play-sharp-fill
സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കും ; ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നത് കൂട്ടായി ആലോചിക്കും; എഐടിയുസി

സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കും ; ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നത് കൂട്ടായി ആലോചിക്കും; എഐടിയുസി

സ്വന്തം ലേഖകൻ

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രന്‍. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നത് കൂട്ടായി ആലോചിക്കും. കോടതികള്‍ വിമര്‍ശിക്കേണ്ടത് കേന്ദ്രസര്‍ക്കാരിനെയാണെന്നും രാജേന്ദ്രന്‍ പറഞ്ഞു.


രാജ്യത്തെ ജീവനക്കാരും തൊഴിലാളികളും മഹാഭൂരിപക്ഷം പണിമുടക്കിലാണ്. എന്ത് നടപടിയുണ്ടായാലും ഇതില്‍ ഉറച്ചുനില്‍ക്കും. അത് നേരിടാനുളള ജനങ്ങളുടെ പിന്തുണ ഞങ്ങള്‍ക്കുണ്ടെന്ന് രാജേന്ദ്രന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ പണിമുടക്കിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ കുറഞ്ഞതിനെ വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തുവന്നതിന് പിന്നാലെയാണ് രാജേന്ദ്രന്റെ പ്രതികരണം.

ദേശീയ പണിമുടക്കില്‍ നിന്ന് പിന്‍മാറില്ലെന്ന് എന്‍ജിഒ യൂണിയന്‍ അറിയിച്ചു. മുന്‍കൂട്ടി നോട്ടീസ് നല്‍കിയാണ് പണിമുടക്ക് നടത്തുന്നതെന്നും എന്‍ജിഒ യൂണിയന്‍ അറിയിച്ചു. പണിമുടക്കിനെതിരായ ഹൈക്കോടതി ഉത്തരവ് നീതിപൂര്‍വമാകണമെന്ന് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

ഹൈക്കോടതി പരാമര്‍ശം പരിശോധിക്കും. ഇക്കാര്യം സംയുക്തസമരസമിതി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പണിമുടക്കു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഉത്തരവ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍വീസ് ചട്ടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്നു തന്നെ ഉത്തരവ് ഇറക്കാന്‍ ആവശ്യപ്പെട്ടു.

പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം ഹാജര്‍ നിര്‍ബന്ധമാക്കണമെന്ന് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.