ഹരിത കേരളം  സാധ്യമാക്കാൻ  വിദ്യാർത്ഥികൾ  ഒത്തുചേർന്നു

ഹരിത കേരളം സാധ്യമാക്കാൻ വിദ്യാർത്ഥികൾ ഒത്തുചേർന്നു

സ്വന്തംലേഖകൻ

കോട്ടയം: ക്ലാസ് മുറികളിലെ നാല് ചുവരുകൾക്ക് അപ്പുറം പ്രകൃതിയെ കണ്ടറിഞ്ഞു ഹരിത കേരളത്തിലേക്കു ചുവടുവെക്കാൻ കോട്ടയം സി.എം.എസ് കോളേജിലെ വിദ്യാർത്ഥികൾ ഒത്തുചേർന്നു.
പാഠപുസ്തകങ്ങളിലെ കേട്ടറിവിനേക്കാൾ നെൽകൃഷിയെ കുറിച്ച് സമഗ്രമായി പഠനം നടത്തുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ജനകീയ കൂട്ടായ്മ കൃഷിയൊരുക്കിയ പാടശേഖരങ്ങളിൽ ഇന്നലെ സന്ദർശനം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.അശോക് അലക്സ് ന്റെ നേതൃത്വത്തിൽ മുപ്പതോളം വിദ്യാർത്ഥികൾ
ഈരയിൽകടവിലെ മുപ്പായിക്കാട് ,പൂഴിക്കുന്ന്,തുരുത്തുമ്മേൽ പാടശേഖരങ്ങൾ സന്ദർശിച്ചാണ് പഠനം നടത്തിയത്.
പാടശേഖരത്തു എത്തിയ വിദ്യാർത്ഥികൾക്ക് മണ്ണിന്റെ സ്വഭാവം , കാലാവസ്ഥ , വളപ്രയോഗം ,നെല്ലിന്റെ ഗുണനിലവാരം തുടങ്ങിയവയെ കുറിച്ച് ഹരിതകേരളം മിഷൻ കോഓർഡിനേറ്റർ പി.രമേശ് , മീനച്ചിലാർ – മീനന്തറയാർ നദി പുനർസംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ എന്നിവർ ക്ലാസ് എടുത്തു. മണ്ണ്പര്യവേഷണ ഓഫീസർമാരായ ഡോ.ബിനി.കെ ,ഹണി ബാബു, ഹരിത കേരളം റിസോഴ്സ് പേഴ്സൺമാർ എന്നിവരും പങ്കെടുത്തു.
വിദ്യാർത്ഥികളുടെ പഠനത്തിന്റെ ആദ്യഘട്ടമായി ഫെബ്രുവരി 7 നു ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ പി .രമേശ് ,മണ്ണുപര്യവേഷണ ഓഫീസർ ഡോ. ബിനി എന്നിവർ വിദ്യാർത്ഥികൾക്ക് നെൽകൃഷിയുടെ സമഗ്രമേഖലകളും സംബന്ധിച്ച് ക്ലാസ്സ്‌ നൽകിയിരുന്നു. കാലാവസ്ഥ , ഭൂപ്രകൃതി, നിലമൊരുക്കൽ, വിത്ത് വിത, വള പ്രയോഗം, കള-കീട-രോഗ നിയന്ത്രണം, വിളവെടുപ്പ്, ഗുണനിലവാര നിയന്ത്രണം , സാമൂഹിക – സാമ്പത്തിക – പരിസ്ഥിതി വശങ്ങൾ എന്നിവയായിരുന്നു വിഷയം. അതിനു പിന്നാലെയാണ് പാടശേഖരം സന്ദർശിച്ചു പഠനവിധേയമാക്കിയത്.
ജില്ലാ ഹരിത കേരള മിഷൻ ആണ് വിദ്യാർത്ഥികളുടെ സന്ദർശനം പഠനം എന്നിവയ്ക്കു സൗകര്യങ്ങൾ ഒരുകിയതു.