കൊവിഡ് കാലത്ത് എലിപ്പനിയും വരാം : മറ്റു പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത വേണം: ആരോഗ്യ വകുപ്പ് : പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ നിർദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
കോട്ടയം : ശക്തമായ മഴയെത്തുടര്‍ന്ന് പല മേഖലകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ കോവിഡിനു പുറമെ മലിന ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്കെതിരെയും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വര്‍ഗീസ് നിര്‍ദേശിച്ചു.
ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഡെങ്കിപനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വീടിന്‍റെ സണ്‍ ഷേഡില്‍ ഉള്‍പ്പെടെ ഒരിടത്തും വെള്ളം കെട്ടിനിന്ന് കൊതുകു വളരുന്ന സാഹചര്യമുണ്ടാകുന്നില്ലെന്ന് എല്ലാവരും ഉറപ്പാക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടുപരിസരങ്ങളിൽ വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാകുന്ന രീതിയില്‍ പാത്രങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മുട്ടത്തോട് തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിയരുത്.
റബര്‍ തോട്ടങ്ങളിൽ കൊതുകുകളുടെ ഉറവിട നശീകരണത്തിന് തോട്ടം ഉടമകൾ മുൻകൈ എടുക്കണം.കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് അതീവ ജാഗ്രത വേണ്ടതുണ്ട്.
പടിഞ്ഞാറൻ മേഖലകളിൽ ഉപരിതലത്തിലെ വെള്ളം കിണറുകളിലെ വെള്ളത്തിൽ കലർന്ന് മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങൾ പരത്തുന്ന രോഗാണുക്കള്‍ വര്‍ധിക്കാന്‍ ഇടയുണ്ട്.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും കിണറുകൾ അടിക്കടി ബ്ലീച്ചിംഗ് പൗഡർ കൊണ്ട് അണുനശീകരണം നടത്താനും ശ്രദ്ധിക്കണം.
കിണറിലെ ഓരോ 1000 ലിറ്റർ വെള്ളത്തിനും അഞ്ച് ഗ്രാം (ഒരു ടീ സ്പൂൺ) എന്ന കണക്കിൽ ബ്ലീച്ചിംഗ് പൗഡർ കലക്കി തയ്യാറാക്കിയ ലായനിയുടെ തെളിനീരാണ് കിണറുകൾ ക്ലോറിനേറ്റ് ചെയ്യാൻ ഉപയോഗിക്കേണ്ടത്.
ക്ലോറിനേറ്റ് ചെയ്തു കഴിഞ്ഞ് കുറഞ്ഞത് രണ്ടു മണിക്കൂറിനു ശേഷം മാത്രമേ കിണറ്റിലെ വെള്ളം കുടിക്കാൻ ഉപയോഗിക്കാവൂ. വൈകുന്നേരത്തെ ഉപയോഗത്തിനുള്ള വെള്ളം ശേഖരിച്ച ശേഷം കിണർ ക്ലോറിനേറ്റ് ചെയ്യുന്നതാണ് ഉചിതം. കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നതു സംബന്ധിച്ച സംശയനിവാരണത്തിന് പ്രദേശത്തെ ആശ പ്രവർത്തകരെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടണമെന്ന് ഡി.എം.ഒ നിര്‍ദേശിച്ചു.
കോവിഡ് ഇതര രോഗ വ്യാപനത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ആലോചിക്കുന്നതിന് ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ സി.കെ. ജഗദീശൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ ട്വിങ്കിൾ പ്രഭാകരൻ, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. പി.എൻ വിദ്യാധരൻ, ഡോ. ടി. അനിതകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.