play-sharp-fill
സ്വര്‍ണ്ണ കടത്ത് കേസിന്റെ വിചാരണ ബംഗളുരുവിലേക്ക് മാറ്റാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊടിച്ചത് ലക്ഷങ്ങള്‍; ഫീസായി മുതിർന്ന അഭിഭാഷകൻ കപില്‍ സിബലിന് ലഭിച്ചത് 31 ലക്ഷം; കടമെടുപ്പ് കേസില്‍ 90.50 ലക്ഷവും

സ്വര്‍ണ്ണ കടത്ത് കേസിന്റെ വിചാരണ ബംഗളുരുവിലേക്ക് മാറ്റാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊടിച്ചത് ലക്ഷങ്ങള്‍; ഫീസായി മുതിർന്ന അഭിഭാഷകൻ കപില്‍ സിബലിന് ലഭിച്ചത് 31 ലക്ഷം; കടമെടുപ്പ് കേസില്‍ 90.50 ലക്ഷവും

തിരുവനന്തപുരം: സ്വര്‍ണ്ണ കടത്ത് കേസിന്റെ വിചാരണ ബംഗളുരുവിലേക്ക് മാറ്റാതിരിക്കാന്‍ നിയമ പോരാട്ടത്തിന് ഇറങ്ങിയ സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകരുടെ ഫീസിനത്തിലടക്കം പൊടിച്ചത് ലക്ഷങ്ങള്‍.

കേസ് ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തിനെതിരെ സുപ്രീം കോടതിയില്‍ കേരളത്തിന് വേണ്ടി ഹാജരായ കപില്‍ സിബലിന് കേസില്‍ ഇതുവരെ ഫീസായി 31 ലക്ഷം നല്‍കി.

ഒരു സിറ്റിംഗിന് വാങ്ങുന്നത് 15.50 ലക്ഷം രൂപയാണ്. ഈ കേസില്‍ മെയ് 7 ന് സുപ്രീം കോടതിയില്‍ ഹാജരായതിന് കപില്‍ സിബലിന് 15.50 ലക്ഷം നവംബര്‍ 5ന് അനുവദിച്ചു. ഒക്ടോബര്‍ 10 ന് ഈ കേസില്‍ ഹാജരായതിന് 15.50 ലക്ഷം കപില്‍ സിബലിന് നേരത്തെ അനുവദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതിയില്‍ കേരളം നല്‍കിയ കേസില്‍ ഹാജരായതും കപില്‍ സിബല്‍ തന്നെയായിരുന്നു. 90. 50 ലക്ഷം രൂപ ഇതുവരെ കടമെടുപ്പ് കേസില്‍ കപില്‍ സിബലിന് ഫീസായി കൊടുത്തു. സ്വര്‍ണ്ണ കടത്ത കേസിലെ 31 ലക്ഷവും കൂടിയായതോടെ രണ്ട് കേസുകളില്‍ മാത്രം കപില്‍ സിബലിന് ഇതുവരെ ഫീസ് നല്‍കിയത് 1,21, 50,000 രൂപയാണ്. ഖജനാവ് കൊള്ളയുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.

2022 ഒക്ടോബര്‍ 1 നാണ് ഇ.ഡിയുടെ നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ബാഗേജില്‍ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തതാണ് വിവാദമായ സ്വര്‍ണ്ണ കടത്ത് കേസിന്റെ തുടക്കം. എറണാകുളത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ സെക്ഷന്‍ 164 പ്രകാരം സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് നാടകീയമായ വഴിത്തിരിവായത്.

മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പല തവണ ബിരിയാണി പാത്രങ്ങള്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടു പോയി എന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ മൊഴി മുദ്ര വച്ച കവറില്‍ സുപ്രീം കോടതിക്ക് കൈമാറാന്‍ തയ്യാറാണെന്ന് ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഇ.ഡി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നു.

സുപ്രീം കോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടായാല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകും. പിണറായി മുഖ്യമന്ത്രി കസേരയില്‍ നിന്ന് രാജി വയ്ക്കണമെന്ന ആവശ്യം ഉയരും. ഇതോടെയാണ് ഇ.ഡി യെ പ്രതിരോധിക്കാന്‍ കക്ഷി ചേരാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.കേസില്‍ തടസ ഹര്‍ജി നല്‍കിയ എം ശിവശങ്കറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് ഹാജരായത്.

സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട കള്ള പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും പോലിസും ജയില്‍ ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി സുപ്രീംകോത്രിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ പെറ്റീഷനില്‍ ഇ.ഡി കുറ്റപ്പെടുത്തിയിരുന്നു. മടിയില്‍ കനമില്ലെങ്കില്‍ ഭയക്കേണ്ട കാര്യമില്ലല്ലോ. കേരള സര്‍ക്കാരിന് ഭയം ഉള്ളത് കൊണ്ട് കപില്‍ സിബലിന് ലക്ഷങ്ങള്‍ നല്‍കി സുപ്രീം കോടതിയില്‍ ഇറക്കി.

ഇഡി ഉന്നയിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിചാരണ നടപടികള്‍ ബെംഗളൂരുവിലേക്ക് മാറ്റിയാല്‍ അത് സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തെ വിപരീതമായി ബാധിക്കുമെന്നാണ് കേരളം നല്‍കിയ അപേക്ഷയില്‍ പറയുന്നത്. ഇഡിയുടെ ആശങ്ക സാങ്കല്‍പികം മാത്രമാണ്. അനുമാനങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് ഈ നീക്കം. ഇഡിയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്.

കേരളത്തില്‍ നിന്ന് വിചാരണ നടപടികള്‍ ബെംഗളൂരുവിലേക്ക് മാറ്റിയാല്‍ സംസ്ഥാനത്തെ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കും. സംസ്ഥാന പൊലീസിന് എതിരെ ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അംഗീകരിച്ചാല്‍ പോലും വിചാരണ നടപടികള്‍ ബെംഗളൂരുവിലേക്ക് മാറ്റാന്‍ തക്കതായ കാരണമല്ലെന്നുമായിരുന്നു കേരളത്തിന്റെ വാദങ്ങള്‍.