അർധരാത്രി ജനറൽ ആശുപത്രിയ്ക്കു മുകളിൽ മരം വീണു: ആശുപത്രി വളപ്പിലെ മരം മറിഞ്ഞു വീണത് പതിനൊന്നാം വാർഡിനു മുകളിൽ; രോഗികളുടെ മൂന്ന് കൂട്ടിരിപ്പുകാർക്ക് പരിക്ക്

അർധരാത്രി ജനറൽ ആശുപത്രിയ്ക്കു മുകളിൽ മരം വീണു: ആശുപത്രി വളപ്പിലെ മരം മറിഞ്ഞു വീണത് പതിനൊന്നാം വാർഡിനു മുകളിൽ; രോഗികളുടെ മൂന്ന് കൂട്ടിരിപ്പുകാർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: ജനറൽ ആശുപത്രി വളപ്പിലെ പടുകൂറ്റൻ വാകമരം കടപുഴകി ആശുപത്രിയിലെ പതിനൊന്നാം വാർഡിനു മുകളിൽ വീണു. നിരവധി രോഗികൾ ചികിത്സയിൽ കഴിയുന്ന വാർഡിനു മുകളിൽ അർധരാത്രി മരം കടപുഴകി വീണതോടെ ആളുകൾ നിലവിളിയുമായി നാലു പാടും പാഞ്ഞു. അപകടങ്ങളിലടക്കം പരിക്കുപറ്റി കിടക്കുന്ന ആളുകൾ ഉള്ള വാർഡിനു മുകളിലേയ്ക്കാണ് അപ്രതീക്ഷിതമായി മരം വീണത്. അപകടത്തിൽ ഭാഗ്യം കൊണ്ടു മാത്രമാണ് പലരും പരിക്കേൽക്കാതെ രക്ഷപെട്ടത്.

മരത്തിന്റെ ശിഖരം തലയിലും പുറത്തും വന്നടിച്ച് വാർഡിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് കൂട്ടിരിക്കാനെത്തിയ അയ്മനം ചിറയിൽ തമ്പി(49) ഭാര്യ ബിന്ദു (43), കഞ്ഞിക്കുഴി അലീന നിവാസിൽ ഓമന (55), തോട്ടയ്ക്കാട് ഇരുവുചിറ കരോട്ട് സരസമ്മ കരുണാകരൻ (68) എന്നിവരെ ജനറൽ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

്‌വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വാഹനാപകടങ്ങളിൽ അടക്കം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ ഉള്ള വാർഡാണ് പതിനൊന്ന്. കാലിന് ഗുരുതരമായി പരിക്കേറ്റവരും തലയ്ക്കു പരിക്കേറ്റവും അടക്കമുള്ള രോഗികൾ ഈ വാർഡിലാണ് കിടക്കുന്നത്.

ഈ വാർഡിനു മുന്നിലെ വഴിയ്ക്ക് സമീപത്തായി നിന്ന കൂറ്റൻ വാകമരം കടപുഴകി ആശുപത്രിയുടെ വാതിലിനോടു ചേർന്ന് മേൽക്കൂരയിലേയ്ക്കു വൻ ശബ്ദത്തോടെ പതിക്കുകയായിരുന്നു. മേൽക്കൂരയിലെ ഷീറ്റ് തകർത്ത് കെട്ടിടത്തിനുള്ളിലേയ്ക്കു മരത്തിന്റെ ശിഖരങ്ങൾ ആഞ്ഞടിച്ചു. ഷീറ്റ് തകർത്ത് ശിഖരങ്ങളും മഴത്തുള്ളികളും ആശുപത്രിയ്ക്കുള്ളിലേയ്ക്കു കയറി. പലർക്കും ശിഖരങ്ങളും ഷീറ്റിന്റെ പാളിയും വന്നടിച്ചാണ് പരിക്കേറ്റത്.

കൂട്ടിരിപ്പുകാരായ ഓമനക്ക് കൈക്കും സരസമ്മക്ക് തലക്കുമാണ് പരിക്കേറ്റത്. രോഗബാധിതനായി രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടിരിക്കുകയായിരുന്നു ഓമന. തറയിലിരുന്ന ഓമന ഭക്ഷണം കഴിക്കുന്നതിനിടെ മരം കടപുഴകി ഇവരുടെ കയ്യിലേയ്ക്കു വീഴുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽകഴിയുന്ന മകൻ നവീന് കൂട്ടിരിക്കാനെത്തിയതാണ് മാതാപിതാക്കളായ തമ്പിയും ബിന്ദുവും. മരത്തിന്റെ ശിഖരങ്ങൾ പതിച്ച് നിലത്തുകിടന്ന ബിന്ദുവിന് പുറത്തും തമ്പിക്ക് കാലിനുമാണ് പരിക്കേറ്റത്.
പ്രമേഹ രോഗിയായ ഭർത്താവ് കരുണാകരന് ഇന്ന് ശസ്ത്രക്രിയ നടക്കാനിരിക്കെയാണ് സരസമ്മയ്ക്കു മരം വീണ് പരിക്കേറ്റത്.

22ലധികം പേർ ചികിത്സയിൽ കഴിഞ്ഞ വാർഡിന് മുകളിലേക്കാണ് മരം വീണത്. ഇതോടെ രോഗികളടക്കം ഭയചകിതരായി. തുടർന്ന് ആർ.എം.ഒ ഡോ.ഭാഗ്യശ്രീ നേതൃത്വത്തിൽ വാർഡിൽ കഴിഞ്ഞ രോഗികളടക്കമുള്ള മുഴുവൻപേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തകർന്ന ഷീറ്റിന്റെ കഷ്ണങ്ങളടക്കം വരാന്തയിലും വാർഡിലും ചിതറികിടക്കുകയാണ്. കോട്ടയത്തുനിന്ന് അഗ്‌നിരക്ഷാസേനയെത്തി മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി.