ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപവും മൊഴിപ്പകര്‍പ്പുകളും കോടതിയില്‍ ഹാജാരാക്കാതിരിക്കാനുള്ള സാധ്യതകൾ തേടി സര്‍ക്കാര്‍; വിഷയത്തില്‍ വിദഗ്ധ നിയമോപദേശം തേടും; വ്യക്തിപരമായ വിവരങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് കോടതിയിലെത്തുന്നതില്‍ സര്‍ക്കാരിന് ആശങ്ക, ഉന്നതവ്യക്തികളുടെ പേരില്ലെന്ന സജി ചെറിയാന്റെ വാക്കുകളിൽ വമ്പൻ സ്രാവുകൾക്ക് ആശ്വാസം
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപവും മൊഴിപ്പകര്‍പ്പുകളും കോടതിയില്‍ ഹാജാരാക്കാതിരിക്കാനുള്ള സാധ്യതകൾ തേടി സര്‍ക്കാര്‍. വിഷയത്തില്‍ വിദഗ്ധ നിയമോപദേശം തേടും. ഡല്‍ഹിയിലുള്ള വിദഗ്ധരുമായും കൂടിയാലോചന നടത്തും.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയുള്ള ഉയര്‍ന്ന ആരോപണം സര്‍ക്കാരിനേയും വെട്ടിലാക്കി. ഈ സാഹചര്യത്തില്‍ ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തു വരുന്നത് കടുത്ത വെല്ലുവിളിയാകുമോ എന്ന സംശയം സര്‍ക്കാരിനുണ്ട്. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപവും അനുബന്ധരേഖകളും പുറത്തുവരുന്നത് ചില കേന്ദ്രങ്ങള്‍ക്ക് ആശങ്കയായി മാറിയിട്ടുണ്ട്.
എല്ലാം ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത് അതിനിര്‍ണ്ണായകമാണ്. വ്യക്തിപരമായ വിവരങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് കോടതിയിലെത്തുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാതലത്തിലുമുള്ള നിയമപരമായ പരിശോധന നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരകള്‍ പരാതി നല്‍കിയാല്‍ മാത്രമേ കേസെടുക്കാന്‍ കഴിയൂവെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നും മറ്റൊരു പരാമര്‍ശമുണ്ടായാല്‍ പിണറായിയ്ക്കും തിരിച്ചടിയാണ്. ഇതും സര്‍ക്കാര്‍ കണക്കിലെടുക്കുന്നുണ്ട്. വിധിയുടെ പകര്‍പ്പ് കിട്ടിയാല്‍ കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാനാണ് സാംസ്‌കാരികവകുപ്പ് സെക്രട്ടറിക്ക് സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക നിര്‍ദേശം.
അപ്പോഴും അനൗദ്യോഗിക അന്വേഷണവും നിയമോപദേശം തേടലും തുടരും. പൊതു സമൂഹത്തില്‍ ചര്‍ച്ചയാകാതിരിക്കാനുള്ള കരുതലും എല്ലാ വിഷയത്തിലും എടുക്കും. രഞ്ജിത്തിനെ അടക്കം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൈവിടില്ല. ഹേമാ റിപ്പോര്‍ട്ടിന്റെ പുറത്തുവരാത്ത ഭാഗത്തും മൊഴികളിലും വ്യക്തികളുടെ പേരുണ്ടാകാന്‍ സാധ്യതയുണ്ട്.
എന്നാല്‍, ഉന്നതവ്യക്തികളുടെയൊന്നും പേര് വായിച്ചിട്ടില്ലെന്നാണ് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. ഇത് സിനിമയിലെ വമ്പന്‍ സ്രാവുകള്‍ക്ക് ആശ്വാസമാണ്. നിയമവകുപ്പില്‍ അനൗദ്യോഗിക പരിശോധനയ്ക്ക് റിപ്പോര്‍ട്ട് എത്തിയപ്പോഴും മൊഴിപ്പകര്‍പ്പ് ഉണ്ടായിരുന്നില്ല. ഇത് സാംസ്‌കാരികവകുപ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.
ഈ മൊഴി പകര്‍പ്പ് സര്‍ക്കാരിന്റെ കൈയ്യില്‍ ഇല്ലെന്നാണ് മുന്‍ സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ നേരത്തെ പ്രതികരിച്ചത്. ഇതെല്ലാം ഉന്നതരുമായി ബന്ധപ്പെട്ട പരാമര്‍ശം പുറത്തുവന്നാലുണ്ടാകുന്ന പ്രത്യാഘാതം സര്‍ക്കാര്‍ തിരിച്ചറിയുന്നതിന് തെളിവാണ്. എന്നാല്‍, കോടതിവിധി പാലിച്ചില്ലെന്ന വിമര്‍ശനം കേള്‍ക്കാന്‍ അവസരമൊരുക്കരുതെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.
എല്ലാം കോടതി പറയുന്നതിനനുസരിച്ച് എന്നാണ് സര്‍ക്കാര്‍ പരസ്യമായി പറയുന്നത്. റിപ്പോര്‍ട്ടിനുപുറമേ മൊഴിപ്പകര്‍പ്പുകളും അനുബന്ധരേഖകളുമുള്ള രണ്ടു കെട്ടുകളാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി മുഖ്യമന്ത്രിക്കു നല്‍കിയിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് സാംസ്‌കാരികവകുപ്പിനു കൈമാറി. വ്യക്തിപരമായ വിവരങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന നിലപാട് തുടക്കത്തില്‍ത്തന്നെ സ്വീകരിച്ച സര്‍ക്കാര്‍ സിനിമാമേഖലയിലെ സംഘടനാപ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗങ്ങളും നടത്തിയിരുന്നു.
അതിനിടെ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും കമ്മിഷനില്‍ ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ മലയാള സിനിമാ വ്യവസായ മേഖലയില്‍ നടക്കുന്നത് വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ജൂഡീഷ്യല്‍ അംഗം കെ. ബൈജൂനാഥ് പ്രതികരിച്ചിട്ടുണ്ട്.
ഇവ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും കമ്മിറ്റി റിപ്പോര്‍ട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളേക്കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണം. സെപ്റ്റംബറില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂര്‍ സ്വദേശി വി. ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഈ നടപടിയും സര്‍ക്കാരിന് തിരിച്ചടിയാണ്.