ആഡംബര ജീവിതത്തിന് മോഷണം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പിടിയിൽ, മോഷണത്തിന് തിരഞ്ഞെടുക്കുന്നത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ
കൊല്ലം: ആഡംബര ജീവിതത്തിനായി ബന്ധുകളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്ന് സ്വർണം മോഷ്ടിച്ച ഇൻസ്റ്റഗ്രാം താരമായ യുവതി പിടിയിൽ. കൊല്ലം ചിതറയിൽ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്.
സെപ്റ്റംബറിൽ മുബീനയുടെ ഭർതൃ സഹോദരിയായ മുനീറയുടെ താലിമാല, വളകൾ, കൈ ചെയിനുകൾ, കമ്മലുകൾ തുടങ്ങിയവ മോഷണം പോയിരുന്നു. ഒക്ടോബർ 10നാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയ വിവരം മുനീറ അറിയുന്നത്.
തുടർന്ന് വീട്ടിലെ സിസിടീവി പരിശോധനയിൽ മുബീന സെപ്റ്റംബർ 30ന് രാവിലെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. അതുവരെ ഈ വീട്ടിൽ മറ്റാരും വന്നിട്ടുമില്ല. തുടർന്ന് മുനീറ ചിതറ പോലീസിൽ പരാതി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമാനമായ മറ്റൊരു സ്വർണ്ണ മോഷണ പരാതി ജനുവരി മാസം ചിതറ സ്റ്റേഷനിൽ മുബീനയുടെ സുഹൃത്തായ അമാനിയും പരാതി നൽകിയിരുന്നു. അമാനിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ പുതിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിക്കുന്നത്.
ആഡംബര ജീവിതം നയിച്ചിരുന്ന മുബീനയ്ക്ക് അതിനുളള സാമ്പത്തിക ശേഷി ഇല്ലെന്നു പൊലീസ് മനസിലാക്കി. ഇൻസ്റ്റഗ്രാം താരമായിരുന്ന മുബീന ഒന്നരലക്ഷം രൂപ വിലവരുന്ന ഫോണാണ് ഉപയോഗിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്നായിരുന്നു യുവതിയുടെ മൊഴി. മോഷ്ടിച്ച സ്വർണം വിറ്റ പണവും സ്വർണാഭരണങ്ങളും മുബീനയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.