മാതാപിതാക്കൾ പുറത്തുപോയ സമയത്ത് വീട്ടിൽ തീപിടുത്തം; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ; സഹോദരിയെ കാണാനില്ല; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

മാതാപിതാക്കൾ പുറത്തുപോയ സമയത്ത് വീട്ടിൽ തീപിടുത്തം; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ; സഹോദരിയെ കാണാനില്ല; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: മാതാപിതാക്കൾ പുറത്തുപോയ സമയത്ത് വീട്ടിലുണ്ടായ തീപിടുത്തത്തിൽ യുവതി വെന്തു മരിച്ചു. പറവൂർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീട്ടിലാണ് ദുരന്തം.

സംഭവ സമയത്ത് ശിവാനന്ദന്റെ രണ്ട് പെൺമക്കളാണ് വീട്ടിൽ ഉണ്ടായിരുന്നത്. ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാൻ പുറത്തേക്കുപോയ സമയത്താണ് തീപിടിത്തമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവാനന്ദനും ഭാര്യ ജിജി, പെൺമക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരുമാണ് വീട്ടിൽ താമസിച്ചിരുന്നത്. രണ്ടാമത്തെ മകൾ ഏതാനും നാളുകളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. അച്ഛനും അമ്മയും ഡോക്ടറെ കാണാൻ ആലുവയിൽ പോയിരിക്കെ 12 മണിക്ക് മൂത്ത മകൾ വിസ്മയ വിളിച്ച് എപ്പോൾ വരുമെന്ന് തിരക്കി. രണ്ട് മണിക്ക് എത്താനാകുമെന്ന് മാതാപിതാക്കൾ അറിയിച്ചു.

വൈകുന്നേരം മൂന്നു മണിയോടെ വീടിനുള്ളിൽ നിന്നു പുക ഉയരുന്നതുകണ്ട് പരിസരവാസികളാണ് വിവരം അധികൃതരെ അറിയിച്ചത്. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു.

വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. രണ്ട് മുറികൾ കത്തി നശിച്ചിരുന്നു. അതിലൊന്നിലാണ് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

മുറിക്കുള്ളിൽ മണ്ണെണ്ണയുടെ രൂക്ഷമായ ഗന്ധം ഉണ്ടായിരുന്നു. മുറിയുടെ വാതിലിന്റെ കട്ടിളയിൽ രക്തം വീണ പാടുണ്ടായിരുന്നു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് പരിശോധിച്ച മാതാപിതാക്കൾ മൂത്ത മകൾ വിസ്മയയുടേതാണ് ലോക്കറ്റെന്ന് തിരിച്ചറിഞ്ഞെങ്കിലും ആളെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ടാമത്തെ മകളെ രാത്രി വൈകിയും കണ്ടെത്താനായിരുന്നില്ല.

ഇരുചക്ര വാഹനത്തിൽ മത്സ്യം വിൽക്കുന്ന ജോലിയാണ് ശിവാനന്ദന്. മക്കളായ വിസ്മയ ബി.ബി.എ.യും ജിത്തു ബി.എസ്സി.യും പൂർത്തിയാക്കിയവരാണ്. സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വിസ്മയയുടെ മൊബൈൽ ഫോൺ വീട്ടിൽനിന്നു കാണാതായിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.