play-sharp-fill
വയറിലെ വേദനകളും അസ്വസ്ഥതകളും നിസാരമായി കാണരുത്, ഉദരാര്‍ബുദങ്ങളെ തിരിച്ചറിയാം

വയറിലെ വേദനകളും അസ്വസ്ഥതകളും നിസാരമായി കാണരുത്, ഉദരാര്‍ബുദങ്ങളെ തിരിച്ചറിയാം

ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ മരണനിരക്കിനു കാരണമാകുന്ന രണ്ടാമത്തെ രോഗമാണ് അര്‍ബുദം. രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാനായി എല്ലാ വര്‍ഷവും നവംബര്‍ ഏഴിന് ദേശീയ അര്‍ബുദ അവബോധ ദിനമായി ആചരിച്ചുവരുന്നു.

കൃത്യസമയത്ത് രോഗനിര്‍ണയം നടത്തി ചികിത്സ തേടിയാല്‍ ഒരുപരിധിവരെ അര്‍ബുദത്തിന്റെ പിടിയില്‍നിന്ന് മോചനം നേടാനാകും.

ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ് അര്‍ബുദത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആഹാരപദാര്‍ഥങ്ങളിലടങ്ങിയിരിക്കുന്ന രാവസ്തുക്കള്‍, പുകയില ഉത്പന്നങ്ങളുടെ അമിത ഉപയോഗം, പുകവലി എന്നിവയും അര്‍ബുദത്തിനുള്ള കാരണങ്ങളാണ്. അര്‍ബുദ രോഗികളുടെ നിരക്കില്‍ വരുംവര്‍ഷങ്ങളില്‍ വന്‍വര്‍ധനവ് ഉണ്ടായേക്കുമെന്ന് ലോകാരോഗ്യസംഘടന അടുത്തിടെ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2050 ആകുമ്ബോഴേക്ക് 77 ശതമാനം അര്‍ബുദ കേസുകള്‍ ഉണ്ടാകുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവയില്‍തന്നെ ഉദരാര്‍ബുദ കേസുകളുടെ എണ്ണവും അവ സംബന്ധമായ മരണങ്ങളും ലോകത്താകമാനം കൂടിയതായി കഴിഞ്ഞ കുറച്ചു വര്‍ഷത്തെ കണക്കുകള്‍ കാണിക്കുന്നു. ആഗോളതലത്തില്‍ അര്‍ബുദവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 35 ശതമാനവും ദഹനനാള അര്‍ബുദങ്ങള്‍ മൂലമാണ്. അന്നനാളം, ആമാശയം, ലിവര്‍, പിത്തസഞ്ചി-പിത്തക്കുഴല്‍, പാന്‍ക്രിയാസ്, ചെറുകുടല്‍, വന്‍കുടല്‍, മലാശയം തുടങ്ങിയ അവയവങ്ങളില്‍ ഉണ്ടാകുന്ന അര്‍ബുദമാണിത്.

ആഹാര രീതിയും ജീവിതശൈലിയിലെ മാറ്റങ്ങളുമാണ് ഉദരാര്‍ബുദത്തിന്റെ പ്രധാന കാരണമായി പറയാവുന്നത്. ഉയര്‍ന്ന അളവില്‍ ഉപ്പുള്ളതും പുകയില്‍ വേവിച്ചതുമായ ആഹാരങ്ങള്‍, സംസ്‌കരിച്ച മാംസങ്ങള്‍, പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ കുറയുക, പുകവലി, മദ്യപാനം എന്നിവയും അര്‍ബുദ സാധ്യത കൂട്ടുന്നവയാണ്.

ലിവര്‍ കാന്‍സര്‍ (കരളിലെ അര്‍ബുദം)

ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ വൈറസ് രോഗങ്ങളും ഗര്‍ഭനിരോധന ഗുളികകള്‍ പോലെയുള്ള മരുന്നുകളും ലിവര്‍ കാന്‍സറിന് കാരണമാകാറുണ്ട്. സിറോസിസ് മറ്റൊരു കാരണമാണ്. മോശം ജീവിതശൈലിയും ജനിതകഘടകങ്ങളും കുടുംബചരിത്രവും രോഗം വരുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അമിത മദ്യപാനം, പുകയിലയുടെ ഉപയോഗം, ജങ്ക് ഫുഡുകളുടെയും സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും അമിത ഉപയോഗം എന്നിവ ലിവര്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും. പൊണ്ണത്തടിയും ലിവര്‍ കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു.

