സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ ക്ഷേമ-വികസന പ്രവര്‍ത്തനത്തിന് പദ്ധതികളുണ്ടെങ്കിലും നടപ്പിലാക്കുന്നില്ല, ബജറ്റില്‍ വകയിരുത്തുന്ന കോടികളുടെ ഫണ്ടുകള്‍ എവിടെ പോയെന്ന് ഉദ്യോഗസ്ഥർക്ക് അറിയില്ല, ആദിവാസി ഊരുകൾക്ക് കോടികള്‍ വകയിരുത്തുമ്പോഴും മരച്ചുവട്ടിലും പാറയിടുക്കില്‍ പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടിയും വന്യജീവികളോട് മല്ലടിച്ചും ജീവിക്കേണ്ട അവസ്ഥ; ഗോത്ര മേഖലയുടെ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടുകള്‍ വിനിയോഗിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കണമെന്ന് എസ്.ഡി.പി.ഐ
തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ അവസ്ഥ കരള്‍ പിളര്‍ക്കുന്നതാണെന്നും അവരുടെ ക്ഷേമ-വികസന പ്രവര്‍ത്തനത്തിനായുള്ള കോടികളുടെ ഫണ്ടുകള്‍ വിനിയോഗിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കണമെന്നും എസ്.ഡി.പി.ഐ.
ഗോത്ര മേഖലയുടെ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും അവരുടെ അവസ്ഥ അതിദയനീയമായി തുടരുന്നത് ഏറെ ദു:ഖകരമാണ്. ആദിവാസി മേഖലയുടെ സമഗ്ര വികാസത്തിനായി നിരവധി പദ്ധതികള്‍ നിലവിലുണ്ടെങ്കിലും വിവിധ വകുപ്പ് തല ഏകീകരണമില്ലാത്തതിനാല്‍ പദ്ധതികള്‍ ലക്ഷ്യത്തിലെത്തുന്നില്ലെന്ന് വകുപ്പു മന്ത്രി ഒ ആര് കേളു തന്നെ കഴിഞ്ഞ ദിവസം വയനാട് നടന്ന അവലോകന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
അര്‍ഹമായ പരിഗണന കിട്ടാതെ സമൂഹത്തിന്റെ ദുര്‍ബല വിഭാഗങ്ങള്‍ കഷ്ടതയനുഭവിക്കുകയാണെന്ന് മന്ത്രി തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളായി ബജറ്റില്‍ വകയിരുത്തുന്ന കോടികളുടെ ഫണ്ടുകള്‍ എവിടെ പോയിയെന്ന് ഇനിയെങ്കിലും വിലയിരുത്താന്‍ സര്‍ക്കാരും അധികൃതരും തയാറാവണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനത്തിനിടെ വയനാട് അട്ടമലക്കാട്ടിലെ ഒരു ആദിവാസി കുടുംബത്തിന്റെ ദയനീയമായ അവസ്ഥ ഒരു മലയാള ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗോത്രവര്‍ഗക്കാരുടെ പുനരധിവാസത്തിന് കോടികള്‍ വകയിരുത്തുമ്പോഴാണ് മരച്ചുവട്ടിലും പാറയിടുക്കില്‍ പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടിയും വന്യജീവികളോടും ഇഴജന്തുക്കളോടും മല്ലടിച്ച് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്.
പോഷകാഹാരക്കുറവ് മൂലം ഗര്‍ഭസ്ഥ ശിശുക്കളും കുട്ടികളും മരണമടയുന്ന വാര്‍ത്തകള്‍ സംസ്ഥാനത്തെ വിവിധ ഊരുകളില്‍ നിന്ന് നിത്യേനെയെന്നോണം കേള്‍ക്കുന്നു. തിമര്‍ത്തു പെയ്യുന്ന മഴയില്‍ പടുതയ്ക്കുള്ളില്‍ വസ്ത്രം പോലും ധരിക്കാനില്ലാതെ അടുപ്പില്‍ തീ കത്തിച്ച് ശരീരം ചൂടാക്കുന്ന കുരുന്നുകളുടെ ദയനീയ ചിത്രം മനസ്സിനെ മുറിവേൽപ്പിക്കുന്നതാണ്.
ആദിവാസി-ഗോത്ര ജനത അനുഭവിക്കുന്ന തീരാദുരിതത്തിന് കാരണം സര്‍ക്കാറിന്റെ അനാസ്ഥയാണ്. നാളിതുവരെയുള്ള ഫണ്ട് വിനയോഗവും പ്രവര്‍ത്തനവും വിലയിരുത്താനും അതു സംബന്ധിച്ച് ധവളപത്രമിറക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.