ഹരിതകേരളത്തിനു മുഖമുദ്രയായി മുടിയൂർക്കര ഗവ.എൽ.പി സ്കൂൾ

ഹരിതകേരളത്തിനു മുഖമുദ്രയായി മുടിയൂർക്കര ഗവ.എൽ.പി സ്കൂൾ

സ്വന്തംലേഖകൻ

കോട്ടയം : ഹരിത വിദ്യാലയത്തിന്റെ മികച്ച മാതൃകയായി മുടിയൂർക്കര ഗവ.എൽ.പി സ്കൂൾ. കുട്ടികർഷകരും അധ്യാപകരും ഒരേ മനസോടെ കൈകോർത്തു മണ്ണിലിറങ്ങിയപ്പോൾ പ്രകൃതിയുടെ നിലനിൽപ്പിനു മുടിയൂർക്കരയിൽ നിന്നും പുതിയൊരു പച്ചത്തുരുത് ഒരുങ്ങുകയായിരുന്നു.
അറിവിന്റെ അക്ഷയ ഖനിയായ പ്രകൃതിയെ അടുത്തറിയാനും പഠിക്കാനും സംരക്ഷിക്കാനും പുതുമയാർന്ന നിരവധി പദ്ധതികളാണ് മുടിയൂർക്കര സ്കൂൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയത്.
അദ്ധ്യാപിക മേരിക്കുട്ടി സേവ്യറുടെ നേതൃത്വത്തിൽ സ്കൂളിന്റെ ഒരു ഏക്കർ ഔഷധസസ്യ തോട്ടം , കരനെൽകൃഷി, ജൈവവൈവിധ്യ പാർക്ക്, ഫലവൃക്ഷ തോട്ടം, പൂന്തോട്ടം, ജൈവപച്ചക്കറി കൃഷി, മീൻവളർത്തൽ,കരിയില പുതയിടൽ, വളപ്രയോഗം,യോഗപരിശീലനം, പേപ്പർ ബാഗ് നിർമ്മാണം, ചക്ക മഹോത്സവം, ഗപ്പി വളർത്തലും കൊതുകു നിവാരണവും,പേപ്പർ പേന വിതരണം,ജൈവപൂച്ചെട്ടികൾ തുടങ്ങി വ്യത്യസ്തവും നൂതനവുമായ നൂറുകണക്കിന് പദ്ധതികളാണ് മുടിയൂർക്കര എൽ.പി.സ്കൂളിൽ നടപ്പിലാക്കിയത്.
ഇവിടുത്തെ സസ്യങ്ങളുടെ പരിപാലനത്തിനായി അധ്യാപകർ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവരുന്ന ജൈവ വളങ്ങളാണ് ഉപയോഗിക്കുന്നത്.
ഹെഡ്മിസ്ട്രസ് സിന്ധു.കെ, അധ്യാപികമാരായ ഹണി തോമസ് , ശാലിനി ലക്ഷ്മണൻ എന്നിവരും മുടിയൂർക്കരയെ ഹരിതാഭമാക്കാൻ മുൻപന്തിയിലുണ്ട്.
അധ്യാപകർക്ക് ഒപ്പം ഇവിടുത്തെ കുരുന്നുകളാണ് ഇടവേളകളിൽ ചെടികൾ നനക്കാനും പരിപാലിക്കാനും ചുക്കാൻ പിടിക്കുന്നത്.
പാഠ പുസ്തകങ്ങൾക്ക് അപ്പുറം പ്രകൃതിയെ അറിഞ്ഞും പരിപാലിച്ചും കുട്ടികളെ വളർത്തിയെടുക്കുക എന്നതാണ് സ്കൂളിന്റെ പ്രവർത്തന ലക്ഷ്യമെന്ന് അദ്ധ്യാപിക മേരിക്കുട്ടി സേവ്യർ പറഞ്ഞു.
സ്കൂൾ പി.ടി.എ യും, കുട്ടികളുടെ മാതാപിതാക്കളും സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയാണ്.

