ഭാര്യയുമായി അവിഹിതബന്ധം; കാറിടിച്ച്‌ വീഴ്ത്തി കൊലപാതകം; വിചാരണക്കോടതി വെറുതെ വിട്ട പ്രതിക്ക് ജീവപര്യന്തം വിധിച്ച്‌ ഹൈക്കോടതി

ഭാര്യയുമായി അവിഹിതബന്ധം; കാറിടിച്ച്‌ വീഴ്ത്തി കൊലപാതകം; വിചാരണക്കോടതി വെറുതെ വിട്ട പ്രതിക്ക് ജീവപര്യന്തം വിധിച്ച്‌ ഹൈക്കോടതി

സ്വന്തം ലേഖിക

കൊച്ചി: പെരുമ്പാവൂര്‍ വട്ടയ്ക്കാട്ടുപടിയില്‍ പ്ലൈവുഡ് വ്യാപാരിയായ നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി റഷീദിന് ഹൈക്കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു.

കൊലക്കുറ്റത്തിന് തെളിവുണ്ടെന്ന് വിലയിരുത്തിയാണ് കോടതിയുടെ വിധി. കേസില്‍ വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015 മെയ് അഞ്ചിനാണ് നൗഷാദ് കൊല്ലപ്പെടുന്നത്. നൗഷാദിന്റെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരന്‍ ആയിരുന്നു പ്രതി റഷീദ്. തന്റെ ഭാര്യയ്ക്ക് നൗഷാദുമായി അടുപ്പം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം.

ബൈക്കില്‍ പോയ നൗഷാദിനെ കാര്‍ ഇടിച്ചു വീഴ്ത്തുകയും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
മൂവാറ്റുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി വിചാരണയ്ക്ക് ശേഷം 2019 മെയ് 25 ന് പ്രതിയെ വെറുതെ വിട്ടു. ഇതിനെതിരെ നൗഷാദിന്റെ ഭാര്യ അല്ലി നൗഷാദും സര്‍ക്കാരും നല്‍കിയ അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ദൃക്‌സാക്ഷിയുടെ പെരുമാറ്റം പ്രതീക്ഷിച്ച പ്രകാരമല്ലെന്ന് പറഞ്ഞ് മൊഴി അവിശ്വസിച്ച വിചാരണകോടതിയുടെ നടപടി ശരിയായില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. റീജീയണല്‍ കെമിക്കല്‍ ലാബിലെ പരിശോധനാഫലം ലഭ്യമായിരിക്കെ, സെഷന്‍സ് ജഡ്ജി കോടതിമുറിയില്‍ വെച്ച്‌ കത്തിയിലെ രക്തക്കറ പരിശോധിച്ചത് ശരിയല്ല.

ജഡ്ജി ഫൊറന്‍സിക് വിദഗ്ധന്‍ അല്ലെന്നും ഹൈക്കോടതി പറഞ്ഞു. കാര്‍ ഇടിച്ചു വീഴ്ത്തിയതും കത്തി കൊണ്ട് കുത്തിയതും കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ്. പ്രതിയെ വിട്ടയച്ചത് നിയമപരമല്ലെന്നും ഹൈക്കോടതി വിലയിരുത്തി.

പ്രതിയെ നേരിട്ടുവിളിച്ചു വരുത്തി ശിക്ഷ സംബന്ധിച്ച്‌ ഹൈക്കോടതി വാദം കേട്ടു. പിഴത്തുകയായ രണ്ട് ലക്ഷം രൂപ മരിച്ചയാളുടെ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.