കുസൃതി കാട്ടിയതിന് പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത; ബിസ്കറ്റ് കവര്‍ വായില്‍ തിരുകി കൊലപ്പെടുത്തി; കേസിൽ മുത്തശ്ശി അറസ്റ്റിൽ
കോയമ്പത്തൂര്‍: കുസൃതി കാട്ടിയതിന് ഒരുവയസ്സ് പ്രായമുള്ള കുഞ്ഞിൻ്റെ വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി കൊലപ്പെടുത്തി.
കേസിൽ കുട്ടിയുടെ മുത്തശ്ശി നാഗലക്ഷ്മിയെ (55) പൊലീസ് അറസ്റ്റുചെയ്തു.
കോയമ്പത്തൂര്‍ ആര്‍.എസ്. പുരത്താണ് സംഭവം. ഒരുവയസുള്ള ദുര്‍ഗേഷാണ് ശ്വാസംമുട്ടി മരിച്ചത്. പേരക്കുട്ടിയുടെ കുസൃതി കൂടിയത് സഹിക്കാന്‍ കഴിയാത്ത നാഗലക്ഷ്മി, കുട്ടിയെ മര്‍ദിക്കുകയും വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഇവരുടെ മകള്‍ നന്ദിനി ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞെത്തിയപ്പോള്‍ കുട്ടി തൊട്ടിലില്‍ ഉറങ്ങുന്നത് കണ്ടിരുന്നു. രാത്രിയായിട്ടും കുട്ടി എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് തൊട്ടിലില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ മൃതദേഹ പരിശോധനയിലാണ് കുട്ടിയുടെ കൈകാലുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ മര്‍ദിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയത്.
പൊലീസ് ചോദ്യം ചെയ്തതില്‍ തന്റെ അമ്മയാണ് കുട്ടിയെ നോക്കുന്നതെന്ന് നന്ദിനി പറഞ്ഞു. പിന്നീട് നാഗലക്ഷ്മിയെ തനിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.
കുട്ടിക്ക് താഴെ വീണു കിടക്കുന്ന എല്ലാ സാധനങ്ങളും വായിലിടുന്ന ശീലമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ച്ചയായ അസ്വസ്ഥത നാഗലക്ഷ്മി പ്രകടിപ്പിച്ചിരുന്നത്രേ. ബുധനാഴ്ച ഉച്ചയ്ക്ക് ഇത്തരത്തില്‍ കുട്ടി വായിലെന്തോ ഇട്ടതോടെ ക്ഷോഭത്തില്‍ ബിസ്‌കറ്റ് കവര്‍ കുട്ടിയുടെ വായില്‍ തിരുകി.
പിന്നീട് തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തി ഇവര്‍ മറ്റുജോലികളിലേര്‍പ്പെട്ടു. വായില്‍ കുടുങ്ങിയ പേപ്പറാണ് ശ്വാസംമുട്ടലിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്.