പെൻഷൻ മുടങ്ങിയതിൽ ഇടുക്കിയിൽ വീണ്ടും പ്രതിഷേധം; ‘ദയാവധത്തിന് തയാറെ’ന്ന് ഭിന്നശേഷിക്കാരിയും ഭർത്താവും

പെൻഷൻ മുടങ്ങിയതിൽ ഇടുക്കിയിൽ വീണ്ടും പ്രതിഷേധം; ‘ദയാവധത്തിന് തയാറെ’ന്ന് ഭിന്നശേഷിക്കാരിയും ഭർത്താവും

അടിമാലി: പെൻഷൻ മുടങ്ങിയതിൽ ഇടുക്കി ജില്ലയിൽ വീണ്ടും പ്രതിഷേധം. ‘ദയാവധത്തിന് തയാർ’ എന്ന ബോർഡ് സ്ഥാപിച്ചാണ് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. അടിമാലി അമ്പലപ്പടിയിലാണ് സംഭവം.ഭിന്നശേഷിക്കാരിയായ ഓമനയും ഭർത്താവ് ശിവദാസുമാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദമ്പതികൾ നടത്തുന്ന പെട്ടിക്കടയുടെ മുന്നിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.കുളമാങ്കുഴി ആദിവാസി മേഖലയിൽ ഓമന-ശിവദാസ് ദമ്പതികൾക്ക് ഭൂമിയുണ്ട്. എന്നാൽ, വന്യമൃഗ ശല്യമുള്ളതിനാൽ ഈ ഭൂമിയിൽ നിന്ന് ആദായം ലഭിക്കുന്നില്ല.

വന്യമൃഗ ആക്രമണമുള്ളതിനാൽ പെട്ടിക്കടയിൽ തന്നെയാണ് ദമ്പതികൾ കഴിയുന്നത്.പെട്ടിക്കടയിലെ വരുമാനം നിലച്ചതോടെ ഇവർ സാമ്പത്തിക ബുദ്ധിമുട്ടിലായി. ജീവിത മാർഗത്തിനുള്ള ഏക ആശ്രയം സർക്കാർ നൽകുന്ന പെൻഷനായിരുന്നു. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലായെന്ന് ദമ്പതികൾ മാധ്യമങ്ങളോട് പറഞ്ഞു.