ആർപ്പൂക്കര വില്ലൂന്നിയിൽ കഞ്ചാവ് ഗുണ്ടാ മാഫിയയുടെ ആക്രമണം: രണ്ട് വീടുകൾ അടിച്ച് തകർത്തു: ഡി വൈ എഫ് ഐ പ്രവർത്തകന് വെട്ടേറ്റു

ആർപ്പൂക്കര വില്ലൂന്നിയിൽ കഞ്ചാവ് ഗുണ്ടാ മാഫിയയുടെ ആക്രമണം: രണ്ട് വീടുകൾ അടിച്ച് തകർത്തു: ഡി വൈ എഫ് ഐ പ്രവർത്തകന് വെട്ടേറ്റു

ക്രൈം ഡെസ്ക്

ഗാന്ധിനഗർ : ആർപ്പൂക്കര വില്ലൂന്നിയിൽ കഞ്ചാവ് ഗുണ്ടാ മാഫിയ സംഘം രണ്ട് വീടുകൾ അടിച്ച് തകർത്തു. ആക്രമണത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകനായ ആർപ്പൂക്കര സ്വദേശി സെബിനാണ് വെട്ടേറ്റത്. ആർപ്പൂക്കര വില്ലൂന്നി പണ്ടാരക്കാല ബാബു , വാഴക്കാലായിൽ ബാബു എന്നിവരുടെ വീടുകളാണ് അക്രമി സംഘം അടിച്ച് തകർത്തത്.
ഉത്രാടത്തിന്റെ അന്ന് രാത്രിയിലും തിരുവോണദിനത്തിന് രാത്രിയിലുമായാണ് അക്രമി സംഘം ആർപ്പൂക്കരയിലും വില്ലൂന്നിയിലും അഴിഞ്ഞാടിയത്. പിടിയിലായ അക്രമി സംഘാഗങ്ങൾ എല്ലാം 20 മുതൽ 22 വയസ് വരെ മാത്രം പ്രായമുള്ളവരാണ്.
നേരത്തെ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് എതിരായി അക്രമത്തിന് ഇരയായ യുവാക്കളിൽ ചിലർ സാക്ഷി പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തെ തുടർന്ന് അക്രമി സംഘം വടിവാളും കമ്പി വടിയും അടക്കമുള്ള മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഉത്രാടരാതിയിൽ ആദ്യം ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ചു. ഇതിന്റെ പ്രതികാരമായി ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതികളിൽ ഒരാളുടെ വീടിന് നേരെ ആക്രമണം നടത്തി. തുടർന്നാണ് തിരുവോണ ദിവസം രാത്രിയിൽ പ്രതികൾ സംഘടിച്ചെത്തി രണ്ടാമത്തെ വീട് അടിച്ച് തകർത്തത്. പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകൻ സെബിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെല്ലാം എതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി ഐ അനൂപ് ജോസ് , എസ് ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ തിരുവോണ ദിവസം രാത്രിയിൽ നടത്തിയ അന്വേഷണത്തിലാണ് ഏഴ് പ്രതികളും പിടിയിലായത്.