play-sharp-fill
ഇടമറുക് ചൊക്കല്ലില്‍ ഭീതിയുടെ ഉരുള്‍പൊട്ടൽ; പാറമട ലൈസൻസിൻ്റെ മറവിൽ നടക്കുന്നത് അനധികൃത ഖനനം

ഇടമറുക് ചൊക്കല്ലില്‍ ഭീതിയുടെ ഉരുള്‍പൊട്ടൽ; പാറമട ലൈസൻസിൻ്റെ മറവിൽ നടക്കുന്നത് അനധികൃത ഖനനം

പാലാ: ഇരച്ചെത്തിയ മലവെള്ളത്തിനൊപ്പം, കൂറ്റൻ ഉരുളുകളും പതിച്ചതോടെ ഇടമറുക് ചോക്കല്ല് നിവാസികള്‍ ഭയന്നുവിറച്ചു.

പിന്നെ ഉയർന്നത് കൂട്ടനിലവിളിയാണ്. പലരും പ്രാണരക്ഷാർത്ഥം ഓടി. 7 വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. ഒരു വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റു.

നാല് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മീനച്ചില്‍ താലൂക്കിലെമ്പാടും തുടർച്ചയായി പെയ്ത അതിതീവ്രമഴ കനത്ത നാശമാണ് വിതച്ചത്. ഭരണങ്ങാനം, മേലുകാവ് പഞ്ചായത്തുകളുടെ അതിർത്തിയായ ഇടമറുക്, തേവർമല, കൈലാസം ഭാഗത്ത് ഭരണങ്ങാനം വില്ലേജ് അതിർത്തിയില്‍ ചോക്കല്ല് മലയുടെ ഒരുവശത്താണ് ഉരുള്‍പൊട്ടിയത്.
കുത്തൊഴുക്കില്‍ എട്ട് വീടുകളില്‍ ഉരുള്‍വെള്ളം ഇരച്ചെത്തി വീട്ടുപകരണങ്ങള്‍ ഒഴുകിപ്പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്കച്ചൻ കൊച്ചുവീട്ടില്‍, ജിതിൻ കൊച്ചുവീട്ടില്‍, നിതിൻ കൊച്ചുവീട്ടില്‍, റോസമ്മ വടക്കേവീട്ടില്‍, ബിജു പുത്തൻപുരയ്ക്കല്‍, തങ്കമ്മ പുത്തൻപുരയ്ക്കല്‍, കുഞ്ഞുകുട്ടി കാര്യാങ്കല്‍, പയസ് മുറത്താങ്കല്‍ എന്നിവരുടെ വീടുകളിലാണ് നാശം. ഇതില്‍ പയസ് മുറത്താങ്കല്‍ ഒഴികെയുള്ളവർ ലൈഫ് ഭവന പദ്ധതി ലിസ്റ്റില്‍ പേരുള്‍പ്പെട്ട പാവപ്പെട്ടവരാണ്.

ഉരുള്‍പൊട്ടിയ ഇടമറുക് കൈലസം, ചേക്കോട് മലയുടെ മറുഭാഗത്താണ് ഭരണങ്ങാനം പഞ്ചായത്ത് കമ്മിറ്റി സ്വകാര്യ ഗ്രാനേറ്റ്സ് പറമടയ്ക്ക് ലൈസൻസ് അനുമതി നല്‍കിയതിനെപ്പറ്റി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി.
ഈ മലയില്‍ ഇതിനു മുൻപും ഉരുള്‍പൊട്ടിയതാണ്. ലൈസൻസിനു ജില്ലാ കളക്‌ടർ ഉള്‍പ്പെടുന്ന സമിതിയുടെ നിരാക്ഷേപപത്രം ആവശ്യമാണ്.

പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടാവില്ലായെന്ന ഒരു സർക്കാർ ഇതര വിദഗ്ദസമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്വകാര്യ കമ്പനി പാരിസ്ഥിതികാനുമതി നേടിയെടുത്തിട്ടുള്ളതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കാലവർഷം ആരംഭിക്കുനതിനു മുൻപ് തന്നെ ഈ മലയില്‍ ഉരുള്‍പൊട്ടിയത് സ്ഥലവാസികളെ ഭയപ്പെടുത്തുകയാണ്. ഈ കാര്യം സൂചിപ്പിച്ച്‌ കളക്‌ടർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പഞ്ചായത്തിലും പരാതികള്‍ നല്‍കിയിട്ടും ആരും പരിഗണിച്ചില്ല.

പാറമടയ്ക്ക് അനുമതി നല്‍കിയ സംഭവം സർക്കാർ തലത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.