നാളെ അവധിയുണ്ടോ കളക്ടർ സാറേ: മഴയൊഴിഞ്ഞു നിന്നിട്ടും കോട്ടയത്ത് അവധി അന്വേഷകർ വർധിക്കുന്നു; എട്ടു ദിവസത്തെ അവധി ലഭിച്ചിട്ടും മതിയാകാതെ കുട്ടികൾ
സ്വന്തം ലേഖകൻ
കോട്ടയം: തുടർച്ചയായി എട്ടു ദിവസം അവധി നൽകിയ കളക്ടർ വെള്ളിയാഴ്ചയും അവധി നൽകുമെന്ന പ്രതീയിലാണ് കുട്ടികൾ. മഴയൊഴിഞ്ഞു നിന്നെങ്കിലും വെള്ളം പ്രതീക്ഷിച്ച രീതിയിൽ ഇറങ്ങിയിട്ടില്ല. എന്നാലും, കളക്ടർ നാളെ അവധി നൽകുമോ എന്നറിയാൻ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിലേയ്ക്ക് ഉറ്റു നോക്കിയിരിക്കുയാണ് വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ പോസ്റ്റ് കണ്ട് കളക്ടർ അവധി പ്രഖ്യാപിച്ചാൽ കോളടിക്കുമല്ലോ എന്ന പ്രതീക്ഷയിൽ ഉറ്റു നോക്കിയിരിക്കുകയാണ് അധ്യാപകരും..!
പെരുമഴ തുടങ്ങിയതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ജില്ലയിൽ അവധിയുടെ ആഘോഷം തുടങ്ങിയത്. വ്യാഴവും വെള്ളിയും അവധി പ്രഖ്യാപിച്ചതോടെ കളക്ടർ കോട്ടയത്തെ സ്റ്റാറായി മാറി. കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും നിരന്തര സന്ദേശങ്ങൾ ഒഴുകിയെത്തി. തിങ്കൾ മുതൽ ബൂധൻ വരെ ഓരോ ദിവസവും അവധി പ്രഖ്യാപിച്ചതോടെ തുടർച്ചയായ ഏഴു ദിവസമാണ് സ്‌കൂളുകൾക്ക് അവധി ലഭിച്ചത്.
കഴിഞ്ഞ വർഷത്തേതിൽ നിന്നു വ്യത്യസ്തമായി മഴ ഒഴിഞ്ഞു നിന്ന ഓഗസ്റ്റ് 15 അധ്യാപകരെയും വിദ്യാർത്ഥികളെയും ചതിച്ചു. പകൽ മുഴുവൻ ജില്ലയിൽ മഴ മാറി നിന്നതോടെ അവധിയുണ്ടോ എന്നതായി കുട്ടികളുടെ ചിന്ത മുഴുവൻ. നാളെ ഒരു ദിവസം മാത്രം അവധിയില്ലാതെ പോകേണ്ടതുണ്ടോ എന്നതാണ് കുട്ടികൾ ഉറ്റു നോക്കുന്നത്. തിങ്കൾ മുതൽ വ്യാഴം വരെ അവധി ലഭിച്ചതിനാൽ വെള്ളിയാഴ്ച കൂടി അവധി നൽകി സന്തോഷം നിറയ്ക്കണമെന്നാണ് ഇവരുടെ അഭ്യർത്ഥന.
ഈ സാഹചര്യത്തിൽ ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. എല്ലാ ദിവസവും വൈകിട്ട് അഞ്ചരയോടെയാണ് കളക്ടർ അവധി പ്രഖ്യാപിക്കുന്നത്. പതിവു പോലെ ഇന്നും കളക്ടർ അവധി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.