സഞ്ജയ് ഗാന്ധി മുതൽ ബിപിൻ റാവത്ത് വരെ; ആകാശദുരന്തത്തിൽ കത്തിയമർന്ന താരപ്രഭകൾ; ദുരന്തത്തിന്റെ ഒർമ്മകളിൽ രാജശേഖര റെഡ്ഡി ഉൾപ്പെടുന്ന രാഷ്ട്രീയ ലേകം; ആകാശപാതകൾ നല്കിയ കണ്ണീരോർമ്മയുടെ ഞെട്ടലിൽ രാജ്യം
സ്വന്തം ലേഖകൻ
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വിയോഗത്തിലൂടെ രാജ്യം വീണ്ടുമൊരു ആകാശ ദുരന്തത്തിന്റെ ഞെട്ടലിലാണ്.നിരവധി പേരുടെ ജീവനെടുത്ത ചരിത്രവും ആകാശയാത്രകള്‍ക്ക് പറയാനുണ്ട്.
രാഷ്ട്രീയ നേതാക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഹെലികോപ്റ്ററുകളും ചെറുവിമാനങ്ങളും രാജ്യത്തെ നിരവധി തവണ കണ്ണീരിലാഴ്ത്തിയ ചരിത്രമുണ്ട്. സഞ്ജയ് ഗാന്ധി മുതല്‍ തെന്നിന്ത്യന്‍ നടി സൗന്ദര്യയുൾപ്പെടെ ഇപ്പോള്‍ ജനറല്‍ ബിപിന്‍ റാവത്തിലെത്തി നില്ക്കുന്നു. അനേകം പ്രമുഖരാണ് ഇതിനോടകം രാജ്യത്ത് ആകാശ ദുരന്തങ്ങളിൽ കൊല്ലപ്പെട്ടത്. കരിപ്പുര്‍ വിമാനദുരന്തത്തിലൂടെ ആ വേദന അടുത്തകാലത്ത് കേരളവും അറിഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഞ്ജയ് ഗാന്ധി
കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് ഇന്ധിരാഗാന്ധിയുടെ പിന്തുടര്ച്ചക്കാരനായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വ്യക്തിയാണ് സഞ്ജയ് ഗാന്ധി. ഒരു വിമാനാപകടത്തെതുടർന്ന് 1980ലാണ് സഞ്ജയ് ഗാന്ധി അന്തരിച്ചത്. ഡല്‍ഹി ഫ്ളെയിംഗ് ക്ലബ്ബിന്റെ പുതിയ വിമാനം പറത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീഴുകയായിരുന്നു.
സുരേന്ദ്ര നാഥ്
1994-ൽ ചണ്ഡീഗഡിൽ നിന്നും കുളുവിലേക്ക് സഞ്ചരിക്കവെ‘സൂപ്പര്‍ കിംഗ്’ വിമാനം മലയിലിടിച്ചാണ് പഞ്ചാബ് ഗവർണറായിരുന്ന സുരേന്ദ്രനാഥും ഒൻപത് കുടുബാംഗങ്ങളും മരിച്ചത്. മോശം കാലാവസ്ഥയായിരുന്നു അപകടകാരണം..
മാധവറാവു സിന്ധ്യ
2001-ൽ നടന്ന വിമാനാപകടത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ റെയിൽ വേ മന്ത്രിയുമായിരുന്നു മാധവ്റാവു സിന്ധ്യ കൊല്ലപ്പെട്ടു. ഒമ്പത് തവണ ലോക് സഭയിൽ അംഗമായിട്ടുണ്ട്. ഒരു റാലിയെ അഭിസംബോധന ചെയ്യാൻ കാൺപൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ അദ്ദേഹത്തിന്റെ മകനാണ്.
ജിഎംസി ബാലയോഗി
2002ൽ ആന്ധ്രാപ്രദേശിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ലോക്സഭാ സ്പീക്കറും തെലുങ്കുദേശം നേതാവുമായ ജിഎംസി ബാലയോഗി മരണപ്പെട്ടു. പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമവാരത്ത് നിന്ന് ബാലയോഗി സഞ്ചരിച്ച സ്വകാര്യ ഹെലികോപ്റ്റര്‍ കൃഷ്ണ ജില്ലയിലെ കൈകലൂരിനടുത്തുള്ള മത്സ്യക്കുളത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു.
സൗന്ദര്യ
2004 ഏപ്രിൽ 17 ന് ബെംഗളുരുവിലുണ്ടായ ഒരു വിമാന അപകടത്തിലായിരുന്നു നടി സൗന്ദര്യയുടെ വിയോഗം.ചലച്ചിത്രലോകത്തിന് തീരാവേദനയാണ് ആ മരണം സമ്മാനിച്ചത്. ബെംഗളൂരുവില്‍ നിന്ന് കരിംനഗറിലേക്ക് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുമ്പോഴായിരുന്നു അപകടം.
വൈ.എസ്.രാജശേഖര റെഡ്ഡി
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയും ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചത്. 2009 സെപ്ടംബർ രണ്ടിന് ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ ഗ്രാമങ്ങളിൽ സന്ദർശനം നടത്തുവാൻ വേണ്ടിയുള്ള യാത്രയ്ക്കിടയിൽ രുദ്രകൊണ്ടയ്ക്കും റോപെന്റയ്ക്കും ഇടയിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപകടത്തിൽപെടുകയും കൊല്ലപ്പെടുകയുമായിരുന്നു. കർണൂലിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ നല്ലമല വനത്തിലെ കുന്നിൻ മുകളിൽ നിന്നായിരുന്നു മൃതദേഹം ലഭിച്ചത്. നിലവിലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന് റെഡ്ഡി മകനാണ്.
ഒ.പി ജിന്‍ഡാലും സുരേന്ദ്ര സിംഗും
2005ൽ സഹാറൻപൂരിന് സമീപം ഹെലികോപ്ടർ സാങ്കേതിക തകരാർ മൂലം തകർന്ന് വീണ് ഹരിയാനയിലെ അന്നത്തെ വൈദ്യുതി മന്ത്രിയും പ്രമുഖ വ്യവസായിയുമായ ഒ പി ജിൻഡാലും സംസ്ഥാന കൃഷി മന്ത്രി സുരേന്ദ്ര സിംഗും കൊല്ലപ്പെട്ടിരുന്നു.
ദോര്‍ജി ഖണ്ഡു
കോണ്‍ഗ്രസ് നേതാവും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദോര്‍ജി ഖണ്ഡു 2011 ഏപ്രിലിലാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. നിലവിലെ അരുണാചല്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പേമ ഖണ്ഡു മകനാണ്.
തരുണി സച്ച്ദേവ്
വെള്ളിനക്ഷത്രം, സത്യം എന്നീ സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ബാലതാരമായിരുന്നു തരുണി സച്ച്ദേവ്. 2012 മേയ് 14-ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് തരുണി മരിക്കുന്നത്. മരണസമയത്ത് 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പൊഖാരയിൽ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്ദേവും അപകടത്തിൽ കൊല്ലപ്പെട്ടു.
മുന്‍ കേന്ദ്രമന്ത്രിമാരായ മോഹന്‍ കുമാരമംഗലം, എന്‍വിഎന്‍ സോമു, അരുണാചല്‍ പ്രദേശിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ദേര നാതുങ്, മേഘാലയ മന്ത്രി സി. സാങ്മ തുടങ്ങിയവരും ആകാശദുരന്തത്തില്‍ ജീവന് പൊലിഞ്ഞവരാണ്