48 മണിക്കൂര്‍ മഴ ; 80 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്തമഴ ; താജ്മഹല്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങള്‍ക്ക് കേടുപാടുകള്‍ ; പ്രധാന താഴികക്കുടത്തില്‍ നിന്ന് വെള്ളം ഒഴുകുന്നതായും റിപ്പോർട്ട് ; വെള്ളം ചോര്‍ന്നതിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍
സ്വന്തം ലേഖകൻ
ആഗ്ര: കഴിഞ്ഞ 48 മണിക്കൂറായി പെയ്തുകൊണ്ടിരിക്കുന്ന തുടര്‍ച്ചയായ മഴയില്‍ ആഗ്രയിലെ താജ്മഹല്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങള്‍ക്ക് കേടുപാടുകള്‍. താജ്മഹലിന്റെ പ്രധാന താഴികക്കുടത്തില്‍ നിന്ന് വെള്ളം ഒഴുകുന്നു എന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) നിരീക്ഷണത്തിന് ആളെവിട്ടു.
കനത്തമഴയും വെള്ളക്കെട്ടിനെയും തുടര്‍ന്ന് താജ്മഹലിന് സമീപത്തെ പൂന്തോട്ടങ്ങള്‍ വെള്ളത്തിനടിയിലാണ്. താഴികക്കുടത്തില്‍ നിന്നുള്ള വെള്ളം ചോര്‍ന്നതിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ പറയുന്നു. പ്രധാന ശവകുടീരത്തിനുള്ളിലും ഈര്‍പ്പം കണ്ടെത്തിയിട്ടുണ്ട്. താഴികക്കുടത്തിലെ കല്ലുകളില്‍ നേരിയ വിള്ളലുണ്ടായിരിക്കാം, ഇതാകാം ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് കരുതുന്നത്. വെള്ളം ഇറ്റുവീഴുന്ന സ്ഥലങ്ങള്‍ സ്ഥിരമായുള്ള ചോര്‍ച്ചയാണോ ഇടയ്ക്കിടെയുള്ളതാണോ എന്നാണ് പരിശോധിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഴകുറഞ്ഞാല്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താനാണ് നീക്കം. പൂന്തോട്ടം പുനഃസ്ഥാപിക്കുമെന്നും അധികൃതര്‍ പറയുന്നു. താജ്മഹലിന്റെ പ്രധാന ശവകുടീരത്തിന് മുന്നിലുള്ള സെന്‍ട്രല്‍ ടാങ്കിന് സമീപമുള്ള ഒരു പൂന്തോട്ടം കനത്ത മഴയില്‍ മുങ്ങിയതായിട്ടാണ് ടൂറിസ്റ്റുഗൈഡുകളും പറയുന്നത്. താഴികക്കുടത്തില്‍ നിന്നുള്ള വെള്ളം ഷാജഹാന്റെയും ഭാര്യ മുംതാസിന്റെയും ശവകുടീരങ്ങള്‍ ഉള്ള അറയിലും എത്തിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ആഗ്രയില്‍ വ്യാഴാഴ്ച പെയ്ത 151 മില്ലിമീറ്റര്‍ മഴ 80 വര്‍ഷത്തിനിടയിലെ ഈ പ്രദേശത്ത് പെയ്ത ഏറ്റവും ഉയര്‍ന്ന 24 മണിക്കൂര്‍ മഴയാണ്.
ആഗ്ര ഫോര്‍ട്ട്, ഫത്തേപൂര്‍ സിക്രി, ജുന്‍ജുന്‍ കാ കട്ടോറ, രാംബാഗ്, മെഹ്താബ് ബാഗ്, ചിനി കാ റൗസ, സിക്കന്ദ്രയിലെ അക്ബറിന്റെ ശവകുടീരം, റോമന്‍ കാത്തലിക് സെമിത്തേരി എന്നിവയുള്‍പ്പെടെയുള്ള മറ്റ് ചരിത്ര സ്ഥലങ്ങള്‍ക്കും കനത്ത മഴ ‘ചെറിയ നാശനഷ്ടങ്ങള്‍’ വരുത്തി. അധികാരികള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആഗ്രയുടെ അമൂല്യമായ പൈതൃക സൈറ്റുകള്‍ക്ക് കൂടുതല്‍ നാശനഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിന് അറ്റകുറ്റപ്പണികള്‍ ചെയ്യുമെന്നും പറഞ്ഞു.