അവധിക്കാലം അടിച്ചു പൊളിക്കാൻ ഇടുക്കിയിലെ കിടിലൻ സ്ഥലങ്ങൾ പരിചയപ്പെടാം
ഇടുക്കി: വർഷം അവസാനിക്കാറായിരിക്കുന്നു. ഇതേ വരെ യാത്രയൊന്നും പോകാത്തവര്‍ക്കും, ഇനി യാത്ര പോകാൻ ഉദ്ദേശിച്ചിരിക്കുന്നവര്‍ക്കും ഇതാ ഇടുക്കിയിലെ കിടിലം സ്ഥലങ്ങള്‍
രാമക്കല്‍മേട്
തമിഴ്നാടിനോട് അതിര്‍ത്തി പങ്കിടുന്ന രാമക്കല്‍മെട്ടില്‍ തമിഴ്നാടിന്റെ വിദൂരദൃശ്യങ്ങളും കാറ്റാടിപാടം, മലമുഴക്കി വേഴാമ്ബലിന്റെ രൂപത്തിലുള്ള വാച്ച് ടവര്‍, കുറവന്‍ കുറത്തി ശില്പം, കുട്ടികള്‍ക്കായുള്ള പാര്‍ക്ക് എന്നിവയാണ് പ്രധാന ആകര്‍ഷണം. തമിഴ്നാടിന്റെ പ്രദേശത്തുള്ള രാമക്കല്ലും ഇവിടത്തെ കുളില്‍കാറ്റും രാമക്കല്‍മെട്ടിന്റെ മാത്രം പ്രത്യേകതയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡി.ടി.പി.സി.യുടെ അധീനതയിലുള്ള കുറവന്‍, കുറത്തി മലയില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം ഏഴുവരെയാണ് സന്ദര്‍ശന സമയം. കുട്ടികള്‍ക്ക് 15 രൂപയും മുതിര്‍ന്നവര്‍ക്ക് 25 രൂപയുമാണ് പ്രവേശനനിരക്ക്. തമിഴ്നാട്ടിലെ കമ്ബം, ചിന്നമന്നൂര്‍, ഉത്തമപാളയം, കോമ്ബൈ, പെട്ടിപ്പുറം, തേവാരം, ബോഡിനായ്ക്കന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിടങ്ങളും ജനവാസമേഖലകളും രാമക്കല്‍മെട്ടില്‍നിന്ന് കാണാനാകും.
മൂന്നാര്‍, രാജമല, ടോപ്സ്റ്റേഷന്‍
വിനോദസഞ്ചാരികള്‍ കൂടുതല്‍ എത്തുന്നത് മൂന്നാര്‍ ടൗണ്‍, ഇരവികുളം ദേശീയോദ്യാനം (രാജമല), മാട്ടുപ്പട്ടി, എക്കോ പോയിന്റ്, കുണ്ടള, ടോപ്സ്റ്റേഷന്‍ എന്നീ പ്രദേശങ്ങളിലാണ്. ഹൈഡല്‍ പാര്‍ക്ക്, ഗവ.ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, സ്ട്രോബെറി പാര്‍ക്ക്, റോസ് ഗാര്‍ഡന്‍ (ഫ്ലവര്‍ ഗാര്‍ഡന്‍) എന്നിവയാണ് ടൗണിന് സമീപത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍. പഴയ മൂന്നാറില്‍ ഡി.ടി.പി.സി.യുടെ കയാക്കിങ്, പെഡല്‍ ബോട്ട് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇരവികുളം ഉദ്യാനത്തിന്റെ പ്രവേശന കവാടത്തിന് സമീപം വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനുള്ള സൗകര്യമുണ്ട്. അവിടെനിന്ന് വനം വകുപ്പിന്റെ ബസിലാണ് സഞ്ചാരികളെ പാര്‍ക്കിനുള്ളില്‍ എത്തിക്കുന്നത്. വരയാടുകളെ അടുത്ത് കാണാനാവുമെന്നതാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ടിക്കറ്റുകള്‍ ഓണ്‍ലൈനായും ബുക്ക് ചെയ്യാം.
