ഖത്തറിലെ ലോകകപ്പ് ലക്ഷ്യമിട്ട് മലപ്പുറത്ത് ഹാഷിഷ് ശേഖരം: പെരിന്തൽമണ്ണയിൽ നിന്നും പിടിച്ചെടുത്തത് വിദേശത്തേയ്ക്കു കൊണ്ടു പോകാൻ വച്ച ഹാഷിഷ്; പ്രധാന പ്രതി പിടിയിൽ

ഖത്തറിലെ ലോകകപ്പ് ലക്ഷ്യമിട്ട് മലപ്പുറത്ത് ഹാഷിഷ് ശേഖരം: പെരിന്തൽമണ്ണയിൽ നിന്നും പിടിച്ചെടുത്തത് വിദേശത്തേയ്ക്കു കൊണ്ടു പോകാൻ വച്ച ഹാഷിഷ്; പ്രധാന പ്രതി പിടിയിൽ

ക്രൈം ഡെസ്‌ക്
മലപ്പുറം: ഖത്തിറിൽ 2022 ൽ നടക്കുന്ന ലോകകപ്പ് ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന വൻ മയക്കുമരുന്നു ശേഖരം പൊലീസ് പിടിച്ചെടുത്തു. പെരിന്തൽണ്ണയിൽ നിന്നാണ് പൊലീസ് സംഘം പിടിച്ചെടുത്തത് ഒന്നരക്കോടി രൂപ വിലവരുന്ന ഹാഷിഷ്.
മലപ്പുറം പെരിന്തൽമണ്ണയിൽ ഹാഷിഷ് ശേഖരവുമായി പിടിയിലായ കാസർകോട് സ്വദേശി മുഹമ്മദ് ആഷിഖ് (25) ലക്ഷ്യം വച്ചത് ഖത്തറിൽ നടക്കുന്ന ലോകക്കപ്പിനെത്തുന്ന വിദേശികളെയെന്ന് പൊലീസ് അന്വേഷണത്തിലാണ് കണ്ടെത്തിയത്.
വിദേശ മാർക്കറ്റിൽ ഒന്നരക്കോടി വിലമതിക്കുന്ന ഹാഷിഷാണ് പെരിന്തൽമണ്ണയിൽ നിന്ന് പിടികൂടിയത്. ഖത്തറിലേയ്ക്കു മയക്കുമരുന്ന് കയറ്റി അയക്കാൻ സംസ്ഥാനം കേന്ദ്രീകരിച്ച് വൻലോബി തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഖത്തറിൽ ലോകകപ്പിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിനായി എത്തുന്നവരിൽ ഏറെയും വിദേശകളാണ്. ഇവരെ ലക്ഷ്യമിട്ടാണ് ഖത്തറിലേയ്ക്കു മയക്കുമരുന്ന് കയറ്റി അയക്കുന്നത്.
ബംഗുളുരു, കോഴിക്കോട്, കൊച്ചി, മംഗലാപുരം വിമാനത്താവളങ്ങൾ വഴിയാണ് ലഹരി കൈമാറ്റം നടക്കുന്നത്. മൂന്ന് ലക്ഷം രൂപവരെയും വിസയും ടിക്കറ്റുമടക്കം ഇടനിലക്കാർക്ക് മയക്കുമരുന്ന് മാഫിയ നൽകുമെന്നും പോലീസ് പറയുന്നു.
എംഡിഎംഎ, ബ്രൗൺഷുഗർ, ട്രമഡോൾ ടാബ്ലറ്റ്, കഞ്ചാവ്, കെമിക്കൽ മിക്സഡ് ഹാഷിഷ് തുടങ്ങിയ വീര്യം കൂടിയ മയക്കുമരുന്നുകളാണ് കൂടുതലായി വിദേശത്തേക്ക് എത്തിക്കുന്നത്. അതേസമയം, പോലീസ് പിടിയിലായ ആഷിഖ് ഒരുമാസമായി നിരീക്ഷണത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി
മൊയ്തീൻ ജെയ്സൽ എന്ന ജെയ്സൽ മുമ്പ് ഖത്തറിൽ ജോലി ചെയ്തിരുന്ന സമയത്ത് ഖത്തറിൽ വച്ച് പരിചയപ്പെട്ട ചിലരുമായി ചേർന്ന് പിന്നീട് മയക്കുമരുന്ന് കടത്തിലേർപ്പെടുകയുമായിരുന്നെന്ന് പോലിസ് പറഞ്ഞു.
