ജിഎസ്‌ടി നിരക്ക് വർധന; കേന്ദ്രത്തിന് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

ജിഎസ്‌ടി നിരക്ക് വർധന; കേന്ദ്രത്തിന് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കുന്ന ജി.എസ്.ടി നിരക്ക് വർദ്ധനവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു. നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന നടപടികളെ കേരളം പിന്തുണയ്ക്കില്ല. പാക്കറ്റുകളിലായി ചെറിയ അളവിൽ വിൽക്കുന്ന പലവ്യഞ്ജനങ്ങളുടെ വിലയും ഉയരുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് മുഖ്യമന്ത്രി കത്തയച്ച കാര്യം ഫെയ്‌സ്ബുക് പോസ്റ്റുവഴി അറിയിച്ചത്. ജി.എസ്.ടി നിരക്ക് സംബന്ധിച്ച കേന്ദ്രത്തിന്‍റെ വിജ്ഞാപനത്തിൽ രാജ്യത്തുടനീളം സംശയങ്ങളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ആശങ്കകൾ പരിഹരിക്കാനും ആവശ്യമായ തിരുത്തലുകൾ വരുത്താനും കേന്ദ്ര സർക്കാർ തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്നും ബാലഗോപാൽ പറഞ്ഞു.

ചില്ലറ വിൽപ്പന നടത്തുന്ന അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും 5% നികുതി ചുമത്തുന്നത് ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ടെങ്കിലും പല വിഷയങ്ങളിലും ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കത്ത്. രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ധനമന്ത്രാലയം ഇന്നലെ രാത്രി വൈകി വിശദീകരണം നൽകുകയും നിരവധി സംസ്ഥാനങ്ങൾ വിശദീകരണം തേടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group