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്താൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇവിടെ വച്ച് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.

ലന്തൂരിൽ ഇരട്ട നരബലിക്കിരയായ പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി നേരത്തെ അവരുടെ മകൻ രം​ഗത്തെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി മകൻ സെൽവരാജ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

കൊച്ചി പൊന്നുരുന്നിയിൽ താമസിച്ചിരുന്ന പത്മ( 52) തമിഴ്‌നാട് സ്വദേശിനിയാണ്. കൊച്ചി ചിറ്റൂർ റോഡിൽ ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു ഇവർ. സെപ്റ്റംബർ 26 നാണ് പത്മയെ കാണാതാകുന്നത്. ഈ മിസ്സിങ് കേസിൽ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തു കൊണ്ടുവന്നത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കടവന്ത്ര പൊലീസിനെ തിരുവല്ല ഇലന്തൂരിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്നും പത്ത് ലക്ഷം രൂപ പ്രതിഫലം വാങ്ങിത്തരാമെന്നും പ്രലോഭിപ്പിച്ചാണ് റോസ്‌ലിയെ ഇലന്തൂരിലെത്തിച്ചത്. റോസ്‌ലിയെ കൊലപ്പെടുത്തിയത് ലൈലയാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കേസില്‍ കുറ്റപത്രം ഡിസംബര്‍ ആദ്യവാരം സമര്‍പ്പിക്കും. ഒക്ടോബര്‍ 12 നായിരുന്നു കേസില്‍ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് അതിവേഗ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

കസ്റ്റഡിയില്‍ വാങ്ങി പ്രതികളെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പ് നടത്തുന്നതും അന്വേഷണ സംഘം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികളെ ഹാജരാക്കുകയും നവംബര്‍ 19 വരെ റിമാന്‍ഡില്‍ വിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവല്‍സിംഗിനെയും വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്കും മൂന്നാം പ്രതി ലൈലയെ കാക്കനാട് ജയിലിലേക്കുമാണ് മാറ്റിയത്.