 

മുടിയൂർക്കരയുടെ നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഔഷധ സസ്യങ്ങൾ..

ദശപുഷ്പങ്ങൾ, നൽപ്പാമരം,ദശമൂലം, ത്രിഗന്ധ,ത്രിഫല,ജനറൽ മെഡിസിൻ തുടങ്ങി അമ്പതോളം ഔഷധ സസ്യങ്ങളാണ് മുടിയൂർക്കരയിൽ നട്ടു പരിപാലിക്കുന്നത്.

കരനെൽകൃഷി..

നാലുമാസം കൊണ്ട് വിളവെടുക്കാവുന്ന ഉമാ നെൽവിത്താണ് കരനെൽകൃഷിക്ക് ഉപയോഗിച്ചത്. വിളവെടുത്ത നെല്ല് കുത്തി പച്ചരി എടുത്തു ഇവിടുത്തെ കുട്ടികൾക്ക് തന്നെ പാൽപായസം തയ്യാറാക്കി നൽകിയും അധ്യാപകർ മാതൃകയായി.

ഫലവൃക്ഷതൈകൾ നിരവധി..

റമ്പൂട്ടാൻ,മധുരനാരകം,ചാമ്പ,മുള്ളാത്ത,പ്ലാവ്,മാവ്,പേര,ലോലി,നെല്ലി തുടങ്ങി നിരവധി ഫലവൃക്ഷങ്ങളാണ് മുടിയൂർക്കരയെ സമ്പന്നമാക്കുന്നത്. കൂടാതെ സ്കൂളിലെ കുട്ടികളുടെ ജന്മദിനത്തിന് അവർ മാതാപിതാക്കളുടെ ഒപ്പം എത്തി കുട്ടിയുടെ പേരിൽ ഒരു മരം നടുന്ന രീതിയും വർഷങ്ങളായി ഇവിടെ നടപ്പിലാക്കി വരുന്നു. നടുന്ന മരത്തിൽ കുട്ടിയുടെ ജന്മദിന ദിവസവും പേരും ആലേഖനം ചെയ്യുന്നുണ്ട്.

 

ജൈവവൈവിധ്യ പാർക്ക്..

സായാഹ്നങ്ങളിൽ സമയം ചെലവിടാൻ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തു ഒരുക്കിയിരിക്കുന്ന പ്രകൃതി സൗഹൃദ പാർക്ക് ആരെയും അതിശയിപ്പിക്കുന്നതാണ്. സ്കൂളിൽ പാഴായി കിടന്ന ഓടുകൾ മിനുക്കിയെടുതാണ് അതിമനോഹരമായ പാർക്ക് ഒരുക്കിയിരിക്കുന്നത്. അതിനുള്ളിൽ മീൻകുളം, പുൽമേടുകൾ,പക്ഷികൾക്കായി കുടിവെള്ളം,പൂന്തോട്ടം,ഇരിപ്പിടം എന്നിവയും ഒരുക്കിയിരിക്കുന്നു.

പത്തു ഉത്സവങ്ങൾ..

ലോകപരിസ്ഥിതി ദിനം, മരുവത്ക്കരണ ദിനം , ഡോക്ടർദിനം, ലോക പ്രകൃതി സംരക്ഷണ ദിനം, പുനരുപയോഗ ദിനം, ദേശിയ കായികദിനം, ഓസോൺ ദിനം, ഗാന്ധിജയന്തി,ലോക ഭക്ഷ്യ ദിനം, വിദ്യാർത്ഥിദിനം തുടങ്ങിയ ദിനങ്ങൾ പത്തു ഉത്സവങ്ങളായി ആചരിച്ചാണ് മുടിയൂർക്കര സ്കൂളിൽ നിരവധി പ്രകൃതി സൗഹൃദ പദ്ധതികൾ നടപ്പിലാക്കിയത്.