ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍’; 20,000 പേര്‍ക്ക് കണ്ടെത്തേണ്ടത് 7,000 കോടി രൂപ
തിരുവനന്തപുരം: മേയ് 31ന് 20,000ത്തോളം സര്‍ക്കാര്‍ ജീവനക്കാരാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.
ഇവരുടെ ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാന്‍ 7,000 കോടി രൂപയെങ്കിലും കണ്ടെത്തേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍.
ഇതിനൊപ്പം ശമ്പളം, പെന്‍ഷന്‍ എന്നിവ കൊടുത്തു തീര്‍ക്കാനും പണം വേണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്രസര്‍ക്കാരുമായുള്ള കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായാല്‍ കൂടുതല്‍ കടംവാങ്ങി പ്രതിസന്ധി മറികടക്കാമെന്നാണ് പ്രതീക്ഷ. എന്നാല്‍ കോടതിയില്‍ തിരിച്ചടി നേരിട്ടാല്‍ പ്രതിസന്ധി ഗുരുതരമാകും. ജൂണ്‍ നാലിന് വോട്ടെണ്ണുമ്ബോള്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേന്ദ്രവുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാമെന്ന പ്രതീക്ഷയും കേരള സര്‍ക്കാരിനുണ്ട്.
കഴിഞ്ഞ വര്‍ഷം മേയില്‍ സര്‍വീസില്‍ നിന്ന് പടിയിറങ്ങിയത് 11,800 ജീവനക്കാരായിരുന്നു. ഇതാണ് ഇത്തവണ വര്‍ധിച്ചത്. 2026-27 സാമ്പത്തികവര്‍ഷം വിരമിക്കുന്നവരുടെ എണ്ണം 23,714 ആയി ഉയരും. ഇത്തവണ വിരമിക്കുന്നവരുടെ ആനുകൂല്യം കൊടുത്തു തീര്‍ക്കാന്‍ 7,000 കോടി രൂപയോളം വേണം. എല്ലാവര്‍ക്കും ഒറ്റത്തവണയായി കൊടുത്തു തീര്‍ക്കാനും സാധിക്കില്ല.
മുന്‍വര്‍ഷങ്ങളിലെ പോലെ ഘട്ടംഘട്ടമായി വിരമിക്കുന്നവരുടെ ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ അതൃപ്തിക്ക് കാരണമാകുമെന്ന ഭയം സര്‍ക്കാരിനുമുണ്ട്. അതുകൊണ്ട് തന്നെ ഈ പണം എത്രയും വേഗം കൊടുത്തു തീര്‍ക്കേണ്ടതുണ്ട്.