ഇടുക്കി തങ്കമണിക്ക് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സുഹൃത്തുക്കൾ; അന്വേഷണം ആരംഭിച്ചു പോലീസ്
സ്വന്തം ലേഖകൻ
ഇടുക്കി: തങ്കമണിക്ക് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന ആരോപണവുമായി സുഹൃത്തുക്കൾ. കിളിയാർകണ്ടം കൊല്ലംപറമ്പിൽ അഭിജിത്തിനെയാണ് (23 ) തങ്കമണി കുട്ടൻ കവലക്ക് സമീപം മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ ഇയാളെ കാണാനില്ലന്ന് പരാതി ഉയർന്നിരുന്നു. തങ്കമണി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അഭിജിത്തിന്‍റെ പേരിൽ ചില കേസുകളുണ്ട്. അതുമായി ബന്ധപ്പെട്ട് കോടതിയിൽ പോയി മടങ്ങിയ അഭിജിത്തിനെ പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും കണ്ടിട്ടില്ല. അഭിജിത്തിനെ കാണാതായതോടെ ബന്ധുക്കൾ തങ്കമണി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പോലീസും ചേർന്ന് നടത്തിയ അന്വക്ഷണത്തിൽ തങ്കമണി നീലവയൽ അമ്പലത്തിന് സമീപം അഭിജിത്തിന്‍റെ ഇരുചക്ര വാഹനം കണ്ടെത്തി. ഈ മേഖല കേന്ദ്രികരിച്ച് കഴിഞ്ഞ ദിവസം അന്വഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ ഈ പ്രദേശത്ത് തമ്പുരാൻകുന്ന് ഭാഗത്ത് റോഡ് സൈഡിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് അഭിജിത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കൾ ആരോപിച്ചു.
കഴിഞ്ഞ രാത്രികളിൽ ഈ മേഖലയിൽ സുഹൃത്തുക്കൾ കൂട്ടമായി പരിശോധിച്ചപ്പോൾ കാണാത്ത മൃതദേഹം ഇപ്പോൾ എങ്ങിനെ വന്നു എന്ന് ഇവർ ചോദിക്കുന്നു. ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.