2 പെൺകുട്ടികൾ പുഴയിൽ ചാടി; ഉറ്റ സുഹൃത്തുക്കൾ, പ്രായം 18, 19 വയസ് ; കാണാതായിട്ട് ഒരു ദിവസം
സ്വന്തം ലേഖകൻ
തലശ്ശേരി: മാഹി ബൈപാസിൽ അഴിയൂർ പാത്തിക്കൽ പാലത്തിൽ നിന്നും 2 പെൺകുട്ടികൾ മാഹി പുഴയിൽ ചാടി. പ്രദേശവാസികൾ ഇവരെ രക്ഷിച്ച് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശികളാണ് പെൺകുട്ടികൾ. 18, 19 വയസ്സാണ് പ്രായം. ഉറ്റ സുഹൃത്തുക്കളായ ഇവർ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണു പുഴയിൽ ചാടിയത്.
ഇവരെ നാലാം തീയതി ഉച്ചയോടെ വീട്ടിൽ നിന്നും കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ എലത്തൂർ, ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഇതിൽ ഒരാളുടെ ഇരുചക്ര വാഹനവുമായാണ് ഇരുവരും കടന്നുകളഞ്ഞത്. ബന്ധുക്കളും നാട്ടുകാരും രാത്രി വൈകിയും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മാഹി ഭാഗത്തുണ്ടെന്ന് സൂചന ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ അഴിയൂർ പാത്തിക്കൽ പാലത്തിനു സമീപം വാഹനം നിർത്തിയ പെൺകുട്ടികൾ കയർ കൂട്ടിക്കെട്ടി പുഴയിലേക്ക് ചാടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തോണിയിൽ മീൻ പിടിക്കുകയായിരുന്ന രണ്ടു പേർ കുട്ടികൾ മുങ്ങുന്നത് കണ്ട് അടുത്തേക്കെത്തി. തോണിയിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും കയർ കെട്ടിയതിനാൽ സാധിച്ചില്ല. കത്തി ഉപയോഗിച്ച് കയർ മുറിച്ചാണ് ഇവരെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചൊക്ലി പൊലീസും പാനൂർ ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടുനിന്നും കാണാതായ രണ്ടു പെൺകുട്ടികളാണ് ഇവരെന്നു തിരിച്ചറിഞ്ഞത്. ഉടനെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികൾ അപകടനില തരണം ചെയ്തു.