
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, പ്രധാന പദവികള്‍ പങ്കിട്ടെടുക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസിനകത്തും മുന്നണിയിലും തർക്കം രൂക്ഷമാകുന്നു.
വി.എസ്. അച്യുതാനന്ദൻ ഒഴിഞ്ഞതുമുതല്‍ അനാഥമായി കിടക്കുന്ന കേരള ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തിനായി കോണ്‍ഗ്രസും മുസ്ലിം ലീഗും ഒരേസമയം അവകാശവാദവുമായി രംഗത്തെത്തിയതാണ് യുഡിഎഫില്‍ പുതിയ അധികാരത്തർക്കത്തിന് വഴിവച്ചിരിക്കുന്നത്.
ജനകീയ പ്രശ്നങ്ങളില്‍ ഒരുമിച്ച് നില്‍ക്കുന്നതിനേക്കാള്‍ മുന്നണി നേതാക്കള്‍ക്ക് പദവികള്‍ വീതംവെക്കുന്നതിനാണ് മുൻഗണനയെന്ന വിമർശനം ഇതോടെ ശക്തമായിരിക്കുകയാണ്. കമ്മീഷൻ ചെയർമാൻ പദവിയിലേക്ക് കോണ്‍ഗ്രസ് മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ പേര് ഉയർത്തുമ്പോള്‍, മുൻമന്ത്രി ഡോ. എം.കെ. മുനീറിനെ നിയമിക്കണമെന്ന കടുത്ത നിലപാടിലാണ് മുസ്ലിം ലീഗ്.
വിഷയത്തില്‍ യുഡിഎഫില്‍ ഔദ്യോഗിക ചർച്ചകള്‍ തുടങ്ങിയിട്ടില്ലെങ്കിലും, ഇരുവിഭാഗവും തങ്ങളുടെ നേതാക്കള്‍ക്കായി അണിയറയില്‍ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ദീർഘകാലത്തെ രാഷ്ട്രീയ-ഭരണ പരിചയമുള്ള സുധീരന്റെ യോഗ്യതകള്‍ ഭരണതലത്തില്‍ ഉപയോഗിക്കണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വാദം. മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ സുധീരന്റെ പേര് പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചതായാണ് ലഭിക്കുന്ന സൂചനകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ആരോഗ്യകാരണങ്ങളാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനിന്ന മുനീറിന് അർഹമായ പുനരധിവാസം ഉറപ്പാക്കണമെന്നാണ് ലീഗിന്റെ ആവശ്യം. മലബാറിലെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും സി.എച്ച്. മുഹമ്മദ് കോയയുടെ മകനെ മാറ്റിനിർത്തുന്നു എന്ന ആക്ഷേപവും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് ലീഗ് ക്യാമ്പിന്റെ നീക്കം. ഭരണം തിരിച്ചുപിടിച്ച ആവേശത്തില്‍ ജനക്ഷേമ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ പദവികള്‍ക്കായി ഘടകകക്ഷികള്‍ തമ്മിലടിക്കുന്നത് മുന്നണിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്