വയറുവേദന, വിശപ്പില്ലായ്മ, ക്രമാതീതമായി ഭാരം കുറയുക, വിട്ടുമാറാത്ത പനി, ഛര്‍ദി, അമിതമായ ക്ഷീണം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ട്യൂമര്‍ മാര്‍ക്ക റായ ആല്‍ഫാ ഫീറ്റോ പ്രോട്ടീനിന്റെ അളവ്, സ്‌കാനിങ്, ബയോപ്‌സി പരിശോധനകളിലൂടെ കരളിലെ അര്‍ബുദം കണ്ടെത്താം. തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ ലിവര്‍ കാന്‍സര്‍ ചികിത്സിച്ച്‌ മാറ്റാന്‍ കഴിയും. ശസ്ത്രക്രിയയും കരള്‍ മാറ്റിവെക്കലുമാണ് പ്രധാന ചികിത്സ.

ഈസോഫാഗല്‍ കാന്‍സര്‍ (അന്നനാളത്തിലെ അര്‍ബുദം)

മദ്യപാനികളിലും പുകവലിക്കാരിലും വരാന്‍ സാധ്യത കൂടുതലുള്ള അര്‍ബുദമാണ് അന്നനാളത്തിലെ അര്‍ബുദം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യയില്‍ അന്നനാളത്തിലെ അര്‍ബുദ ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മോശം ജീവിതശൈലി, അമിത മദ്യപാനം, പുകവലി, പൊണ്ണത്തടി, പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങളുടെ അപര്യാപ്ത ഇവയൊക്കെ രോഗകാരണമാകാറുണ്ട്. ആഹാരം ചവച്ചിറക്കാനോ വിഴുങ്ങാനോ ബുദ്ധിമുട്ട്, വേദന, നെഞ്ചെരിച്ചില്‍, നെഞ്ചിലെ സ്ഥിരമായ വേദന, ശബ്ദത്തിലെ മാറ്റം, ചുമ എന്നിവയൊക്കെ രോഗലക്ഷണങ്ങളാണ്. എന്‍ഡോസ്‌കോപ്പി, സിടി സ്‌കാന്‍ എന്നിവയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. ചികിത്സയില്‍ കീമോ/റേഡിയേഷന്‍ തെറാപ്പി, സര്‍ജറി എന്നിവയ്ക്കൊപ്പം ഒരു മള്‍ട്ടി ഡിസിപ്ലിനറി സമീപനം ഉള്‍പ്പെടുന്നു.

കോളറെക്ടല്‍ കാന്‍സര്‍ (മലാശയ അര്‍ബുദം)

ഉദരാശയ അര്‍ബുദങ്ങളില്‍ വളരെ ഗുരുതരമായതാണ് മലാശയ അര്‍ബുദം. മലാശയ ഭിത്തിയില്‍ മുന്തിരിക്കുലയുടെ ആകൃതിയില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ തടിപ്പുകളായാണ് അര്‍ബുദത്തിന്റെ തുടക്കം. പിന്നീട് ഇവ വളര്‍ന്ന് അര്‍ബുദമായി മാറുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളാണ് മലാശയ അര്‍ബുദത്തിന്റെ പ്രധാന കാരണം. അമിത മദ്യപാനം, അമിതവണ്ണം, ജങ്ക് ഫുഡുകളുടെ ഉപയോഗം, പുകവലി, വ്യായാമമില്ലായ്മ, സംസ്‌കരിച്ച മാംസവിഭവങ്ങള്‍ എന്നിവയൊക്കെ രോഗകാരണങ്ങളാണ്. അടിക്കടി അനുഭവപ്പെടുന്ന മലബന്ധം, ഡയേറിയ, മലത്തിലൂടെ രക്തം വരിക, സ്ഥരമായുള്ള വയറുവേദന, അമിതക്ഷീണം, പെട്ടെന്നുള്ള ഭാരം കുറയല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഡയഗ്‌നോസ്റ്റിക് പരിശോധനകളില്‍ കൊളോനോസ്‌കോപ്പി, സിടി/എംആര്‍ഐ സ്‌കാന്‍ എന്നിവ ഉള്‍പ്പെടുന്നു. കീമോ/റേഡിയോതെറാപ്പി, ശസ്ത്രക്രിയ എന്നിവയുടെ സംയോജനമാണ് ചികിത്സ.

