ഭിന്നശേഷി കമ്മീഷണറേറ്റിൽ കെൽസ നിയമസഹായ ക്ലിനിക്ക്; ഇരുപത്തിയൊന്ന് തരം ഭിന്നശേഷിക്കാർക്കും സൗജന്യ നിയമസഹായം  ലഭ്യമാകും

ഭിന്നശേഷി കമ്മീഷണറേറ്റിൽ കെൽസ നിയമസഹായ ക്ലിനിക്ക്; ഇരുപത്തിയൊന്ന് തരം ഭിന്നശേഷിക്കാർക്കും സൗജന്യ നിയമസഹായം ലഭ്യമാകും

സ്വന്തം ലേഖിക

കോട്ടയം: സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ കേരള സംസ്ഥാന നിയമസഹായ അതോറിറ്റി (KeLSA) യുടെ നിയമസഹായ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു.

ഭിന്നശേഷി നിയമത്തിൽ പ്രതിപാദിക്കുന്ന 21 തരം ഭിന്നശേഷിക്കാർക്കും സൗജന്യ നിയമസഹായം ഇവിടെ ലഭ്യമാകും. സാമ്പത്തിക, സാമുദായിക, പ്രാദേശിക പിന്നോക്കാവസ്ഥയിലുള്ളവർക്കാണ്‌ കെൽസ സൗജന്യ നിയമസഹായം ലഭ്യമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർ, സ്ത്രീകൾ, കുട്ടികൾ, പട്ടികജാതി/വർഗ വിഭാഗം, മനുഷ്യക്കടത്തിലകപ്പെട്ടവർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, ദുരന്തങ്ങൾ, വർഗീയ കലാപങ്ങൾ എന്നിവയ്ക്ക് ഇരയായവർ, വ്യവസായ തൊഴിലാളികൾ, കസ്റ്റഡിയിലുള്ള പ്രതികൾ, കുറ്റവാളികളുടെ ആശ്രിതർ എന്നിവർക്കും നിയമസഹായം നൽകുന്നു.

സാമ്പത്തിക,സാമുദായിക, പ്രാദേശിക പിന്നോക്കാവസ്ഥ നിയമസഹായത്തിന് തടസ്സമാകില്ലെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 39 (എ) ഉറപ്പ് നൽകുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 1987ൽ കേന്ദ്ര സർക്കാർ ലീഗൽ സർവീസ് അതോറിറ്റി ആക്ട് പാസാക്കുകയും 1995ൽ നടപ്പാക്കുകയും ചെയ്തു.

1995 നവംബർ ഒമ്പതിന് ദേശീയതലത്തിൽ നാഷണൽ സർവീസ് അതോറിറ്റിയും സംസ്ഥാനതലത്തിൽ കേരള സ്‌റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയും നിലവിൽ വന്നു.
കുറ്റകൃത്യങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ അതോറിറ്റി നിയമബോധവൽക്കരണവും നടത്തുന്നുണ്ട്. നിർധന ജനങ്ങളെ അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്ന പ്രവർത്തനവും തുടരുന്നു.

കെൽസ ഹെൽപ് ലൈൻ: 9846700100 (24 മണിക്കൂറും പ്രവർത്തിക്കും).