play-sharp-fill
പ്രൊട്ടക്ഷൻ ഓർഡർ ലംഘിച്ച്‌ ഭർത്താവ് ഭാര്യയെയും മകളെയും വെട്ടിപരിക്കേൽപ്പിച്ചു

പ്രൊട്ടക്ഷൻ ഓർഡർ ലംഘിച്ച്‌ ഭർത്താവ് ഭാര്യയെയും മകളെയും വെട്ടിപരിക്കേൽപ്പിച്ചു

സ്വന്തം ലേഖകൻ

കണ്ണൂർ: കക്കാട് ഭാര്യയേയും മകളേയും വെട്ടിപരിക്കേൽപ്പിച്ച ആൾക്കെതിരെ കേസെടുത്തു. കക്കാട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയേയും മകൾ റനിതയേയും വെട്ടിയത്. നേരത്തെയും പലതവണ രവീന്ദ്രൻ ഭാര്യയേയും മക്കളേയും ആക്രമിച്ചിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവിദ ഗുരുതരാവസ്‌ഥയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രവിദയ്‌ക്ക്‌ തലയ്‌ക്കാണ് പരിക്ക്. അമ്മയെ വെട്ടുന്നത് കണ്ട് ഓടിയെത്തിയ മകളേയും രവീന്ദ്രൻ വെട്ടിയിരുന്നു. റനിതയുടെ കൈയ്‌ക്കും കാലിനും പരിക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയേയും സഹോദരിയേയും ആക്രമിക്കുന്നത് കണ്ട പ്രവിദയുടെ മകൻ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ രവീന്ദ്രനും പരിക്കേറ്റെന്നാണ് വിവരം. നിസാര പരിക്കുകളോടെ ഇയാളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് രവീന്ദ്രൻ പ്രവിദയേയും മകൾ റനിതയേയും വെട്ടിയത്. നേരത്തെ പലവട്ടം രവീന്ദ്രനെതിരെ ​ഗാ‍ർഹിക പീഡനത്തിന് പോലീസിൽ പരാതി നൽകിയിരുന്നു. തുടർച്ചയായ ആക്രമണങ്ങളുടേയും പരാതികളുടേയും പശ്‌ചാത്തലത്തിൽ പ്രവിദയ്‌ക്ക്‌ പ്രൊട്ടക്ഷൻ ഓർഡർ കിട്ടിയിരുന്നു. ഒരു കാരണവശാലും വീട്ടിലേക്ക് കയറുതെന്നും ഭാര്യയേയും മക്കളേയും ഉപദ്രവിക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഓർഡർ രവീന്ദ്രനും ലഭിച്ചിരുന്നു.

ഈ ഓർഡർ കിട്ടിയ ശേഷം ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. ഒരാഴ്‌ചയോളം സ്‌ഥലത്ത് ഇല്ലാതിരുന്ന ഇയാൾ ഇന്ന് രാവിലെ വീട്ടിലെത്തി അമ്മയേയും മകളേയും ആക്രമിക്കുകയായിരുന്നു. നേരത്തെ ഗൾഫിലായിരുന്ന രവീന്ദ്രൻ 2009ലാണ് നാട്ടിൽ തിരിച്ചെത്തിയത്. അന്നു മുതൽ സംശയ രോഗത്തിന്റെ പേരിൽ തുടർച്ചയായി ഭാര്യയേയും മകളേയും പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം.

രവീന്ദ്രനിൽ നിന്നുള്ള ഉപദ്രവത്തെക്കുറിച്ച് പരാതികൾ ലഭിച്ചപ്പോൾ തന്നെ ഇരുകൂട്ടരേയും വിളിച്ചു വരുത്തിയിരുന്നുവെന്നും എന്നാൽ കേസെടുക്കേണ്ടെന്നും താക്കീത് നൽകി വിട്ടയച്ചാൽ മതിയെന്നുമുള്ള നിലപാടാണ് പ്രവിദ സ്വീകരിച്ചതെന്നും കണ്ണൂർ ടൗൺ പോലീസ് വ്യക്‌തമാക്കി.