play-sharp-fill
പരമ്പരാഗത വ്യവസായ മേഖല മുന്നേറ്റത്തിന്‍റെ പാതയില്‍: മന്ത്രി ഇ.പി. ജയരാജന്‍

പരമ്പരാഗത വ്യവസായ മേഖല മുന്നേറ്റത്തിന്‍റെ പാതയില്‍: മന്ത്രി ഇ.പി. ജയരാജന്‍

സ്വന്തം ലേഖകൻ

കോട്ടയം : കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തെ പരമ്പരാഗത വ്യവസായ മേഖല ശക്തമായ മുന്നേറ്റം നടത്തിയെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈക്കം ഉദയനാപുരത്ത് ആരംഭിച്ച മസ്ലിന്‍ ഖാദി ഉല്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

തൊഴില്‍ നഷ്ടവും കുറഞ്ഞ കൂലിയും നിലനിന്നിരുന്ന മേഖലയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയതിലൂടെ ധാരാളം പേര്‍ക്ക് പ്രത്യേകിച്ച് വനിതകള്‍ക്ക് തൊഴില്‍ നല്‍കാനായി. നവീകരണവും വൈവിധ്യവത്ക്കരണവും നടപ്പാക്കിയതിലൂടെ തൊഴില്‍ സാധ്യതകള്‍ ഏറി. കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനും തൊഴില്‍ സംരക്ഷണം ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലാളികളുടെ മിനിമം കൂലി വര്‍ധിപ്പിക്കുകയും ഉത്സവബത്ത 900 രൂപയില്‍ നിന്ന് 1500 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. സര്‍ക്കാര്‍ അധികാരത്തിലേറുന്ന സമയത്ത് ഖാദി മേഖലയില്‍ തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ ലഭിക്കാനുണ്ടായിരുന്ന കുടിശിക പൂര്‍ണമായി കൊടുത്തു തീര്‍ക്കുകയും തൊഴിലാളികളെ ഇ.എസ്.ഐ പരിധിയില്‍ പ്പെടുത്തുകയും ചെയ്തു.

വെള്ളൂര്‍ എച്ച്.എൻ.എല്‍ പോലെ പ്രതിസന്ധിയിലായിരുന്ന പൊതു വ്യവസായങ്ങളെയും അവിടെ തൊഴിലെടുത്തിരുന്നവരേയും സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. എച്ച്. എന്‍. എല്ലില്‍ നിന്ന് ഏറ്റെടുത്ത സ്ഥലത്ത് റബര്‍ അധിഷ്ഠിത ഉത്പന നിര്‍മ്മാണ ഫാക്ടറി ആരംഭിക്കും. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതിയിലൂടെ 26000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ വ്യവസായ വകുപ്പിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

മസ്ലിന്‍ ഖാദി തുണി നിര്‍മ്മിക്കുന്നതിന് സ്ഥാപിച്ച തറികളുടെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. സി. കെ. ആശ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മസ്ലിന്‍ ഖാദി ഉല്പാദന കേന്ദ്രത്തിനായി സ്ഥലം വിട്ടുനല്‍കിയ പി എം. ഹരി വര്‍മ്മയെ ചടങ്ങില്‍ ആദരിച്ചു. വൈക്കം നഗരസഭ കൗണ്‍സിലര്‍ എന്‍. അയ്യപ്പന്‍, ഉദയനാപുരം ഗ്രാമ പഞ്ചായത്തംഗം കെ.എസ്. സജീവ്, ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജ്ജ്, അംഗങ്ങളായ ടി.എല്‍. മാണി, ടി.വി. ബേബി,സെക്രട്ടറി ഡോ .കെ .എ രതീഷ്, ഖാദി ഡയറക്ടര്‍ എം.സുരേഷ് ബാബു, പ്രോജക്ട് ഓഫീസര്‍ കെ.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.