പാന്‍ക്രിയാറ്റിക് അര്‍ബുദം

വയറിനു പുറകിലായി സ്ഥിതി ചെയ്യുന്ന ഒരു പ്രധാന അവയവമാണ് പാന്‍ക്രിയാസ്. ദഹനപ്രക്രിയയിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഈ അവയവം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ അവയവത്തിന്റെ പ്രത്യേക ഭാഗങ്ങളില്‍ അനിയന്ത്രിതമായി കോശങ്ങള്‍ വളരുന്ന രോഗാവസ്ഥയാണ് പാന്‍ക്രിയാറ്റിക് അര്‍ബുദം. കൃത്യസമയത്ത് രോഗനിര്‍ണയം നടത്തി ചികിത്സിച്ചില്ലെങ്കില്‍ അര്‍ബുദം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും.

പാന്‍ക്രിയാറ്റിക് അര്‍ബുദം ആദ്യഘട്ടങ്ങളില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. പലപ്പോഴും വളരെ വൈകിയാണ് രോഗം കണ്ടുപിടിക്കുന്നത്. അതിനാല്‍തന്നെ നിശബ്ദ കൊലയാളി എന്നാണ് പാന്‍ക്രിയാറ്റിക് അര്‍ബുദത്തെ പലപ്പോഴും വിളിക്കുന്നത്. പുകവലിയും അനാരോഗ്യകരമായ ജീവിതശൈലിയുമാണ് പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്റെ പ്രധാന കാരണങ്ങള്‍. തുടര്‍ച്ചയായ മഞ്ഞപ്പിത്തം, പുറംവേദന, നടുവേദന, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ശരീര ഭാരം പെട്ടെന്ന് കുറയുക, പ്രമേഹം, അമിതമായ ക്ഷീണം, തളര്‍ച്ച എന്നിവയൊക്കെ രോഗലക്ഷണങ്ങളാണ്. രക്തപരിശോധന, ട്യൂമര്‍ മാര്‍ക്കറുകള്‍, സിടി സ്‌കാന്‍ എന്നിവയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. ശസ്ത്രക്രിയയിലെ പ്രധാന ചികിത്സ.

കോളന്‍ കാന്‍സര്‍ (വന്‍കുടലിലെ അര്‍ബുദം)

അടുത്ത കാലത്തായി കണ്ടുവരുന്ന ഒന്നാണ് കുടലിനെ ബാധിക്കുന്ന കാന്‍സര്‍. കോളന്‍ കാന്‍സര്‍ വന്‍കുടലില്‍ വളരുന്ന അര്‍ബുദമാണ്. വന്‍കുടലില്‍ മലദ്വാരത്തോടു ചേര്‍ന്ന ഭാഗത്താണ് കോളന്‍ കാന്‍സര്‍ കൂടുതലായും കണ്ടു വരുന്നത്. കുടലില്‍ ചെറിയ തടുപ്പുകളായാണ് തുടങ്ങുക. പിന്നീട് പതിയെ വളര്‍ന്ന് വലിയ മുഴയായി അര്‍ബുദമായി മാറുന്നു.

