രോഗി പരിചരണത്തിൻ്റെ മറവിൽ മോഷണം; ഏഴ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും മോഷ്ടിച്ച ഹോം നഴ്സ് പൊലീസ് പിടിയിൽ
സ്വന്തം ലേഖിക
കോഴിക്കോട്: ഹോം നഴ്സ് ചമഞ്ഞ് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ച്ച നടത്തിയ യുവതി പൊലീസിൻ്റെ പിടിയില്‍.
പാലക്കാട് കൊടുമ്പ് പടിഞ്ഞാറെ പാവൊടി മഹേശ്വരി(38)യെയാണ് അറസ്റ്റ് ചെയ്തത്. നവംബര്‍ 12 ന് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ രോഗിയെ പരിചരിക്കാന്‍ ഹോം നഴ്സ് എന്ന വ്യാജേന വ്യാജപേരില്‍ വന്ന് ഏഴ് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് അറസ്റ്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീജ മലപ്പുറം എന്ന സ്ത്രീയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ്, കോഴിക്കോടുള്ള ഹോം നഴ്സ് സ്ഥാപനത്തില്‍ ഇവര്‍ ജോലി നേടിയത്. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയായ ഷീന യോഗേഷിൻ്റെ പണവും സ്വര്‍ണ്ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്.
കവര്‍ച്ച നടത്തിയതിനു ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങിയ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയും സൈബര്‍സെല്ലിൻ്റെ സഹായത്തോടെ നൂറ് കണക്കിന് മൊബൈല്‍ നമ്പറുകള്‍ പരിശോധിച്ചുമാണ് പിടികൂടിയത്.
മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്പെക്ടര്‍മാരായ ഏ രമേഷ് കുമാര്‍, ടി വി ദീപ്തി, കെ എ അജിത് കുമാര്‍, അസി. സബ് ഇന്‍സ്പെക്റ്റര്‍ ബൈജു ടി, സൈബര്‍ സെല്ലിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നജ്മ, രൂപേഷ്, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അറസ്റ്റിലായ മഹേശ്വരിക്കെതിരെ പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ സമാനമായ നിരവധി കേസുകള്‍ നിലവിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണറുടേയും മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്റ്റര്‍ ബെന്നി ലാലുവിൻ്റെയും നേതൃത്വത്തിലാണ് അറസ്റ്റ്.