
വിദേശ വനിതയായ വൃദ്ധയെ പരിചരിക്കാനെത്തിയ ഹോം നേഴ്‌സ് തട്ടിയെടുത്തത് ഒന്നരക്കോടിയിലധികം രൂപ; വൃദ്ധയ്ക്ക് ഉറക്കഗുളിക നല്‍കി 75 ലക്ഷം രൂപയും, മുക്കാൽ കോടിയുടെ ഡയമണ്ട് ആഭരണങ്ങളും അടിച്ച് മാറ്റിയ ഹോം നേഴ്സ് വൃദ്ധയുടെ പറമ്പിലെ 12 തേക്കിൻ തടികളും വെട്ടി വിറ്റു; 2010 ൽ നടന്ന കേസിലെ പ്രതികൾ ഇപ്പോഴും ഒളിവിൽ; ഹോം നേഴ്സ് എത്തിയത് കോട്ടയം ടി.ബി റോഡിലെ സിയോൺ ഹോം നേഴ്സിംഗ് ഏജൻസിയിൽ നിന്നും
സ്വന്തം ലേഖകൻ
കോട്ടയം: അയ്മനത്ത് ഡോ. റേച്ചൽ റോഡ്സ്ട്രോമിൻ്റെ വീട്ടിൽ ഹോംനേഴ്സായി ജോലി ചെയ്തിരുന്ന
ചേര്‍ത്തല അര്‍ത്തുങ്കല്‍ വേലംപറമ്പില്‍ വിജി.ആർ.നായരേ കുറിച്ച് ഓർക്കുമ്പോൾ ഇന്നും കോട്ടയംകാർക്ക് ഞെട്ടലാണ്.
കോട്ടയം സ്വദേശിനിയും ഫ്രാൻസിലെ നയതന്ത്ര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ്റെ ഭാര്യയുമായിരുന്നു
അയ്മനം പാണംമാലിൽ ഡോ. റേച്ചൽ റോഡ്സ്ട്രോം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായാധിക്യം മൂലം അയ്മനത്തുള്ള വീട്ടിൽ വിശ്രമജീവിതം നയിക്കാനെത്തിയതായിരുന്നു ഡോ.റേച്ചൽ. ശാരിരിക അവശതകൾ ഉള്ളതിനാൽ സഹായത്തിനായി കോട്ടയം ടി.ബി റോഡിൽ പ്രവർത്തിക്കുന്ന ഹോംനേഴ്സിംഗ് ഏജൻസിയായ സിയോണിൽ നിന്നും വിജി.ആർ നായരെന്ന ഹോം നേഴ്സിനെ ജോലിക്കെടുത്തു.
ആദ്യകാലത്ത് ഭംഗിയായി വീട്ടുകാര്യങ്ങൾ നോക്കി നടത്തിയ വിജി ആർ നായർ വളരെ പെട്ടന്ന് ഡോ.റേച്ചലിൻ്റ വിശ്വസ്തയായി മാറി. പിന്നീട് വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതും ഏക്കർ കണക്കിന് വരുന്ന പറമ്പിലെ പണിക്കാർക്ക് ശമ്പളം നല്കുന്നതിൻ്റെ ചുമതലയുമെല്ലാം വിജി ഏറ്റെടുത്തു.
കിട്ടിയ അവസരം മുതലാക്കിയ വിജിയും കാമുകൻ ബിജുവും ചേർന്ന് ഡോ.റേച്ചലിന് ഉറക്കഗുളിക നല്‍കി മയക്കിയ ശേഷം വീട്ടു സാധനങ്ങൾ വാങ്ങാനെന്നും പറഞ്ഞ് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു വാങ്ങി റേച്ചലിൻ്റെ അക്കൗണ്ടിൽ നിന്ന് പലപ്പോഴായി 75 ലക്ഷം രൂപ തട്ടിയെടുത്തു.വീട്ടിൽ സൂക്ഷിച്ചിരുന്ന മുക്കാൽ കോടിയിലധികം വിലവരുന്ന ഡയമണ്ട്, സ്വർണ്ണ ആഭരണങ്ങളും അടിച്ച് മാറ്റുകയായിരുന്നു.
പിന്നീട് ഏക്കറുകണക്കിന് വസ്തു ഉണ്ടായിരുന്ന ഡോ. റേച്ചലിൻ്റ പറമ്പിൽ നിന്ന പന്ത്രണ്ട് തേക്കിൻ തടികളും ഇരുവരും ചേർന്ന് വെട്ടി വിറ്റു. മരം മുറിച്ച് കടത്തുന്നത് കണ്ട അയൽവാസികൾക്ക് തോന്നിയ സംശയമാണ് വിജിയെ കുടുക്കിയത്. ഈ സമയത്ത് വിജിയുമായി അടുത്ത ബന്ധമുള്ള ആളിന്റെ വീട് തേക്കിൻ തടി ഉപയോഗിച്ച് പാനൽ ചെയ്തതും ദുരൂഹത ഉണ്ടാക്കുന്ന സംഭവമാണ്. കോട്ടയത്ത് യാതൊരു ബന്ധവുമില്ലാത്ത ഹോംനേഴ്സിന് ലോക്കൽ സപ്പോർട്ട് കിട്ടാതെ തേക്കിൻ തടികൾ വെട്ടി വിൽക്കാൻ സാധിക്കില്ലെന്നത് വസ്തുതയാണ്.
2010 ൽ നടന്ന സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിജിയേയും കാമുകനേയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. വിജി ഹോം നേഴ്സായി ജോലിക്കെത്തിയത് കോട്ടയം ടി.ബി റോഡിൽ റോയി പി എബ്രഹാം എന്നയാളിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സിയോൺ ഹോം നേഴ്സിംഗ് ഏജൻസിയിൽ നിന്നുമായിരുന്നു.
2010 ൽ നടന്ന സംഭവത്തിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല