എച്ച്എൻഎൽ സ്വകാര്യ വത്കരണം – കേന്ദ്ര സർക്കാർ പിന്മാറണം : ജോസ് കെ.മാണി

എച്ച്എൻഎൽ സ്വകാര്യ വത്കരണം – കേന്ദ്ര സർക്കാർ പിന്മാറണം : ജോസ് കെ.മാണി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സ്വകാര്യ വത്കരിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രിക്ക് നിവേദനം നൽകി. 
പൊതുമേഖലാ സ്ഥാപനങ്ങളിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന മിനി രത്‌ന കമ്പനിയാണ് എച്ച്.എൻ.എൽ. ഏകദേശം 1400 ഓളം തൊഴിലാളികൾ നേരിട്ടും അയ്യായിരത്തോളം തൊഴിലാളികൾക്ക് അനുബന്ധമായും ഈ സ്ഥാപനം തൊഴിൽ നൽകുന്നുണ്ട്. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണ് കേന്ദ്ര സർക്കാർ നിലപാടെന്ന് കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് വകുപ്പ് മന്ത്രി ആനന്ദ് ജി.ഗീതെ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ജോസ് കെ.മാണമി എം.പിയുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു. എച്ച്.എൻ.എൽ സ്വകാര്യ വത്കരിക്കാൻ തീരുമാനം എടുത്തിട്ടില്ലെന്നും എല്ലാവരുമായി ചർച്ച ചെയ്ത് മാത്രമേ അത് തീരുമാനിക്കൂ എന്നും അദ്ദേഹം പാർലമെന്റിൽ അറിയിച്ചിരുന്നു. 
അസാമിലും, നാഗാലാൻഡിലും സമാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും ലാഭത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ എച്ച്എൻഎല്ലിനെ സ്വകാര്യ വത്കരിക്കുവാനുമുള്ള കേന്ദ്രസർക്കാർ നീക്കം ഇരട്ടത്താപ്പാണ്. 1975 – 80 കാലഘട്ടത്തിൽ പേപ്പർ നിർമ്മിക്കുവാനായി മാത്രമാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് 685 ഏക്കറോളം വരുന്ന സ്ഥലം വിട്ടു നൽകിയത്. ഇപ്പോൾ ഈ സ്ഥാപനം സ്വകാര്യ വത്കരിക്കാനുള്ള നീക്കത്തിനു പിന്നിൽ ഭൂമാഫിയയുടെ താല്പര്യങ്ങളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 
സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ജോസ് കെ.മാണി എംപിയുടെ നേതൃത്വത്തിൽ എംഎൽഎമാരും, എച്ച്.എൻ.എല്ലിലെ വിവിധ തൊഴിലാളി സംഘടനകളുടെ നേതാക്കന്മാരും മുഖ്യമന്ത്രിയുടെ ചേമ്പറിലെത്തി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് എത്രയും വേഗം തന്നെ തിരുവനന്തപുരത്ത് വച്ച് ഒരു സർവകക്ഷിയോഗം വിളിച്ചു കൂട്ടുമെന്ന് മുഖ്യമന്ത്രി ഉറപ്പും നൽകിയിരുന്നു.