മാട്ടുപ്പട്ടിയില്‍ പെഡല്‍ ബോട്ട്, സ്പീഡ് ബോട്ട് ഫാമിലി ബോട്ട്, ശിക്കാര തുടങ്ങി വിവിധതരം ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എക്കോ പോയിന്റില്‍ ബോട്ടിങ്, കയാക്കിങ് സൗകര്യമുണ്ട്. ടോപ്സ്റ്റേഷനിലെ പ്രധാന ആകര്‍ഷണം വ്യൂ പോയിന്റ് ആണ്. തമിഴ്നാട് സര്‍ക്കാരിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
വാഗമണ്‍
ആഘോഷങ്ങള്‍ക്കായി ജില്ലയിലെത്തുന്ന സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന ഇഷ്ടകേന്ദ്രമാണ് വാഗമണ്‍. ഡിസംബറില്‍ പോകാന്‍ പറ്റിയ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. സാഹസിക വിനോദ സഞ്ചാരികള്‍ക്ക് മാത്രമല്ല, വ്യത്യസ്തമായ കാഴ്ചകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ഇടംകൂടിയാണ് വാഗമണ്‍.
കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലമാണ് വാഗമണ്ണില്‍ ഉള്ളത്. 40 മീറ്ററാണ് ചില്ലുപാലത്തിന്റെ നീളം. പാലത്തില്‍ കയറിനിന്നാല്‍ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളുടെ വിദൂരദൃശ്യങ്ങള്‍വരെ ആസ്വദിക്കാന്‍ കഴിയും. ഇവിടെയുള്ള അഡ്വഞ്ചര്‍ പാര്‍ക്കില്‍ റോക്കറ്റ് ഇജക്റ്റര്‍, ജയന്റ് സ്വിങ്, സിപ് ലൈന്‍, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളര്‍, ഫ്രീ ഫോള്‍, ഹ്യൂമന്‍ ഗൈറോ തുടങ്ങി ഒട്ടേറെ സാഹസിക ഇനങ്ങളും സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകും.
കാല്‍വരിമൗണ്ട്, അഞ്ചുരുളി
ഇടുക്കി ജലാശയത്തിന്റെയും വനപ്രദേശത്തിന്റെയും മനോഹര ദൃശ്യങ്ങളാണ് കാല്‍വരിമൗണ്ട് കല്യാത്തണ്ട് പ്രദേശങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഇവിടെ എത്തിയാല്‍ വാഗമണ്ണിലെ മൊട്ടക്കുന്നുകളെ അനുസ്മരിപ്പിക്കുന്ന മലനിരകളും കാണാം.
വനം വകുപ്പിന്റെ ടൂറിസം കേന്ദ്രത്തില്‍ 20 രൂപ പാസ് മൂലമാണ് പ്രവേശനം. വിശാലമായ വാഹനപാര്‍ക്കിങ്ങ് സൗകര്യം കാല്‍വരിമൗണ്ടിലുണ്ട്. സഞ്ചാരികള്‍ക്ക് വിശ്രമിക്കാനാവശ്യമായ സൗകര്യങ്ങള്‍ ശൗചാലയം ലഘുഭക്ഷണശാല തുടങ്ങിയവയുമുണ്ട്. സഞ്ചാരികള്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന പ്രദേശത്ത് മാത്രം സന്ദര്‍ശനം നടത്തണം. വന പ്രദേശങ്ങളിലേക്കൊ താഴ്വാരങ്ങളിലേക്കൊ കടക്കരുത്.
പാഞ്ചാലിമേട്
ഐതീഹ പെരുമ നിറഞ്ഞ പ്രകൃതി രമണീയമായ പ്രദേശമാണ് പാഞ്ചാലിമേട്. ദേശീയപാതയില്‍ കുട്ടിക്കാനം -മുണ്ടക്കയം റൂട്ടില്‍ മുറിഞ്ഞപുഴയില്‍ നിന്നും കണയങ്കവയല്‍ റോഡില്‍ ഏകദേശം നാല് കിലോമീറ്റര്‍ അകലെയാണ് പാഞ്ചാലിമേട് സ്ഥിതിചെയ്യുന്നത്.
ഐതിഹ്യങ്ങളുറങ്ങുന്ന ഇവിടെ പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് തങ്ങളുടെ ഭാര്യയായ പാഞ്ചാലിക്കൊപ്പം താമസിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. പാഞ്ചാലിക്കുളവും ഇവിടെയുണ്ട്. പൊന്നമ്ബലമേട്ടില്‍ തെളിയുന്ന മകരവിളക്ക് പാഞ്ചാലിമേട്ടില്‍ നിന്നും കാണാം. കുന്നുകളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ ഒരുകുന്നില്‍ ശ്രീഭുവനേശ്വരിയുടെ ക്ഷേത്രമുണ്ട്. തകര്‍ന്ന ഒരുശിവലിംഗവും ഇവിടെയുണ്ട്. മറ്റൊരു കുന്നില്‍ കുരിശുമലയാണ്. തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ചയും ദൃശ്യമാണ്.