Spread the love

കൊല്ലം: ഭർത്താവ് ക്വട്ടേഷൻ നല്‍കി വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പത്ത് വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും. ഭർത്താവ് ഉള്‍പ്പെടെ പ്രതികളായ മറ്റ് മൂന്നുപേരെയും കോടതി വെറുതേവിട്ടു.

video
play-sharp-fill

2019 ഫെബ്രുവരി 24നായിരുന്നു സംഭവം. കടയ്‌ക്കല്‍ കുമ്മിള്‍ പുള്ളിപ്പച്ച തടത്തരികത്തുവീട്ടില്‍ ഷാജഹാന്റെ ഭാര്യ റംലാബീവിയെ (40) മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. ചടയമംഗലം പോരേടം ചരുവിള പുത്തൻവീട്ടില്‍ നവാസിനെയാണ് (44) കൊട്ടാരക്കര അഡീഷണല്‍ സെഷൻസ് ജഡ്‌ജി ടി ആർ റീനാദാസ് ശിക്ഷിച്ചത്.

പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് വർഷം അധിക തടവുശിക്ഷ അനുഭവിക്കണം. കേസിലെ ഒന്നാംപ്രതി ഷാജഹാൻ (60), മൂന്നാം പ്രതി ചടയമംഗലം മേടയില്‍ റാണി മൻസിലില്‍ അജി (43), പുള്ളിപ്പച്ച സലീനാ മൻസിലില്‍ ഷംസീർ (44) എന്നിവരെയാണ് കോടതി വെറുതേവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാജഹാനുമായി പിണങ്ങിക്കഴിഞ്ഞിരുന്ന റംലീബീവിയും മക്കളും കൊട്ടാരക്കര കുടുംബകോടതി അദാലത്തിലെ തീർപ്പിനെത്തുടർന്നാണ് ഷാജഹാന്റെ വീട്ടില്‍ താമസം ആരംഭിച്ചത്. ഭാര്യയെ സംശയിച്ചിരുന്ന ഷാജഹാൻ ഇവരെയും മക്കളെയും വീട്ടില്‍ നിന്ന് ഒഴിവാക്കാൻ പലതവണ ശ്രമിച്ചിരുന്നു. തന്റെ എതിർപ്പ് അവഗണിച്ച്‌ വീട്ടില്‍ തുടർന്ന റംലാബീവിയെ കൊലപ്പെടുത്താൻ ഷാജഹാൻ ഗൂഢാലോചന നടത്തുകയും ഷംസീർ വഴി നവാസിന് ക്വട്ടേഷൻ നല്‍കുകയും ചെയ്‌തു.

കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയും ക്വട്ടേഷനും തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തെളിവുകളുടെ അഭാവത്തിലാണ് മറ്റ് മൂന്ന് പ്രതികളെയും വെറുതേവിട്ടത്.