play-sharp-fill
കോഴിയുടെ തൂവല്‍ പറിച്ചതും കഷ്ണങ്ങളാക്കിയതും ജീവനോടെ തന്നെ; വൈറലായ ഇറച്ചിവെട്ടുകാരനെ  പൊലീസ് പിടികൂടി

കോഴിയുടെ തൂവല്‍ പറിച്ചതും കഷ്ണങ്ങളാക്കിയതും ജീവനോടെ തന്നെ; വൈറലായ ഇറച്ചിവെട്ടുകാരനെ പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജീവനുള്ള കോഴിയുടെ തൂവല്‍ പറിക്കുകയും ജീവനോടെ തന്നെ കഷ്ണങ്ങളാക്കുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി .


തമിഴ്നാട് കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കോഴി കടയിലെ അറവുകാരന്‍ അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു(36) ആണ് കൊല്ലങ്കോട് പൊലീസിൻ്റെ പിടിയിലായത്. ഇയാള്‍ ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങളും കശാപ്പ് ചെയ്യുന്ന ദൃശ്യങ്ങളും അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി എന്ന് കൊല്ലങ്കോട് ഇന്‍സ്പെക്ടര്‍ അന്തോണിയമ്മ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറച്ചി വാങ്ങാന്‍ വന്ന യുവാവാണ് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സാധാരണ തല അറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ച്‌ കഷണങ്ങളാക്കുന്നത്. എന്നാല്‍ ജീവനോടെ കോഴിയെ കൊല്ലുന്നത് ആസ്വദിക്കുന്ന മനുവിനെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.

തൊലിയുരിച്ച്‌ കാലും ചിറകും അറുത്ത് മാറ്റിയ ശേഷം ഒടുവിലാണ് കഴുത്ത് അറുത്ത് മാറ്റിയത്. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി സംഭവത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരുന്നു. ഈ മേഖലയിലെ മാന്യമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കച്ചവടക്കാരുണ്ട്. അവരുടെ മുഖത്ത് കരി വാരിത്തേക്കുന്ന രീതിയിലുള്ള നീചപ്രവര്‍ത്തിയെ ശക്തിയുക്തം അപലപിക്കുന്നുവെന്ന് ചിക്കന്‍ വ്യാപാര സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

സംഭവത്തില്‍ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിയമത്തിന്റെ മുന്നില്‍ ഇയാളെ എത്തിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. മാന്യമായി വ്യാപാരം നടത്തുന്ന ചെറുകിട‌ വ്യാപാരികളെ അപകീര്‍ത്തിപ്പെടുത്തുന്നവയാണ് ഇത്തരം സംഭവങ്ങളെന്നും പ്രസ്താവനയില്‍ പറഞ്ഞു.