മൂന്നാമത്തെ സൈറണും മുഴങ്ങി; ഇടുക്കി ഡാമിന്റെ മൂന്നാമത്തെ ഷട്ടർ ഉയർത്തി

മൂന്നാമത്തെ സൈറണും മുഴങ്ങി; ഇടുക്കി ഡാമിന്റെ മൂന്നാമത്തെ ഷട്ടർ ഉയർത്തി

സ്വന്തം ലേഖകൻ

തൊടുപുഴ∙ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള മൂന്നാമത്തെ സൈറണും മുഴങ്ങിയതോടെ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ ഉയർത്തി. ബുധനാഴ്ച മുതൽ മഴ കനക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത്, ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഡാം തുറക്കുന്നത്. മൂന്നു ഷട്ടറുകളും 35 സെന്റിമീറ്റർ വീതമാകും ഉയർത്തുക.

സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്കൊഴുകും. ഷട്ടറുകൾ ഉയർത്തുമ്പോൾ പെരിയാറിലെ ജലനിരപ്പ് ഒരുമീറ്റർ ഉയർന്നേക്കാം. ഇടുക്കിയിലെ വെള്ളം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018 നെ അപേക്ഷിച്ച് പത്തിലൊന്നു വെള്ളം മാത്രമാകും പുറത്തേക്കൊഴുക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളം നിയന്ത്രിക്കാനുള്ള നിലവിലെ റൂൾ കർവ് പ്രകാരം 2397.8 അടി എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കണം. നിലവിൽ ഡാമിലെ ജലനിരപ്പ് 2397.96 അടി എത്തിയിട്ടുണ്ട്. 2398.86 അടി പരമാവധി സംഭരിക്കാൻ അനുമതിയുണ്ടെങ്കിലും ആ അളവിൽ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തണമെങ്കിൽ റെഡ് അലർട്ട് കഴിഞ്ഞാൽ ഷട്ടറുകൾ തുറക്കണം.

ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിൽ മാത്രമേ ഷട്ടർ സംവിധാനമുള്ളൂ. ഇടുക്കി ആർച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.

മൂന്നുവർഷത്തിനു ശേഷം വീണ്ടും ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കുമ്പോൾ കുറ്റമുറ്റ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. വെള്ളമൊഴുകിപ്പോകുന്ന പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.