play-sharp-fill
ഹാരി പോട്ടറിലെ പ്രൊഫസർ, നടി മാ​ഗി സ്മിത്ത് അന്തരിച്ചു

ഹാരി പോട്ടറിലെ പ്രൊഫസർ, നടി മാ​ഗി സ്മിത്ത് അന്തരിച്ചു

സ്വന്തം ലേഖകൻ

ലണ്ടൻ: പ്രശസ്ത നടിയും ഓസ്കർ ജേതാവുമായ മാ​ഗി സ്മിത്ത് (89) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ലണ്ടനിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടി. മാഗി സ്മിത്തിന്‍റെ മക്കളായ ക്രിസ് ലാർക്കിനും ടോബി സ്റ്റീഫൻസുമാണ് നടി മരിച്ച വിവരം പ്രസ്താവനയിലൂടെ പുറം ലോകത്തെ അറിയിച്ചത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഹാരി പോട്ടർ സീരിസിലെ പ്രൊഫസർ മിനർവ മക്ഗൊനാഗൽ എന്ന റോളിലൂടെയാണ് നടി ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടത്. 2001 മുതൽ 2011 വരെ പുറത്തിറങ്ങിയ എല്ലാ ഹാരി പോട്ടർ സീരീസുകളിലും അവർ അഭിനയിച്ചിരുന്നു. ബ്രിട്ടീഷ് ചരിത്ര ടെലിവിഷൻ പരമ്പരയായ ‘ഡൗണ്ടൺ ആബി’യിലെ ഡോവേജർ കൗണ്ടസ് ഓഫ് ഗ്രാന്ഥം എന്ന കഥാപാത്രവും ശ്രദ്ധേയമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ രണ്ട് ഓസ്കർ അവാർഡും നാല് എമ്മി അവാർഡുകളുമുൾപ്പെടെ നിരവധി പുരസ്കാരങ്ങളും സ്മിത്തിനെ തേടിയെത്തി. ദ് പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി (1969) എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാ​ഗി സ്മിത്തിനെ തേടി മികച്ച നടിക്കുള്ള ആദ്യ ഓസ്കർ പുരസ്കാരമെത്തുന്നത്. കാലിഫോർണിയ സ്യൂട്ട് (1978) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടിക്കുള്ള രണ്ടാമത്തെ ഓസ്കർ അവാർഡും സ്മിത്ത് സ്വന്തമാക്കി.