ഇടുക്കി അണക്കെട്ട് നാളെ ട്രൈയൽ റണ്ണിനായി തുറക്കും: ജനങ്ങൾ പരിഭ്രാന്തരാകേണ്ട എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്; മുഖ്യമന്ത്രി

ഇടുക്കി അണക്കെട്ട് നാളെ ട്രൈയൽ റണ്ണിനായി തുറക്കും: ജനങ്ങൾ പരിഭ്രാന്തരാകേണ്ട എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്; മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

ചെറുതോണി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് തുറക്കുന്നതിൻറെ ഭാഗമായി ചൊവ്വാഴ്ച ട്രയൽ റൺ നടത്തും. ചെറുതോണി അണക്കെട്ടിൻറെ ഷട്ടറുകളാണ് ട്രയൽ റണ്ണിനായി തുറക്കുക. ഷട്ടർ 40 സെൻറീമീറ്റർ നാല് മണിക്കൂർ നേരത്തേക്ക് തുറക്കും.

ഇതിനൊടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇന്നലെ രാത്രിയോടുകൂടി ഇടുക്കിയിലെത്തി. കരസേന, നാവികസേന, വായുസേന, കോസ്റ്റ് ഗാർഡ് എന്നിവ ജാഗരൂകരായി ഇരിക്കുവാനുള്ള സന്ദേശം നൽകിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ”സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം വായു സേനയുടെ രണ്ട് ഹെലികോപ്ടറുകൾ സദാ സജ്ജമാക്കി വെച്ചിരിക്കുന്നു. നാവികസേനയും കരസേനയുടെയും നാല് കോളം പട്ടാളക്കാരും വിന്യസിക്കാൻ തയ്യാറായി നിൽക്കുന്നു. എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയാൽ വിന്യസിക്കാൻ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാർഡ് സംഘവും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരന്തനിവാരണ അഥോറിട്ടി അധികൃതർ ഞായറാഴ്ച രാത്രിയോടെ ഇടുക്കിയിലെത്തി. നിലവിൽ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2394.28 അടിയാണ്. 2,400 അടിയാണ് പരമാവധി സംഭരണ ശേഷി.അപായ സൈറൺ മുഴക്കി 15 മിനിറ്റിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകൾ തുറക്കുക. നദീതീര മേഖലകളിൽ രാവിലെ മുതൽ അനൗൺസ്മെന്റ് തുടങ്ങി. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ചൊവ്വാഴ്ച നോട്ടീസ് നൽകും. ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് 12 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇടുക്കി സംഭരണി മുതൽ ലോവർ പെരിയാർ ഡാം വരെ 24 കിലോമീറ്റർ ദൂരത്തിലാണ് മുൻകരുതൽ നടപടികൾ.