play-sharp-fill
വീട്ടുകാര്‍ ഊട്ടിയില്‍ വിനോദയാത്ര പോയി;  വീട് കുത്തിത്തുറന്ന്  33 പവനും പണവും കവര്‍ന്നു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

വീട്ടുകാര്‍ ഊട്ടിയില്‍ വിനോദയാത്ര പോയി; വീട് കുത്തിത്തുറന്ന് 33 പവനും പണവും കവര്‍ന്നു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ

പെരിന്തല്‍മണ്ണ: വീട്ടുകാര്‍ ഊട്ടിയിലേക്ക് വിനോദയാത്ര പോയി തിരിച്ചെത്തിയപ്പോഴേക്കും വീട് കുത്തിത്തുറന്ന് 33 പവന്‍ സ്വര്‍ണവും 5,000 രൂപയും വാച്ചുകളും കവര്‍ന്നു.


പെരിന്തല്‍മണ്ണ അമ്മിനിക്കാട് അങ്ങാടിക്ക് സമീപം ആലങ്ങാടന്‍ അഷ്റഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുമരിലെ അലമാരയില്‍ പഴയവസ്ത്രങ്ങളും മറ്റും വെച്ചിരുന്നതിന് അടിയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കളവു പോയത്. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അഷ്റഫും ഭാര്യയും മുതിര്‍ന്ന രണ്ടു മക്കളും ഊട്ടിയിലേക്ക് വിനോദയാത്ര പോയത്. തിങ്കളാഴ്ച രാത്രി 11 ന് തിരിച്ചെത്തുകയും ചെയ്തു.

വീടിന്റെ മുന്‍വശത്തെ രണ്ടുപാളി വാതിലിന്‍റെ ലോക്ക് കമ്പിപ്പാര ഉപയോഗിച്ച്‌ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കിടപ്പുമുറിയില്‍ ചുമരില്‍ മരനിര്‍മിത വാതിലുകളോടെയുള്ള അലമാരയിലായിരുന്നു ആഭരണങ്ങള്‍.

35 പവനാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെങ്കിലും മോഷ്ടാവ് വസ്ത്രങ്ങള്‍ വാരിവലിച്ചിടുന്നതിനിടയില്‍ ഓരോ പവനുള്ള രണ്ടു കോയിനുകള്‍ അലമാരക്ക് ഇടയില്‍ വീണു. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തു. നഷ്ടപ്പെട്ടതില്‍ 15 പവന്‍ മൂന്നാഴ്ചയോളം മുമ്പ് പുതുതായി വാങ്ങിയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു.

വീടിന് സമീപത്ത് രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന കോഫി ഹൗസും അല്‍പം മാറി വീടുകളുമുണ്ട്. മോഷണവിവരമറിഞ്ഞയുടനെ അഷ്റഫ് പെരിന്തല്‍മണ്ണ പൊലീസില്‍ വിവരമറിയിച്ചതോടെ മിനിറ്റുകള്‍ക്കകം പൊലീസ് സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു.

പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി പി.എം. സന്തോഷ്കുമാര്‍, സി.ഐ സുനില്‍പുളിക്കല്‍, എസ്.ഐ സി.കെ.നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാവിലെ മലപ്പുറത്ത് നിന്നും ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീടുകളിലും കെട്ടിടങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ച്‌ പരിശോധിക്കുകയാണ്.