play-sharp-fill
ഇടുക്കി സത്രം എയര്‍ സട്രിപ്പിന്‍റെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നു; ഷോള്‍ഡറിന്‍റെ ഭാഗം ഒലിച്ചു പോയി; ഇടിഞ്ഞ് പോയതിന്‍റെ ബാക്കി ഭാഗത്ത് വിള്ളൽ വീണു

ഇടുക്കി സത്രം എയര്‍ സട്രിപ്പിന്‍റെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നു; ഷോള്‍ഡറിന്‍റെ ഭാഗം ഒലിച്ചു പോയി; ഇടിഞ്ഞ് പോയതിന്‍റെ ബാക്കി ഭാഗത്ത് വിള്ളൽ വീണു

സ്വന്തം ലേഖിക

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രത്തിലെ എയര്‍ സ്ട്രിപ്പിന്‍റെ റണ്‍വേയുടെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നു.


റണ്‍വേയുടെ വശത്തുള്ള ഷോള്‍ഡറിന്‍റെ ഭാഗം ഒലിച്ചു പോയി. നിര്‍മ്മാണത്തിലെ അപാകതയാണ് തകര്‍ച്ചക്ക് കാരണമായതെന്നാണ് നിഗമനം. എന്‍സിസിയുടെ എയര്‍ വിംഗ് കേഡറ്റുകള്‍ക്ക് പരിശീലനത്തിനായാണ് എയര്‍ സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് സത്രം എയര്‍ സ്ട്രിപ്പിലെ വന്‍ മണ്ണിടിച്ചിലിന് കാരണമായത്. റണ്‍വേയുടെ വലത് ഭാഗത്തെ മണ്‍തിട്ടയോടൊപ്പം ഷോള്‍ഡറിന്‍റെ ഒരു ഭാഗവും തകര്‍ന്നു. നൂറ് മീറ്ററിലധികം നീളത്തല്‍ 150 അടിയോളം താഴ്ചയിലേക്കാണ് ടാറിംഗ് ഇടിഞ്ഞ് താണത്.

ഇടിഞ്ഞ് പോയതിന്‍റെ ബാക്കി ഭാഗത്ത് വലിയ വിള്ളലും വീണിട്ടുണ്ട്. കുന്നിടിച്ചു നിരത്തി നിര്‍മ്മിച്ച റണ്‍വേയ്ക്ക് മതിയായ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തത്താണ് മണ്ണിടിച്ചിലിന് കാരണം. മുൻപും ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇത് തടയുന്നതിനുളള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ല. ഒപ്പം റണ്‍വേയിലെത്തുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള സംവിധാനവും ഒരുക്കിയില്ല.

വന്‍തോതില്‍ വെള്ളം കെട്ടിക്കിടന്നതും മണ്ണിടിച്ചിലിനു കാരണമായി. മണ്ണൊലിപ്പ് ഉണ്ടാകാതിരിക്കാന്‍ ഇവിടെ കയര്‍ ഭൂ വസ്ത്രം വിരിച്ച്‌ പുല്ലു നട്ടു പിടിപ്പിക്കാന്‍ 42 ലക്ഷം രൂപക്ക് കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ വനംവകുപ്പ് അനുമതി നല്‍കാത്തതിനാലും പൊതുമരാമത്ത് വകുപ്പിന്‍റെ അലംഭാവം മൂലവും പണികള്‍ നടന്നില്ല.

ഫലത്തില്‍ 12 കോടി രൂപ മുടക്കി എന്‍സിസിക്കായി നിര്‍മ്മിച്ച റണ്‍വേയില്‍ അടുത്തെങ്ങും വിമാനമിറക്കാന്‍ കഴിയില്ല. ഇടിഞ്ഞു പോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെങ്കില്‍ കോടികള്‍ ചെലവഴിക്കേണ്ടി വരും. ഒപ്പം പണികള്‍ക്കും മാസങ്ങള്‍ വേണ്ടി വരും.