ഏജന്റുമാരെ ഉപയോഗിച്ച് കേരളത്തിലും പുറത്തുമുള്ള എയർപോർട്ടുകളിലോ പരിസരങ്ങളിലോ വച്ച് ബാഗേജുകൾ കൈമാറുകയാണ് ഇവരുടെ രീതിയെന്നും ബാഗുമായെത്തിയ കാരിയറെ തിരിച്ചറിയത്തക്ക വിവരങ്ങളൊന്നും തന്നെ സംഘത്തിലുള്ളവർ പാസഞ്ചറിന് നൽകാറില്ലെന്നും പോലിസ് പറയുന്നു.
മയക്കുമരുന്ന് കള്ളക്കടത്തിനു നേതൃത്വം നൽകുന്നത് ഇതേകേസിൽ ഖത്തറിൽ ജയിലിൽ ശിക്ഷയനുഭവിച്ചുവരുന്ന സംഘമാണ് എന്നതാണ് ഞെട്ടിക്കുന്ന വിവരം. വാട്സപ്പ്/വർച്വൽ നമ്പറുപയോഗിച്ചാണ് നാട്ടിലെ ഏജന്റുമാരെ ബന്ധപ്പെടുന്നതും ഖത്തറിലെത്തിച്ച മയക്കുമരുന്ന് കൈമാറാനായി നിർദ്ദേശിക്കുന്നതും.
ഖത്തർ ജയിലിൽ നിന്നും ഏജന്റുമാരെ പരസ്പരം ബന്ധിപ്പിക്കുന്നതും പണം കൈമാറ്റം ചെയ്യുന്നതും ഇതുവഴി ജയിലിൽ കിടന്ന് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്ന ഈ സംഘത്തിൽപെട്ടവരാണ്.
മലയാളികളും കൂടെ ശ്രീലങ്ക,നേപ്പാൾ എന്നീ രാജ്യത്തുള്ളവരുമുണ്ടെന്നും വിവരം ലഭിച്ചതായി പോലിസ് പറഞ്ഞു.
ഈ സംഘത്തിലെ മലപ്പുറം ജില്ലയിലെ ഏജന്റുമാരെ കുറിച്ച് അന്വേഷണം നടത്താൻ ജില്ലാപോലിസ് മേധാവി കൂടിയായ യു അബ്ദുൽ കരീം ഐപിഎസ് നിർദ്ദേശം നൽകിയതനുസരിച്ച് വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും എഎസ്പി അറിയിച്ചു.
പാസഞ്ചർ അറിയാതെയും ഇത്തരം സംഘത്തിന്റെ ചതിയിൽ പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും എഎസ്പി പറയുന്നു . ഏജന്റുമാർ മുഖേന ലഭിക്കുന്ന പാസഞ്ചർക്ക് പുതിയ ബാഗും വിസയും ടിക്കറ്റും ഓഫർചെയ്യുമ്പോൾ ബാഗിലൊളിപ്പിച്ച മയക്കുമരുന്ന് ഒരുപക്ഷേ ജീവിതത്തിന്റെ നല്ലൊരുപങ്കും ജയിലിൽ തീർക്കാൻ കെൽപ്പുള്ളതായിരിക്കുമെന്നും എഎസ്പി രീഷ്മ രമേശൻ അറിയിച്ചു.വ്യക്തമായി അറിയുന്നവരിൽ നിന്നോ വിശ്വസിക്കാവുന്നവരിൽ നിന്നോ മാത്രമേ ബാഗേജുകളും സ്വീകരിക്കാവൂ എന്നുകൂടി പ്രവാസികളെ ഒർമ്മപ്പടുത്തുക കൂടി ചെയ്യുന്നതായും ജില്ലാപോലിസ് മേധാവി മുഖേന ഈ കാര്യങ്ങൾ ഖത്തർ അധികൃതരെ അറിയിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും രീഷ്മ രമേശൻ അറിയിച്ചു.
പെരിന്തൽമണ്ണ സിഐ വി ബാബുരാജ്, എസ്ഐ മഞ്ചിത് ലാൽ, പ്രത്യേക അന്വേഷണ സംഘത്തിലെ ഇ ജ മുരളീധരൻ, എൻ ടി കൃഷ്ണകുമാർ, എം മനോജ്കുമാർ ,സുകുമാരൻ, ഫൈസൽ, മോഹൻദാസ് പട്ടേരിക്കളം, പ്രഫുൽ, സുജിത്ത് എന്നിവരാണ് അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത് .