ശരീരത്തിനകത്താക്കി സ്വര്‍ണം കൊണ്ടുവന്ന യുവാവും സംഘവും പൊലീസ് പിടിയിൽ; കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങാതെ പുറത്തെത്തിയ യുവാവിനെ പൊലീസ് പിടികൂടിയത് രഹസ്യ വിവരത്തെ തുടർന്ന്;സ്വര്‍ണം എത്തിച്ചത് നാല് ക്യാപ്സ്യൂളുകളിലാക്കി
സ്വന്തം ലേഖിക
മലപ്പുറം: വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങാതെ രക്ഷപെട്ട് പുറത്തെത്തിയ യുവാവിനെയും സംഘത്തെയും പൊലീസ് പുറത്ത് വെച്ച് പിടികൂടുകയായിരുന്നു.
സംഭവത്തില്‍ പാലക്കാട്, മണ്ണാര്‍ക്കാട് കൊടക്കാട് കളരിക്കല്‍ രമേഷ് (26), കോഴിക്കോട് കൈതപ്പോയില്‍ പഴന്തറ അബ്ദുറഹ്‌മാന്‍ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് വിമാനത്താവള പരിസരത്തുനിന്ന് ഇവരെ പിടികൂടിയത്. മസ്‌കറ്റില്‍നിന്നെത്തിയ രമേഷ് ശരീരത്തിനകത്താക്കിയാണ് സ്വര്‍ണം കൊണ്ടുവന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അബ്ദുറഹ്‌മാനും താമരശ്ശേരി സ്വദേശിയായ മറ്റൊരാളും രമേഷിനെ കൊണ്ടുപോകാനായി വിമാനത്താവളത്തിലെത്തിയതായിരുന്നു. സംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ വന്ന കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാലു കാപ്സ്യൂളുകളിലാക്കിയാണ് സ്വര്‍ണം കൊണ്ടുവന്നത്. പ്രതികളെയും സ്വര്‍ണവും കൂടുതല്‍ അന്വേഷണത്തിനു കസ്റ്റംസിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് മാഫിയയിലെ കണ്ണിയാണ് പഴന്തറ അബ്ദുറഹ്‌മാന്‍. ഇയാള്‍ പലതവണ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം കടത്തിയതായി പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി ഇന്‍സ്പെക്ടര്‍ അലവി, കരിപ്പൂര്‍ ഇന്‍സ്പെക്ടര്‍ പി. ഷിബു എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ പി. അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത് എന്നിവരും എ.എസ്.ഐ. പത്മരാജന്‍, ഹരിലാല്‍ സന്ദീപ്, അബ്ദുള്‍റഹിം, മുരളീകൃഷ്ണന്‍ എന്നിവരും ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്.