മലബന്ധം, വയറിളക്കം, വേദന, മലവിസര്‍ജ്യത്തിലെ രക്തസ്രാവം, ഭാരം കുറയുക, ക്ഷീണം, രക്തക്കുറവ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. വിദഗ്ധ ചികിത്സയിലൂടെ രോഗം ഭേദമാക്കാവുന്നതാണ്. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാല്‍തന്നെ വളരെ വൈകിയാണ് പലപ്പോഴും രോഗം കണ്ടുപിടിക്കുന്നത്. എന്നാല്‍, സാധാരണ കോളനോസ്‌കോപ്പിയിലൂടെയും സ്‌കാനിലൂടെയും നേരത്തേ രോഗം കണ്ടുപിടിക്കാന്‍ സാധിക്കും. രോഗം മൂര്‍ച്ഛിച്ചശേഷമാണ് പലരിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നത്. ആദ്യഘട്ടത്തില്‍ കണ്ടുപിടിക്കുകയാണെങ്കില്‍ പൂര്‍ണമായും ചികിത്സിച്ച്‌ മാറ്റാം. ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോ തെറാപ്പി തുടങ്ങിയ പല ചികിത്സാരീതികളും ഉപയോഗിക്കാം. പ്രാരംഭ ഘട്ടത്തില്‍ ശസ്ത്രക്രിയയാണ് പ്രധാന ചികിത്സ.

ആമാശയ അര്‍ബുദം

ആമാശയത്തിന്റെ ആന്തരിക പാളിയിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് ആമാശയ അര്‍ബുദം. ആമാശയ അര്‍ബുദം സാധാരണയായി ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. അതിനാല്‍തന്നെ നേരത്തെ രോഗനിര്‍ണയം നടത്തുക ബുദ്ധിമുട്ടാണ്. ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നത് അല്ലെങ്കില്‍ അനീമിയ, വയറുവേദന, രക്തം കലര്‍ന്ന മലം, ഛര്‍ദി എന്നിവയാണ് രോഗലക്ഷണങ്ങള്‍. അപൂര്‍വം ചിലരില്‍ രക്തം കലര്‍ന്ന ഛര്‍ദിയും കറുത്തനിറത്തിലുള്ള മലവും ഉണ്ടാകാം. പുകയിലയുടെ ഉപയോഗം, ഉപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണക്രമം, ചില അണുബാധകള്‍, അള്‍സര്‍ ഇവയെല്ലാം ആമാശയ അര്‍ബുദത്തിനുള്ള കാരണങ്ങളാണ്. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ഇമ്മ്യൂണോളജി എന്നിവയെല്ലാം ആമാശയ അര്‍ബുദം ചികിത്സിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ്.

എന്‍ഡോസ്‌കോപ്പിയിലൂടെ വയറിലുണ്ടാകുന്ന അര്‍ബുദങ്ങളെ തിരിച്ചറിയാന്‍ കഴിയും. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് അനുസരിച്ച്‌ സിടി സ്‌കാന്‍ പോലെയുള്ള പരിശോധനകളിലൂടെ രോഗത്തിന്റെ ഘട്ടവും വ്യാപനവും തിരിച്ചറിയാനും സാധിക്കുന്നു. അതിനാല്‍തന്നെ രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാന്‍ കാത്തുനില്‍ക്കാതെ തുടക്കത്തില്‍ തന്നെ ആരോഗ്യ വിദഗ്ധരെ സമീപിക്കുക. അധികമായി വ്യാപിച്ചട്ടില്ലായെങ്കില്‍ ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കാന്‍ സാധിക്കും.

ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സാ രീതികളുമായി മുന്നോട്ടുപോകുന്നതുവഴി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യതകള്‍ സജീവമാക്കാം. മെഡിക്കല്‍ സയന്‍സിലെ പുരോഗതി, താക്കോല്‍ദ്വാരം, റോബോട്ടിക് സര്‍ജറികള്‍ എന്നിങ്ങനെയുള്ള പുതിയ ചികിത്സാരീതികള്‍, കാന്‍സര്‍ ചികിത്സ ഒരുപാട് മുന്നോട്ട് കൊണ്ടുപോയി. നേരത്തെ രോഗനിര്‍ണയം നടത്തുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്ന രോഗികളില്‍, ദീര്‍ഘകാല അതിജീവന നിരക്ക് കൂടുതലാണ്.