play-sharp-fill
ഞാൻ കാശ് കൊടുത്ത് വാങ്ങിയ വണ്ടി, എനിക്ക് ഇഷ്ടം ഉള്ളത് പോലെ ഉപയോഗിക്കും: ഏറ്റുമാനൂർ കോട്ടമുറിയിൽ അടി തുടങ്ങിയത് ഇങ്ങനെ; പൊലീസിനു നേരെ പെട്രോൾ ബോംബ് എറിയുന്നതിൽ എത്തിയത് യുവാവിന്റെ ചോരത്തിളപ്പ്

ഞാൻ കാശ് കൊടുത്ത് വാങ്ങിയ വണ്ടി, എനിക്ക് ഇഷ്ടം ഉള്ളത് പോലെ ഉപയോഗിക്കും: ഏറ്റുമാനൂർ കോട്ടമുറിയിൽ അടി തുടങ്ങിയത് ഇങ്ങനെ; പൊലീസിനു നേരെ പെട്രോൾ ബോംബ് എറിയുന്നതിൽ എത്തിയത് യുവാവിന്റെ ചോരത്തിളപ്പ്

തേർഡ് ഐ ബ്യൂറോ
ഏറ്റുമാനൂർ: അതിരമ്പുഴ കോട്ടമുറിയിൽ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിയുന്നതിനിടയാക്കിയത് യുവാവിന്റെ ചോരത്തിളപ്പ്. കോട്ടമുറി റോഡിലൂടെ അമിത വേഗത്തി പാഞ്ഞ യുവാവിനെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ എന്റെ കാശ് കൊടുത്ത് ഞാൻ വാങ്ങിയ ബൈക്ക് ഇതിൽ ഞാൻ സൗകര്യമുള്ളത് പോലെ പോകുമെന്നാണ് യുവാവ് പ്രതികരിച്ചത്. തുടർന്ന് നാട്ടുകാരും യുവാവുമായി തർക്കമുണ്ടാകുകയായിരുന്നു. കഞ്ചാവ് മാഫിയ സംഘാംഗമായ യുവാവ് മടങ്ങിപ്പോയ ശേഷം തിരികെ തന്റെ ഗുണ്ടാ സംഘാംഗങ്ങളുമായി എത്തി വീട് ആക്രമിക്കുകയായിരുന്നു. ഇതിനൂ ശേഷം രണ്ടാമത്ത് എത്തി വീണ്ടും വീട് തകർക്കാനുള്ള ശ്രമമാണ് പെട്രോൾ ബോംബ് ഏറിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
കേസിൽ അറസ്റ്റിലായ കോട്ടമുറി വലിയേടത്ത് ബെന്നിയുടെ മകൻ ഡെൽവിൻ ജോസഫിനെ (21) വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ ഗുണ്ടാ സംഘാംഗമായ യുവാവ് കോട്ടമുറിയിലെ റോഡിലൂടെ അതിവേഗം ബൈക്കിൽ പായുകയായിരുന്നു. പ്രദേശ വാസികളായ നാട്ടുകാർ ഈ ബൈക്ക് തടഞ്ഞ് പതിയെ വാഹനം ഓടിക്കണമെന്ന് താക്കീത് ചെയ്തു. അതിരമ്പുഴ സ്വദേശിയായ പയസ് അടക്കമുള്ളവരാണ് ഈ യുവാവിനെ ചോദ്യം ചെയ്തത്. ഇത്തരത്തിൽ ചോദ്യം ചെയ്തതിന് പ്രതികാരം ചെയ്യാനായാണ് രാത്രി എട്ടു മണിയോടെ ഗുണ്ടാ സംഘം പയസിന്റെ വീട്ടിലെത്തി. കമ്പിവടിയും, കുരുമുളക് സ്‌പ്രേയും മാരകായുധങ്ങളുമായാണ് പ്രതികൾ വീട്ടിലേയ്ക്ക് പാഞ്ഞെത്തിയത്. തുടർന്ന് വീട് പൂർണമായും അടിച്ചു തകർത്തു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേയ്ക്കും ആദ്യത്തെ ആക്രമണം നടത്തിയ ശേഷം പ്രതികൾ സ്ഥലത്തു നിന്നും രക്ഷപെട്ടിരുന്നു.
പിന്നീട്, രാത്രി ഒന്നരയോടെയാണ് ഗുണ്ടാ സംഘം വീണ്ടും എത്തിയത്. പയസിന്റെ വീടും സമീപത്തെ ആളുകളുടെ വീടും ആക്രമിച്ച് തകർക്കുന്നതിനായാണ് പ്രതികൾ രാത്രി ഒന്നരയോടെ എത്തിയത്. പയസിന്റെ വീട്ടിലേയ്ക്കുള്ള ഇടവഴിയിലേയ്ക്ക് രണ്ടു കാറുകളിലായി ഗുണ്ടാ സംഘം കയറിയതോടെ എതിർവശത്തു നിന്നും പൊലീസ് ജീപ്പ് എത്തി. ജീപ്പ് കണ്ടതോടെ പ്രതികൾ വാഹനം പിന്നിലേയ്ക്ക് എടുക്കാൻ ശ്രമിച്ചു. ഇതോടെ വാഹനങ്ങൾ കൂട്ടിയിടിച്ചു.  ജീപ്പിൽ നിന്നും എ.എസ്.ഐ നാസർ, സിവിൽ പൊലീസ് ഓഫിസർ സാബു, ഹോം ഗാർഡ് ബെന്നി എന്നിവർ പ്രതികളെ ചോദ്യം ചെയ്യാനായി പുറത്തിറങ്ങി. പൊലീസ് അടുത്തേയ്ക്ക് വരുന്നത് കണ്ട പ്രതികൾ പുറത്തേയ്ക്കിറങ്ങിയോടി. ഒപ്പമുണ്ടായിരുന്ന ഗുണ്ടകളിൽ ഒരാൾ കയ്യിൽ കരുതിയ പെട്രോൾ ബോംബ് പൊസീസിനു നേരെ വലിച്ചെറിഞ്ഞു. പൊലീസുകാരുടെ തലയ്ക്കു മുകളിലൂടെ പറന്ന ബോംബ് വന്നു വീണ് പൊട്ടിയത് ജീപ്പിലാണ്. തലനാരിഴ വ്യത്യാസത്തിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവർക്ക് പരിക്കേൽക്കാതെ രക്ഷപെട്ടതും. അക്രമികൾ എത്തിയ വാഹനവും പത്ത് പെട്രോൾ ബോംബും, രണ്ട് വടിവാളുകളും പൊലീസ് പിടിച്ചെടുത്തു.