play-sharp-fill
24 മണിക്കൂറിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത: നെടുമ്പാശേരി വിമാനത്താവളം വെള്ളത്തിൽ മുങ്ങി: കോട്ടയത്ത് മന്ത്രി തിലോത്തമന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

24 മണിക്കൂറിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത: നെടുമ്പാശേരി വിമാനത്താവളം വെള്ളത്തിൽ മുങ്ങി: കോട്ടയത്ത് മന്ത്രി തിലോത്തമന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിൽ വ്യാപകമായി അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴ ലഭിക്കുവാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനിടെ റണ്‍വെയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നുമണി വരെ അടച്ചിട്ടു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തന മേഖലയുടെ 60 ശതമാനവും നിലവില്‍ വെള്ളത്തിനടിയിലാണ്. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.തുടർന്ന് മന്ത്രി ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.


വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ചരക്കു കയറ്റുന്ന ഭാഗം, ഫയര്‍ സ്റ്റേഷന്‍, ടാക്സി വേ തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. ടെര്‍മിനല്‍ കെട്ടിടത്തിനുള്ളില്‍ വെള്ളം കയറിയിട്ടില്ല. വിവിധ വിമാനക്കമ്പനികളുടെ ഏഴ് വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിനിടെ വിമാനത്താവളത്തിന്റെ മതില്‍ പൊളിഞ്ഞു വെള്ളം കുഴിപ്പള്ളം ഭാഗത്തേയ്ക്ക് ഒഴുകുകയാണ്. വിമാനത്താവളത്തിനുള്ളില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റി.
റണ്‍വേയില്‍ വെള്ളം കയറിയ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തിയത്. അര്‍ധരാത്രിയോടെ പ്രവര്‍ത്തനം പുനസ്ഥാപിക്കാനായിരുന്നു ആദ്യ ശ്രമമെങ്കിലും റണ്‍വേയില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ കഴിയാതെ വന്നതോടെ വെള്ളിയാഴ്ച രാവിലെ ഒമ്പതു മണി വരെ വിമാനത്താവളം അടയ്ക്കാന്‍ തീരുമാനിച്ചു.
മഴയ്ക്കു ശമനമില്ലാത്തതും ജലനിരപ്പ് ഉയര്‍ന്നതും കണക്കിലെടുത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഞായറാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മോട്ടോര്‍ ഉപയോഗിച്ച്‌ വെള്ളം പമ്പു ചെയ്തു പുറത്തു കളയാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്.
സംസ്ഥാനത്ത് വെള്ളിയാഴ്ച പകൽ സമയത്ത് ഇടിമിന്നലോട് കൂടി പെയ്യുന്ന അതിശക്തമായ മഴയുടെ ശക്തി രാത്രിയോട് കൂടി കുറഞ്ഞുവരാനുള്ള സാധ്യതയാണുള്ളത്. ശക്തി കുറഞ്ഞാലും മലയോര മേഖലയിൽ മഴ കേന്ദ്രീകരിക്കാനാണ് സാധ്യത. ഉത്തരേന്ത്യയിലൂടെ ഗുജറാത്തിലേക്ക് നീങ്ങുന്ന ന്യൂനമർദം ശക്തി കുറഞ്ഞു വരുന്നു. വടക്കൻ കേരളത്തിൽ അതിശക്തമായ കാറ്റിനും മഴക്കുമുള്ള സാധ്യത നിലനിൽക്കുന്നു. പകൽ സമയത്ത് തെക്കൻ ജില്ലകളിലും മഴ ശക്തമാകാനുള്ള സാധ്യതയാണുള്ളത്. സംസ്ഥാനത്തുടനീളം ശക്തമായ കാറ്റ് തുടരും. കടൽ പ്രക്ഷുബ്ധമാകുവാനും ഉയർന്ന തിരമാലക്കുമുള്ള സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല തിരിച്ചുള്ള വിവരങ്ങൾ

കാസർഗോഡ്, കണ്ണൂർ,

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. പകൽസമയത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് ജില്ലയിൽ സാധ്യതയുള്ളത്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റുണ്ടായിരിക്കും.


മലപ്പുറം, കോഴിക്കോട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും റെഡ് അലെർട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 20 cm വരെ മഴ ലഭിക്കാനിടയുണ്ട്. പകൽസമയത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കാണ് ജില്ലയിൽ സാധ്യതയുള്ളത്. രാത്രിയും മഴ ശക്തമായി തന്നെ തുടരാനുള്ള സാധ്യതയുണ്ട്. ശക്തമായ കാറ്റുണ്ടായിരിക്കും.

വയനാട്

അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. വൈകുന്നേരത്തോടെ മഴയുടെ ശക്തി കുറയാനുള്ള സാധ്യതയുണ്ട്.

പാലക്കാട്

അതിശക്തമായ മഴ അടുത്ത 24 മണിക്കൂറിൽ ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതീക്ഷിക്കാം. ശക്തമായ കാറ്റുണ്ടായിരിക്കും.

തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം

ഇടിയോട് കൂടിയ ശക്തമായ മഴ രാത്രിയോട് കൂടി ശക്തി കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പത്തനംതിട്ട, ഇടുക്കി

അതിശക്തമായ മഴക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ള ജില്ലയിൽ രാത്രിയോടെ ശക്തി കുറയാനുള്ള സാധ്യതയുണ്ട്. കിഴക്കൻ മലയോര മേഖലകളിൽ വൈകുന്നേരം മഴ കേന്ദ്രീകരിക്കാനാണ് സാധ്യത.

തിരുവനന്തപുരം

ഒറ്റപ്പെട്ടിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത