ജില്ലയിൽ കനത്ത മഴ: ഈരാറ്റുപേട്ടയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ; മീനച്ചിലാർ കരകവിഞ്ഞ് ഒഴുകുന്നു: കോട്ടയം നഗരത്തിൽ ശാസ്ത്രി റോഡിൽ മരം റോഡിലേയ്ക്ക് മറിഞ്ഞു വീണു: പലയിടത്തും വൈദ്യുതിയും മുടങ്ങി
സ്വന്തം ലേഖകൻ
കോട്ടയം : രാത്രി മുഴുവൻ നിർത്താതെ പെയ്ത മഴ ജില്ലയെ ദുരിതത്തിലാക്കി. പലയിടത്തും മഴയിലും കാറ്റിലും മരങ്ങൾ മറിഞ്ഞ് വീണ് റോഡ് ഗതാഗതം പോലും തടസപ്പെട്ടു. കോട്ടയത്ത് രണ്ടിടത്താണ് ഉരുൾ പൊട്ടൽ ഉണ്ടായത്. ശാസ്ത്രി റോഡിൽ പടുകൂറ്റൻ മരം റോഡിലേയ്ക്ക് പുലർച്ചെ മൂന്ന് മണിയോടെ മറിഞ്ഞു വീണു. ശാസ്ത്രി റോഡിൽ കെ.എസ്.ഇ.ബി ഓഫിസിന് സമീപത്ത് നിൽക്കുന്ന പടുകൂറ്റൻ മരമാണ് റോഡിലേയ്ക്ക് മറിഞ്ഞത്. പകൽ സമയത്ത് നൂറ് കണക്കിന് ആളുകളും വാഹനങ്ങളും കടന്നു പോകുന്ന റോഡിലേയ്ക്കാണ് മരം കടപുഴകി വീണത്.
രാത്രിയിൽ റോഡിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. രാത്രിയിൽ തന്നെ സ്ഥലത്ത് എത്തിയ അഗ്നി രക്ഷാ സേനാ അധികൃതർ മരം വെട്ടിമാറ്റി. വൈദ്യുതി ലൈനുകൾ അടക്കം നിൽക്കുന്ന സ്ഥലത്താണ് മരം വീണത് ഇതോടെ കോട്ടയം നഗരത്തിലെ വൈദ്യുതി വിതരണം പൂർണമായും നിലച്ചു. മരം വീണതിന് സമീപത്ത് തന്നെയാണ് പെട്രോൾ പമ്പും നിരവധി സ്ഥാപനങ്ങളും ഉള്ളത്. രാത്രിയായതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ട അടുക്കത്തും , തീക്കോയി മംഗളഗിരിയിലും ഉരുൾപൊട്ടി. മീനച്ചിലാർ പല സ്ഥലത്തും കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി. ഈരാറ്റുപേട്ടയിൽ വലിയ വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു. പാലായിൽ റവന്യൂ, പോലീസ് അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. പാലാ നഗരം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. രാത്രി മുഴുവൻ തുടർന്ന ശക്തമായ മഴയെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ നാലോടെയാണ് ഈരാറ്റുപേട്ടയിൽ ഉരുൾപൊട്ടിയത്. ഇതേ തുടർന്ന് പാലാ പൊലീസ് നഗരത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി വ്യാപാരികൾക്കുൾപ്പെടെ ജാഗ്രതാ നിർദ്ദേശം നൽകി. ഇതേ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ നീക്കം ചെയ്തു.
മൂന്നാനി, കൊട്ടാമറ്റം ബസ് ടെർമിനൽ, ചെത്തിമറ്റം, മുത്താലി, പുലിയന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. മീനച്ചിലാറ്റിൽ വെള്ളം വരവ് ശക്തമായി തുടരുകയാണ്. ഏറ്റുമാനൂരിൽ എം സി റോഡിൽ വിവിധ സ്ഥലങ്ങളിൽ മരം വീണു , വണ്ടികൾ എല്ലാം അനിശ്ചിതമായി വൈകുകയാണ്.
പാലാ അട്ടിപ്പിടിക പൊള്ളന്തറയിൽ വീടിന്റെ മേൽക്കൂര തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. ഈരാറ്റുപേട്ട പനയ്ക്കപാലത്ത് മതിലിടിഞ്ഞു ബംഗാൾ സ്വദേശി ബിൽ ലാൽ ഹുസൈന് ( 22) പരിക്കേറ്റു. കുമരകം അട്ടിപ്പിടിക തൊള്ളന്തറയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണ് ഗിരീഷ് (40), ഭാര്യ രാധാദേവി (39) ,അമ്മ ജാനകി (80) എന്നിവർക്ക് പരിക്കേറ്റു.ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. പാലാ കൊട്ടാരമറ്റം മേഖലയിൽ വെള്ളം കയറി. വലിയ വാഹനങ്ങൾ മാത്രമേ ഇതുവഴിപോകുന്നള്ളു. കെ.കെ റോഡിൽ വാഹനഗതാഗതം മുണ്ടക്കയം വരെ മാത്രമാണ് ഉള്ളത്. കാറ്റിലും മഴയിലും അയ്മനം ഒന്നാം വാർഡിൽ കരീമഠത്തിൽ, തമ്പാൻ വി. കെ വട്ടത്തിൽ, ചീപ്പുങ്കൽ എന്നയാളുടെ വീടിന്റെ ഷീറ്റ് പറന്നു പോയി. വീടിന് സമീപം നിന്ന മരം വീണു. വീട് ഭാഗികമായി തകർന്നു.
ജില്ലയിൽ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി 29 കുടുംബങ്ങളിലെ 114 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. മീനച്ചിൽ താലൂക്കിലെ വെള്ളാപ്പള്ളി വില്ലേജിലെ ഏഴാച്ചേരി എൽ പി സ്കൂളിലെ ക്യാമ്പിൽ മൂന്ന് കുടുംബങ്ങളിലെ 13 അംഗങ്ങളാണ് ഉള്ളത്.
കോട്ടയം താലൂക്കിലെ പെരുമ്പായിക്കാട് വില്ലേജ് പരിധിയിൽ സംക്രാന്തി എസ് എൻ എൽ പിസ്കുളിലെ ക്വാസിലും 3 കുടുംബത്തിലെ 13 അംഗങ്ങൾ ഉണ്ട്.
കാഞ്ഞിരപ്പിള്ളി താലൂക്കിലെ മുണ്ടക്കയം വില്ലേജിലുള്ള സി എം എസ് എൽ പി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ 20 കുടുബങ്ങളിലെ 78 അംഗങ്ങളുണ്ട്. മീനച്ചിൽ താലൂക്കിലെ പുലിയന്നൂർ വില്ലേജിലെ മുത്തോലി സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഒരു കുടുംബത്തിലെ നാല് അംഗങ്ങളാണ് ഉള്ളത്. കോട്ടയം താലൂക്കിലെ അയർക്കുന്നം വില്ലേജിലുള്ള പുന്നത്തുറ സെന്റ് ജോസഫ് ഹൈസ്കൂളിലെ ക്യാമ്പിൽ രണ്ട് കുടുംബങ്ങളിലെ ആറ് അംഗങ്ങളും ഉണ്ട്.