പേമാരിയിൽ വിറച്ച് ഇടുക്കി; വിവധയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും; മൂന്നാർ രാജമലയിലെ ഉരുൾ പൊട്ടലിൽ നാല് പേർ മരിച്ചു; നിരവധി ആളുകൾ മണ്ണിനടിയിൽ കുടുങ്ങിയതായി സൂചന; പെരിയവര പാലം തകർന്നതിനാൽ രാജമലയിൽ എത്താൻ സാധിക്കാതെ രക്ഷാ പ്രവർത്തകർ; രക്ഷാ പ്രവർത്തനത്തിനായി വ്യോമ സേനയുടെ ഹെലികോപ്റ്ററുകൾ ആവശ്യപ്പെട്ട് സംസ്ഥാനം

പേമാരിയിൽ വിറച്ച് ഇടുക്കി; വിവധയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും; മൂന്നാർ രാജമലയിലെ ഉരുൾ പൊട്ടലിൽ നാല് പേർ മരിച്ചു; നിരവധി ആളുകൾ മണ്ണിനടിയിൽ കുടുങ്ങിയതായി സൂചന; പെരിയവര പാലം തകർന്നതിനാൽ രാജമലയിൽ എത്താൻ സാധിക്കാതെ രക്ഷാ പ്രവർത്തകർ; രക്ഷാ പ്രവർത്തനത്തിനായി വ്യോമ സേനയുടെ ഹെലികോപ്റ്ററുകൾ ആവശ്യപ്പെട്ട് സംസ്ഥാനം

സ്വന്തം ലേഖകൻ

ഇടുക്കി: കഴിഞ്ഞ നാല് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ 2018ലെ ജില്ലയിലെ സ്ഥിതി വീണ്ടും ഓർമ്മപ്പെടുത്തുകയാണ്. മൂന്നാർ രാജമലയിൽ ഇന്നലെ രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചതായാണ് പുറത്ത് വരുന്ന വിവരം. നിരവധിയാളുകൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. കണ്ണൻ ദേവൻ ടീ പ്ലാന്റേഷന്റെ പെട്ടി മുടി ഡിവിഷനിലെ തോട്ടം തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിലാണ് അപകടം നടന്നത്.

പ്രദേശത്തേക്ക് എത്താനായുള്ള പ്രധാന മാർ​ഗമായ പെരിയവര പാലം കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ഒലിച്ച് പോയിരുന്നു. ഇതേ തുടർന്ന് രക്ഷാ പ്രവർത്തകർക്ക് സ്ഥലത്തേക്ക് എത്തി ചേരുന്നതിന് തടസം വരുത്തി. നിലവിൽ പെരിയവരയിൽ രക്ഷാ പ്രവർത്തനത്തിനായി താത്ക്കാലിക പാത സജ്ജമാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സ്ഥലത്ത് രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. അപകടത്തിൽ പരിക്കേറ്റ 8 പേരെ മൂന്നാർ ടാറ്റ ടീ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. അടിമാലിയിൽ നിന്നും അ​ഗ്നി ശമന സേനയും പൊലീസും പ്രദേശത്തേക്ക് പുറപ്പെട്ടുട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ജീപ്പുകളിലാണ് മണ്ണിനടിയിൽ നിന്നും പുറത്തെടുത്തവരെ ആശുപത്രികളിലെത്തിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. വലിയ തോതിലുള്ള മണ്ണിടിച്ചിലാണ് ഉണ്ടായത് എന്ന് പ്രദേശവാസികൾ അറിയിച്ചു.

രക്ഷാ പ്രവർത്തനം ദുഷ്കരമായ സാഹചര്യത്തിൽ എറണാകുളത്തു നിന്നും എയർ ലിഫ്റ്റിം​ഗ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ അധികൃതർ നടപടി ആരംഭിച്ചിട്ടുണ്ട്. മൂന്നാറിലെ മണ്ണിടിച്ചിലില്‍ രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ നിർദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി എം.എം മണി പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മഴക്കെടുതികളുടെ സാഹചര്യത്തില്‍ റവന്യു മന്ത്രി അടിയന്തര യോഗം വിളിച്ചു. 11 മണിക്കാണ് ജില്ലാകലക്ടര്‍മാരുടെ യോഗം. രാജമലയിലെ മണ്ണിടിച്ചില്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

അതേസമയം രാജമലയിൽ സംഭവിച്ച മണ്ണിടിച്ചിലിന്റെ പൂർണമായ വിവരം ഇനിയും വ്യക്തമായിട്ടില്ല. രക്ഷാ പ്രവർത്തനത്തിനായി സംസ്ഥാനം വ്യോമ സേനയോട് ഹെലികോപ്റ്റർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്റർ ഉടൻ ലഭ്യമാകുമെന്ന് കരുതുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സ്ഥലത്ത് കൂടുതൽ ദുരന്ത നിവാരണ സേനയെ നിയോ​ഗിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.